HOME
DETAILS

ആഗോള ഇസ്‌ലാമോഫോബിയയും കേരളവും

  
കെ അഷ്‌റഫ്, ബാബുരാജ് ഭഗവതി
March 15, 2026 | 4:08 PM

global islamophobia and kerala

2023ൽ ഒരു ദിവസം രണ്ടെന്ന തോതിൽ ഇന്ത്യയിൽ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനകൾ നടന്നുവെന്ന് വാഷിംഗ്ടണ് ഡിസി കേന്ദ്രമായ 'ഇന്ത്യ ഹെയ്റ്റ് ലാബ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 75 ശതമാനം വിദ്വേഷ പ്രസ്താവനകളുടെയും കേന്ദ്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2025-ൽ 1318 വിദ്വേഷ പ്രസ്താവനകളാണ് ഇൻഡ്യ ഹേറ്റ്ലാബ് റിപ്പോർട്ട് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തത്. അതിൽ ഏഴെണ്ണം മാത്രമാണ് കേരളത്തിന്റെ വിഹിതം. എന്തായിരിക്കും കേരളത്തിലെ ഈ വ്യത്യാസത്തിന്റെ കാരണം? 

ഹിന്ദുത്വരുടെ കേരള വിരുദ്ധത 

കേരളം തീർച്ചയായും ഹിന്ദുത്വരുടെ ഒരു ടാർഗറ്റാണ്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽതംഗടിയ്ക്ക് സമീപമുള്ള പ്രശസ്തമായ ഒരു ഹിന്ദു തീർഥാടനകേന്ദ്രമാണ് ധർമസ്ഥല. പ്രസ്തുത ക്ഷേത്രത്തെ ചുറ്റിപ്പറ്റി വിവാദം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു ശുചീകരണ തൊഴിലാളി, സി എൻ ചിന്നയ്യ,  ജൂൺ  22 നു രംഗത്തെത്തി. 1995 മുതൽ 2014 വരെ നിരവധി സ്ത്രീകളും പെൺകുട്ടികളും ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ടുവെന്നും, അവരുടെ മൃതദേഹങ്ങൾ ക്ഷേത്രത്തിന്റെയും പരിസരങ്ങളുടെയും പല ഭാഗങ്ങളിലും അടക്കം ചെയ്യാൻ തനിക്കു സമ്മർദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് മൃതദേഹങ്ങൾ സ്വന്തം കയ്യാൽ കുഴിച്ചിട്ടിട്ടുണ്ടെന്നും, ഇരകളിൽ ചിലർ ആസിഡ് ആക്രമണത്തിനിരയായവരാണെന്നും, ചിലർ ചെറുപ്പക്കാരികളാണെന്നും തൊഴിലാളി വിശദീകരിച്ചു. 2025 ജൂലൈ അവസാനവാരത്തിൽ കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ അശോക വിചിത്രമായ ഒരു വാദമുയർത്തി. ധർമസ്ഥലയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു പിന്നിൽ കേരള സർക്കാരാണെന്നും പരാതിക്കാരൻ മുസ്ലിമാണെന്നും അദ്ദേഹം ആരോപിച്ചു:  ധർമസ്ഥലയിൽ പരാതി നൽകിയ ആൾ മുസ്ലിമാണ്. അതിനു പിന്നിൽ കേരള സർക്കാരാണ്. ചില 'അദൃശ്യകൈകൾ' പരാതിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടക്കുന്നു. കേരള സ്റ്റോറി അടക്കമുള്ള സിനിമകൾ പറയുന്നതു പോലെ മുസ്ലിം ന്യനപക്ഷ രാഷ്ട്രീയ സംഘാടനവും ഹിന്ദുത്വ വിരുദ്ധതയും സമ്മേളിച്ച കേരളം ആക്രമിക്കപ്പെടുന്നു. 

മാധ്യമങ്ങളും റിപ്പോർട്ടിംഗും 

കേരളത്തിൽനിന്ന് റിപോർട്ട് ചെയ്യപ്പെടുന്ന വിദ്വേഷപ്രസ്താവനകളുടെ എണ്ണത്തിലുള്ള കുറവിന് രണ്ട് കാരണങ്ങൾ പറയാം: 
ഒന്ന്)ഉത്തരേന്ത്യയിലേതുപോലെ നേരിട്ടുള്ള വിദ്വേഷ പ്രചാരണമല്ല കേരളത്തിലുള്ളത്. സാങ്കേതിക സ്വഭാവമുള്ളതും പൊതുബോധത്തിനുള്ളിൽ നിൽക്കുന്നതും അതുകൊണ്ടുതന്നെ പൊതുസ്വീകാര്യതയുള്ളതുമായ രാഷ്ട്രീയ- മാധ്യമ പ്രചാരണമാണ് ഇവിടത്തേത്. അത് സൂക്ഷ്മവും വ്യത്യസ്തവുമാണ്. തീർച്ചയായും കേരളത്തിൽ പോലും സംഘപരിവാർ കേന്ദ്രങ്ങൾ നഗ്നമായ രീതിയിൽ വിദ്വേഷപ്രചാരണം നടത്തുന്നുണ്ട്. 

