തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വന്‍ സുരക്ഷാവീഴ്ച; ഡ്രഗ് ലൈസന്‍സില്ലാതെ ഫാര്‍മസികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷനായി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പരിശോധനയില്‍ ആശുപത്രി പരാജയപ്പെട്ടതായാണ് റിപോര്‍ട്ട്.
ആശുപത്രിയിലെ ഫാര്‍മസികള്‍ക്ക് നിലവില്‍ ഡ്രഗ് ലൈസന്‍സില്ല. കൂടാതെ, വേദനസംഹാരികളായി ഉപയോഗിക്കുന്ന അതീവ ജാഗ്രത വേണ്ട നര്‍കോട്ടിക് മരുന്നുകള്‍ സൂക്ഷിക്കാനും ആവശ്യമായ ലൈസന്‍സ് ആശുപത്രിക്ക് ഇല്ലെന്ന് കണ്ടെത്തി. വാക്‌സിനുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ സൂക്ഷിക്കുന്ന ഫാര്‍മസികളില്‍ താപനില നിയന്ത്രിക്കാനുള്ള കൃത്യമായ സംവിധാനങ്ങളില്ല. ഇത് മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിച്ചേക്കാം.
എക്‌സ്‌റേ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്ന റേഡിയോഗ്രഫി യൂനിറ്റിന്റെ ലൈസന്‍സ് മൂന്ന് മാസം മുമ്പ് തന്നെ അവസാനിച്ചു. ലൈസന്‍സ് പുതുക്കാതെയാണ് നിലവില്‍ ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ അണുവിമുക്തമാക്കാനുള്ള (Sterilization) സംവിധാനങ്ങള്‍ ഒട്ടും കാര്യക്ഷമമല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് അതോറിറ്റി നടത്തിയ വിശദമായ പരിശോധനയിലാണ് ഈ പോരായ്മകള്‍ കണ്ടെത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ആശുപത്രിയുടെ സുരക്ഷയെക്കുറിച്ചും സേവന നിലവാരത്തെക്കുറിച്ചും വലിയ ആശങ്കകളാണ് ഉയരുന്നത്.
A recent inspection at Trivandrum General Hospital revealed critical safety violations, including the lack of drug licenses for pharmacies, expired radiography permits, and inadequate temperature control for vaccines.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."