സർക്കാർ ജോലി അല്ലെങ്കിൽ പ്രതിമാസ അലവൻസ്; ആസിഡ് ആക്രമണ ഇരകൾക്കായി പുതിയ നയം രൂപീകരിക്കാൻ സംസ്ഥാനങ്ങളോട് സുപ്രിംകോടതി
ഡൽഹി: ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് സർക്കാർ ജോലി നൽകുന്ന കാര്യത്തിൽ വ്യക്തമായ നയം രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ജോലി നൽകാൻ പ്രായോഗിക തടസ്സങ്ങളുണ്ടെങ്കിൽ അവർക്ക് മാന്യമായ ഉപജീവന അലവൻസ് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ആധാർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ ആവശ്യങ്ങൾക്കായി വിരലടയാളം പതിപ്പിക്കാനോ, കൃഷ്ണമണി സ്‌കാൻ ചെയ്യാനോ അതിജീവിതർക്ക് സാധിക്കാത്ത സാഹചര്യമുണ്ട്. ഇതിന് പകരമായി ലളിതമായ മറ്റൊരു ഡിജിറ്റൽ വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കൂടാതെ, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നൽകുന്ന ശിക്ഷ കൂടുതൽ കടുപ്പമുള്ളതാക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി അത് വിറ്റ് കിട്ടുന്ന തുക ഇരകൾക്ക് നഷ്ടപരിഹാരമായി നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ഷഹീൻ മാലിക് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്രയാണ് ഹരജിക്കാരിക്ക് വേണ്ടി ഹാജരായത്. വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടർന്നാണ് ഷഹീൻ സുപ്രിംകോടതിയെ സമീപിച്ചത്.
The Supreme Court has directed all states and union territories to formulate a clear policy on providing government jobs to acid attack victims. The order was issued by a bench comprising Chief Justice Surya Kant and Justice Joymalya Bagchi. The court also directed that if there are practical obstacles in providing jobs, they should be provided with a decent subsistence allowance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."