രണ്ട്) ഇംഗ്ലീഷിലുള്ള മാധ്യമങ്ങളെ ആശ്രയിച്ചാണ് ഇൻഡ്യ ഹേറ്റ് ലാബ് അടക്കമുള്ള വിവിധ റിപോർട്ടുകൾ തയ്യാറാക്കുന്നത്. അതിനാൽ മലയാള ഭാഷാ പത്രങ്ങളിലൂടെ പുറത്തുവന്ന സംഭവങ്ങളും പ്രസ്താവനകളും രേഖപ്പെടുത്തപ്പെടാതെ പോകുന്നു. ഉദാഹരണമായി എസ്എൻഡിപി നേതാവായ വെള്ളാപ്പള്ളി നടേശൻ മാത്രം 60 വിദ്വേഷ പ്രസ്താവനകൾ 2025 ഏപ്രിൽ 5 നും ഡിസംബർ 16 നും ഇടയ്ക്ക് നടത്തിയിട്ടുണ്ട് (വെള്ളാപ്പള്ളിയുടെ 60 വിദ്വേഷ പ്രസ്താവനകൾ, ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവ് റിപ്പോർട്ട്, 2025 ഡിസംബർ 19, കേരളീയം മാസിക ഡോട്ട്കോം).

കേരളത്തിലെ ഇസ്ലാമോഫോബിയയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ ദേശീയതലത്തിലുള്ള മാധ്യമങ്ങളും സന്നദ്ധ സംഘടനകളും അനുഭവിക്കുന്ന പരിമിതികളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എഴുത്തുകാരനായ അഫ്താബ് ഇല്ലത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ''ഇസ്ലാമോഫോബിയ  ഇല്ലാത്ത മാന്ത്രിക സ്ഥലമായി'' കേരളം തെറ്റായി വായിക്കാൻ ഇത് കാരണമായിട്ടുണ്ട്.

എന്നാൽ കേരളത്തിലെ ഇസ്ലാമോഫോബിയക്കു  മറ്റൊരു ആഗോള സ്വഭാവം കൂടിയുണ്ട്. പലപ്പോഴും കേരളത്തെ പ്രാദേശിക സ്വഭാവത്തിൽ മാത്രമാണ് നമ്മുടെ സാമാന്യബോധം മനസ്സിലാക്കുന്നത്. ആഗോളതലത്തിൽ നടക്കുന്ന വിവിധ തരത്തിലുള്ള ഇസ്ലാമോഫോബിക് പ്രചരണങ്ങളുടെ ഇന്ധനമായി വർഷങ്ങളായി കേരളം മാറിയിട്ടുണ്ട് എന്നുള്ളതാണ് വസ്തുത. അത് വ്യക്തമാക്കുന്ന രണ്ട് ഡോക്യുമെന്റുകൾ  അവതരിപ്പിക്കാം

ഫിക്ഷനും ട്രാവൽ റൈറ്റിംഗും 

2006-ലാണ് ബ്രിട്ടീഷ് നോവലിസ്റ്റായ ഫ്രെഡറിക് ഫോർസൈത്ത് 'ദി അഫ്ഗാൻ' എന്ന നോവൽ എഴുതുന്നത്. 9/11 ശേഷം രൂപപ്പെട്ട ആഗോള ഇസ്ലാമോഫോബിയയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ, കേരളത്തെ 'ഇസ്ലാമിസ്റ്റ് ഭീകരവാദത്തിന് സ്വീകരണമുള്ള പ്രദേശം' എന്ന നിലയിലാണ് ചിത്രീകരിക്കുന്നത്. അൽ-ഖായിദയുടെ നേതൃത്വത്തിൽ അമേരിക്കയ്ക്കെതിരെ ആക്രമണം നടത്താനുള്ള ഗൂഢാലോചനയാണ് നോവലിന്റെ പ്രമേയം. അതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള 'അൽ-ഇസ്ലാമി' എന്ന സംഘത്തിലെ രണ്ട് യുവാക്കൾ ഭീകരവൽക്കരിക്കപ്പെടുന്നു. ''ഒരിക്കൽ കമ്മ്യൂണിസത്തിന്റെ കേന്ദ്രമായിരുന്ന കേരളം, ഇസ്ലാമിസ്റ്റ് ഭീകരവാദത്തിന് പ്രത്യേകമായി സ്വീകരണശീലമുള്ള പ്രദേശമായി മാറിയിട്ടുണ്ടെന്ന് ഫോർസൈത്ത് എഴുതുന്നു. കേരളത്തിൽ നിന്നുള്ള ഭീകരർ, കരീബിയൻ ദ്വീപുകളിലൊന്നായ ട്രിനിഡാഡിൽ പ്രവർത്തിക്കുന്ന അൽ-ഖായിദയുമായി ബന്ധമുള്ള 'അൽ ഇസ്ലാമീൻ' എന്ന സംഘത്തിന്റെ ഭാഗമായി, അമേരിക്കയെ ആക്രമിക്കാൻ പദ്ധതിയിടുന്നതായും ചിത്രീകരിച്ചിരിക്കുന്നു. നോവലിനെക്കുറിച്ച് ഇൻഡ്യ ടുഡേ അക്കാലത്തു റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിലെ മുസ്ലിംങ്ങളെ 9/11 അനന്തര ആഗോള ഇസ്ലാമോഫോബിക് ആഖ്യാനത്തിലേക്കു ഈ നോവൽ കണ്ണിചേർക്കുന്നു. 

