ആളില്ലാത്ത വീട്ടില്‍ നിന്നും പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍
അമ്പലപ്പുഴ: ആളില്ലാത്ത വീട്ടില്‍ നിന്നും പണം കവര്‍ന്ന കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍.പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ വിജയന്റെ മകന് നിര്‍മ്മല്‍ (23)നെയാണ് പുന്നപ്ര എസ്സ് ഐ ഇ ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പത്തിപ്പാലം ചിട്ടിക്കാരന് ചിറ വീട്ടില്‍ ബാബുവിന്റെ മകന് ബിനീഷ് (25)നെ ഏതാനും ദിവസം മുമ്പ്അറസ്റ്റിലായിരുന്നു.
കഴിഞ്ഞ മാസം ഇരുപത്തി ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായ വേണു നിവാസില്‍ ഓമനയുടെ വീട്ടില്‍ കയറി ഇയാള്‍ ഇവിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന എമ്പത്തിഒമ്പതിനായിരം രൂപ മോഷ്ടിച്ച് നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. ഇതേ ദിവസം ഓമന വീട്ടില്‍ ഇല്ലായിരുന്നു. ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയ ഓമന പണം സൂക്ഷിച്ചിരുന്ന അലമാര പരിശോധിച്ചപ്പോള്‍ പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നീട് ഇവര്‍ പുന്നപ്ര പോലീസില്‍ പരാതി നല്കി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒന്നാം പ്രതിയായ ബിനീഷിനെ കളര്‍കോട് ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ താന്‍ പണം മോഷ്ടിച്ചതായും ഈ പണം ചിലവായി പോയെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
എന്നാല്‍ താന്‍ മോഷ്ടിച്ച പണം ഒപ്പം ഉണ്ടായിരുന്ന നിര്‍മ്മല്‍ കൊണ്ടുപോയെന്നും ബിനീഷ് പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഇയാള്‍ പറവൂര്‍ ഭാഗത്തു നിന്നും അറസ്റ്റിലാകുന്നത്.അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു എസ്.ഐക്ക് ഒപ്പം സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീപ്, അഗസ്റ്റിന്, ബിജു ദേവസ്യ ബല്നോവ് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."