ആഘോഷങ്ങളില്‍ 'പണിമുടക്കി' എ.ടി.എമ്മുകളും
കൊച്ചി: ഓണവും പെരുന്നാളും എത്തുന്നതിനുമുന്‍പേ പണമെടുക്കുന്ന യന്ത്രങ്ങള്‍ പണിമുടക്കിത്തുടങ്ങി. ഓണം, ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് പ്രമുഖ ബാങ്കുകളുടെയെല്ലാം എ.ടി.എമ്മുകള്‍ കാലിയായി തുടങ്ങിയത്. നഗരത്തിലെ എ.ടി.എം കൗണ്ടറുകളെ കാര്യമായി ബാധിച്ചില്ലെങ്കിലും ചെറു പട്ടണങ്ങളിലെയും ഉള്‍ഗ്രാമങ്ങളിലെയും കൗണ്ടറുകളില്‍ രാവിലെയോടു കൂടി പണമില്ലാതായി.
തുടര്‍ച്ചയായി ബാങ്ക് അവധി ആയതിനാല്‍ ശനിയാഴ്ച ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് എ.ടി.എമ്മുകള്‍ കാലിയാവാന്‍ പ്രധാനകാരണം. എ.ടി.എം കൗണ്ടറിലെ പണം തീര്‍ന്നാലോ എന്ന ഭയത്താല്‍ മുന്‍കൂട്ടി വലിയ തുക പിന്‍വലിച്ചവര്‍ കുറവല്ല. ഇതോടെ വെള്ളിയാഴ്ച നിറച്ച എ.ടി.എമ്മുകളിലെ പണത്തിന്റെ പകുതിയിലധികവും തീര്‍ന്നു. ഇന്നലെ രാവിലെ തന്നെ എ.ടി.എമ്മില്‍ പണം കുറഞ്ഞ് തുടങ്ങിയ വാര്‍ത്ത പ്രചരിച്ചതോടെ ആളുകള്‍ കൂട്ടമായെത്തി വന്‍തുകകള്‍ പിന്‍വലിക്കാന്‍ തുടങ്ങി. ഇതോടെ ഗ്രാമപ്രദേശങ്ങളിലെ എ.ടി.എമ്മുകള്‍ കാലിയായി. ഇതോടെ ആഘോഷങ്ങള്‍ക്കും ഷോപ്പിങിനുമായി ഞായറാഴ്ച തിരഞ്ഞെടുത്തവര്‍ ബുദ്ധിമുട്ടിലായി.
എന്നാല്‍ നഗരങ്ങളില്‍ ഷോപ്പിങിനായി അധികമാളുകളും കാര്‍ഡ് ഉപയോഗിക്കുന്നതിനാല്‍ ഇവിടങ്ങളിലെ എ.ടി.എമ്മുകളില്‍ പണത്തിന് ദൗര്‍ലഭ്യമുണ്ടായില്ല. ഇതിനിടെ കഴിഞ്ഞ രാത്രി എ.ടി.എമ്മുകളുടെ നെറ്റ്ര്‍ക്ക് തകരാറിലായതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി. കാര്‍ഡുപയോഗിച്ചുള്ള കൊടുക്കല്‍ വാങ്ങലുകള്‍പോലും ഈസമയത്ത് നടത്താന്‍ സാധിക്കാതിരുന്നതാണ് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കിയത്. പണം തീര്‍ന്നു തുടങ്ങുന്ന മുറയ്ക്ക് എ.ടി.എമ്മില്‍ നിറയ്ക്കുന്നതിന് ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഇന്ന് ഇവര്‍ എ.ടി.എം നിറയ്ക്കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. അതേസമയം പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി എ.ടി.എമ്മുകളില്‍ പണമെത്തിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."