2016-ൽ പുറത്തിറങ്ങിയ  'ആൻഡ് ദ മങ്കി ലേൺഡ് നത്തിംഗ്' എന്ന ടോം ലൂറ്റ്‌സിന്റെ പുസ്തകമാണ് മലപ്പുറം ആഗോള തലത്തിൽ അടയാളപ്പെടുത്തപ്പെട്ട മറ്റൊരു സന്ദർഭം. ടോം ലൂറ്റ്‌സ് അമേരിക്കൻ എഴുത്തുകാരനും സാംസ്‌കാരിക വിമർശകനും അക്കാദമിക്കും ആണ്. കാലിഫോർണിയ സർവകലാശാല, റിവർസൈഡിൽ ക്രിയേറ്റീവ് റൈറ്റിംഗും ഇംഗ്ലീഷ് സാഹിത്യവും പഠിപ്പിക്കുന്നു. അക്കാദമിക് അധ്യാപനത്തോടൊപ്പം പൊതുബൗദ്ധിക രംഗത്തും സജീവമാണ്. 

'ഡൂയിംഗ് നത്തിംഗ്: എ ഹിസ്റ്ററി ഓഫ് ലോഫേഴ്‌സ്, ലൗഞ്ചേഴ്‌സ്, സ്ലാക്കേഴ്‌സ്, ആൻഡ് ബംസ്', 'ഡ്രിങ്കിംഗ് ബിയർ വിത് ജീസസ്', 'ആൻഡ് ദ മങ്കി ലേൺഡ് നത്തിംഗ്' എന്നിവയാണ് പ്രധാന കൃതികൾ. സംരംഭങ്ങളിലേറ്റവും പ്രധാനപ്പെട്ടത് 'ലോസ് ആഞ്ചലസ് റിവ്യൂ ഓഫ് ബുക്‌സ്' എന്ന സാഹിത്യബൗദ്ധിക മാസികയാണ്; ഇതിന്റെ സ്ഥാപകനും ആദ്യ എഡിറ്ററുമായിരുന്നു അദ്ദേഹം. അമേരിക്കൻ ബൗദ്ധിക ലോകത്ത് ഗൗരവമുള്ള സാഹിത്യ-സാംസ്‌കാര- രാഷ്ട്രീയ ചർച്ചകൾക്ക് വേദിയൊരുക്കിയ സംരംഭമായി ഈ മാസിക വിലയിരുത്തപ്പെടുന്നു.

2016-ൽ യൂണിവേഴ്‌സിറ്റി ഓഫ് ഐവ പ്രസ്സ് പ്രസിദ്ധീകരിച്ച ടോം ലൂറ്റ്‌സിന്റെ 'ആൻഡ് ദ മങ്കി ലേൺഡ് നത്തിംഗ്' എന്ന യാത്രാവിവരണത്തിൽ  മലപ്പുറത്തെക്കുറിച്ച് ഒരു അധ്യായമുണ്ട്. അതിന്റെ തലക്കെട്ട് ഇതാണ്: 'മൈ ലൈഫ് ആസ് എ പീഡോഫിൽ, മലപ്പുറം, ഇന്ത്യ'. അദ്ദേഹം മലപ്പുറം ടൗണിൽ എത്തുന്നതും ഒരു ഹോട്ടലിൽ താമസിക്കുന്നതുമാണ് ഇതിൽ വിവരിക്കുന്നത്. വൈകുന്നേരം ഭക്ഷണം തേടി നടന്നപ്പോൾ, 12 വയസ്സുകാരനായ ഒരു ബാലൻ സൈക്കിളിൽ വന്ന് നല്ല ഇംഗ്ലീഷിൽ സംസാരിച്ച് ഒരു റസ്റ്റോറന്റ് കാണിച്ചു കൊടുക്കുന്നു. പിന്നീട് 14 വയസ്സുകാരനായ മറ്റൊരു ബാലനെയും അദ്ദേഹം കണ്ടുമുട്ടുന്നു. രാത്രി മുറിയിലെത്തി ഇന്റർനെറ്റിൽ മലപ്പുറത്തെക്കുറിച്ച് തിരഞ്ഞപ്പോൾ, യൂറോപ്യൻ സെക്‌സ് ടൂറിസ്റ്റുകളുടെ കേന്ദ്രമാണ് മലപ്പുറം എന്ന് അദ്ദേഹം മനസ്സിലാക്കി. 

