അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ സംയുക്ത പരിശോധന
കാസര്‍കോട്: ബലി പെരുന്നാളും ഓണവും അടുത്തടുത്ത ദിവസങ്ങളിലായതോടെ അനധികൃത കടത്തു തടയാന്‍ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ സംയുക്ത പരിശോധന തുടങ്ങി. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള മദ്യക്കടത്തും കഞ്ചാവ് മണല്‍ക്കടത്തും നികുതിവെട്ടിച്ചുള്ള കോഴിക്കടത്തും വര്‍ധിച്ചതിനെ തുടര്‍ന്നാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന. കാസര്‍കോട്ടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പൊലിസ്, എക്സൈസ്, വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംയുക്ത സ്ക്വാഡ് പരിശോധന നടത്തുന്നത്. ഇന്നലെ ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതിര്‍ത്തി കടന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളും സ്ക്വാഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. രണ്ടുമാസത്തിനിടെ അതിര്‍ത്തി കടന്നെത്തിയ വാഹനങ്ങളില്‍ നിന്നും വന്‍തോതിലാണ് മദ്യവും കഞ്ചാവും പിടികൂടിയത്. കര്‍ണ്ണാടക കെ.എസ്.ആര്.ടി.സി ബസുകളില്‍ നിന്നും നിരവധി തവണ മദ്യവും പിടികൂടിയിരുന്നു. ബസുകളിലും ഓട്ടോറിക്ഷകളിലും കാറുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവാഹനങ്ങളിലും മദ്യവും കഞ്ചാവും കടത്തുന്നുണ്ട്. ലക്ഷങ്ങളുടെ നികുതി വെട്ടിച്ചാണ് ആന്ധ്രയില്‍ നിന്നും മറ്റും കര്‍ണാടക വഴി കേരളത്തിലേക്ക് കോഴികളെ കടത്തുന്നത്.
പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നു മംഗളൂരുവില്‍ നിന്നും വരുന്ന പല വാഹനങ്ങളും ചെക്ക് പോസ്റ്റ് ഒഴിവാക്കിയാണ് കാസര്‍കോട്ടെത്തുന്നത്. ഇത്തരം വാഹനങ്ങളെ പിടികൂടാന്‍ വിവിധ സ്ഥലങ്ങളില്‍ പൊലിസ് പരിശോധന നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."