മക്കയിലും മദീനയിലും ലുലു ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റുകൾ വരുന്നു; കരാർ ഒപ്പിട്ട് എം.എ യൂസഫലി
ജിദ്ദ: റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. മക്കയില്‍ ബുധനാഴ്ച നടന്ന പുതിയ പദ്ധതികളുടെ കരാര്‍ ഒപ്പിടല്‍ ചടങ്ങിനുശേഷം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് പ്രഖ്യാപനം നടത്തിയത്. മക്ക ജബല്‍ ഒമറിലെ സൂഖുല്‍ ഖലീല്‍- 3 യിലാരംഭിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നിര്‍മാണം ജബല്‍ ഒമര്‍ ഡെവലപ്മെന്റ് കമ്പനിയാണ് പൂര്‍ത്തിയാക്കുക. ഹറമില്‍ നിന്ന് നടന്നെത്താവുന്ന ദൂരത്താണ് ജബല്‍ ഒമര്‍ പദ്ധതിയുടെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നത്.
ഏഴു ഘട്ടങ്ങളിലായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന ഇവിടെ നക്ഷത്രഹോട്ടലുകളും മികച്ച അപാര്‍ട്ടുമെന്റുകളും ഉയരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ സൗകര്യം ലക്ഷ്യമാക്കിയുള്ള കൂറ്റന്‍ പദ്ധതിയാണിത്. ജബല്‍ ഒമര്‍ ഡെവലപ്മെന്റ് കമ്പനി സി.ഇ.ഒ ഖാലിദ് അല്‍ അമൗദി, അല്‍ മനാഖ അര്‍ബന്‍ പ്രൊജക്ട് ഡെവലപ്മെന്റ് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ വലീദ് അഹമ്മദ് അല്‍ അഹ്‌മദി, ലുലു ഗ്രൂപ്പ് സഊദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് എന്നിവര്‍ നിര്‍ദിഷ്ട പദ്ധതികളുടെ സംയുക്ത കരാറില്‍ ഒപ്പുവച്ചു.
“ദൈവത്തിൻ്റെ അതിഥികൾക്ക് നൽകുന്ന സേവനങ്ങൾ വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ജബൽ ഒമർ പ്രോജക്റ്റിലെ ജുമൈറ ജബൽ ഒമർ ഹോട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്ന സൂഖ് അൽ ഖലീൽ 3 ൽ 'ലുലു ഹൈപ്പർമാർക്കറ്റ്' തുടങ്ങാൻ ഒരു കരാറിൽ ഒപ്പുവെച്ചതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ജബൽ ഒമർ എക്‌സിൽ എഴുതി.
سعيًا للتنويع في الخدمات المقدمة لضيوف الرحمن.
— جبل عمر | Jabal Omar (@Jabal_Omar_SA) April 1, 2024
يسرنا الإعلان عن توقيع اتفاقية مع سلسلة متاجر "لولو هايبر ماركت" في سوق الخليل ٣ المتصل بفندق جميرا جبل عمر في مشروع جبل عمر. pic.twitter.com/xBXAhtEEPX
മദീനയിലാരംഭിക്കുന്ന രണ്ടാമത്തെ ലുലു സംരംഭത്തിന് അല്‍മനാഖ അര്‍ബന്‍ പ്രൊജക്ട് ഡെവലപ്മെന്റ് കമ്പനിയാണ് നേതൃത്വം വഹിക്കുന്നത്. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതുതായി വരുന്ന റീട്ടെയില്‍ പദ്ധതികള്‍ തനിക്ക് അതിയായ ചാരിതാര്‍ഥ്യം പകരുന്നുവെന്ന് അഭിപ്രായപ്പെട്ട എം.എ യൂസഫലി, സഊദി ഭരണകൂടത്തോട് കൃതജ്ഞതയും രേഖപ്പെടുത്തി. ലുലു ഗ്രൂപ്പ് ജിദ്ദ റീജ്യനല്‍ ഡയരക്ടര്‍ റഫീഖ് മുഹമ്മദലി, മറ്റു ലുലു ഗ്രൂപ്പ് സാരഥികൾ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."