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ റിസപ്ഷനിലെ സമീപനവും ബാലന്മാരുടെ പെരുമാറ്റവും ഉൾപ്പെടെയുള്ള അനുഭവങ്ങൾ അദ്ദേഹം പുനർവായിക്കുന്നു. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇറങ്ങിയപ്പോൾ, ഹോട്ടലിലെ റെസ്റ്റോറന്റിൽ ചില യൂറോപ്യൻ, ജർമൻ ടൂറിസ്റ്റുകളെ കണ്ടു. ഈ സമൂഹം തന്നെ ഒരു പീഡോഫൈലായാണ് കാണുന്നതെന്ന് ലജ്ജയോടെ അദ്ദേഹം തിരിച്ചറിയുകയാണ്. 

മലപ്പുറത്ത് 'ടൗൺ സ്‌ക്വയർ' എന്നൊരു സ്ഥലമില്ല. അദ്ദേഹം ഏത് പ്രദേശത്താണ് താമസിച്ചതെന്ന് വ്യക്തമല്ല; 'മലപ്പുറം ടൗൺ' എന്ന പൊതുപേരിലാണ് അനുഭവം രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറത്തെ ചുറ്റിപ്പറ്റി ഇന്ത്യൻ ദേശീയ ഭാവന രൂപപ്പെടുത്തുന്ന വാർപ്പ് മാതൃക വെളുത്ത ഉപരിവർഗ കാഴ്ചപ്പാടിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ഇത് വ്യക്തമാകുന്നു.  


 ടോം ലൂറ്റ്‌സ് മലപ്പുറത്തെക്കുറിച്ച് നേരിട്ട് മോശമായി ഒന്നും പറയുന്നില്ല. കണ്ട മനുഷ്യരിലും കുഴപ്പം കാണുന്നില്ല. ഏതാനും മണിക്കൂറുകളേ അദ്ദേഹം മലപ്പുറത്തു ചിലവഴിക്കുന്നുന്നുള്ളൂ: വൈകുന്നേരം വരുന്നു. ഭക്ഷണം കഴിക്കുന്നു. ഉറങ്ങുന്നു. ഇത്രയേയുള്ളൂ. പിന്നീടു ഇന്റർനെറ്റിൽ കിട്ടിയ വിവരങ്ങൾ വെച്ചു അദ്ദേഹം ചില നിഗമനങ്ങളിൽ എത്തുകയാണ്. ഒരു ലൂപ്പിൽ പെട്ട പോലെ അദ്ദേഹത്തിന്റെ ബോധം തകിടം മറിയുന്നു.   

മലപ്പുറത്തെക്കുറിച്ച് ലഭിച്ച വിവരങ്ങളാണ് തന്റെ എഴുത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്. ആ വിവരങ്ങൾ വായിച്ചപ്പോൾ അദ്ദേഹത്തിനുണ്ടാകുന്നത് വിശദീകരിക്കാനാവാത്ത കുറ്റബോധമാണ്. മറ്റുള്ളവരുടെ കണ്ണിൽ താൻ എങ്ങനെ കാണപ്പെടുന്നുവെന്ന ബോധത്തിൽ നിന്ന് ഉദ്ഭവിക്കുന്നത് ആ കുറ്റബോധം,. വെള്ളക്കാരനായ ഉപരി വർഗ അമേരിക്കൻ യാത്രക്കാരൻ മലപ്പുറത്തെ ഒരു ചെറിയ ടൗണിൽ അനുഭവിക്കുന്ന ആത്മസംഘർഷമാണ് അദ്ദേഹം വിവരിക്കുന്നത്.

സൂക്ഷ്മമായി പരിശോധിച്ചാൽ അദ്ദേഹത്തിന്റേത് മലപ്പുറത്തെക്കുറിച്ചുള്ള വിവരണമല്ല; മറിച്ച് ