ബാലുശ്ശേരിയിൽ ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: വ്യവസായി അറിയാതെ നടന്നത് കോടികളുടെ ഇടപാട്; വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകളിൽ പ്രതി
ബാലുശ്ശേരി: സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലായി 14 ക്രിമിനൽ കേസുകളിൽ പ്രതിയായി കോഴിക്കോട് സ്വദേശിയായ വ്യവസായി. ബാങ്ക് ഓഫ് ബറോഡയുടെ ബാലുശ്ശേരി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയ റഷീദ് എന്ന ബിസിനസുകാരനാണ് ബാങ്കിന്റെ വീഴ്ച മൂലം നിയമക്കുരുക്കിലായിരിക്കുന്നത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ പേരാമ്പ്ര കോടതി ബാലുശ്ശേരി പൊലിസിന് നിർദ്ദേശം നൽകി.
2025 ഓഗസ്റ്റ് 16-നാണ് ബിസിനസ് ആവശ്യങ്ങൾക്കായി റഷീദ് ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ടിനായി അപേക്ഷ നൽകിയത്. ആധാർ, പാൻ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ ബാങ്കിൽ സമർപ്പിച്ചിരുന്നു. ഓഗസ്റ്റ് 30-ന് വെൽക്കം കിറ്റും എടിഎം കാർഡും അക്കൗണ്ട് ഉടമയ്ക്ക് ലഭിച്ചു. എന്നാൽ സെപ്റ്റംബർ രണ്ടിന് കാർഡ് ആക്ടിവേറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതരെ സമീപിച്ചപ്പോഴാണ് അക്കൗണ്ട് 'ഫ്രീസ്' ചെയ്ത അവസ്ഥയിലാണെന്ന് റഷീദ് അറിയുന്നത്.
അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് തന്നെ ഞെട്ടിച്ച വിവരങ്ങൾ പുറത്തുവന്നതെന്ന് റഷീദ് പറയുന്നു അക്കൗണ്ട് ആക്ടിവേറ്റ് ആകുന്നതിന് മുൻപ് തന്നെ വെറും 12 ദിവസത്തിനുള്ളിൽ രണ്ട് കോടിയോളം രൂപയുടെ ഇടപാടുകളാണ് അക്കൗണ്ടിലൂടെ നടന്നത് എന്ന് ബോധ്യപ്പെട്ടു. ഇത്രയും വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടും റഷീദിന്റെ മൊബൈലിലേക്ക് ഒരു ഒടിപി (OTP) പോലും വന്നിരുന്നില്ല എന്നതും ഞെട്ടിക്കുന്നതാണ്. ഡിസംബറിൽ ബാംഗ്ലൂർ പൊലിസിൽ നിന്ന് നോട്ടീസ് ലഭിച്ചതോടെയാണ് താൻ വലിയൊരു ചതിയിൽ അകപ്പെട്ട കാര്യം റഷീദ് തിരിച്ചറിയുന്നത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.
ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണോ ഈ തട്ടിപ്പ് നടന്നതെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. വിവരങ്ങൾ തേടിയിട്ടും ബാങ്ക് അധികൃതർ നിസ്സംഗത തുടരുകയാണ് എന്നും സുമിൻ (റഷീദിന്റെ അഭിഭാഷകൻ) പറഞ്ഞു.
ആദ്യം പൊലിസിനെയും വടകര റൂറൽ എസ്പിയെയും സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് റഷീദ് പേരാമ്പ്ര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പരാതി ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, ഉടനടി കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ബാലുശ്ശേരി പൊലിസിനോട് ഉത്തരവിടുകയായിരുന്നു.
A businessman from Kozhikode named Rasheed found himself embroiled in 14 criminal cases across multiple states after a massive fraud occurred through his new bank account at the Bank of Baroda, Balussery branch.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."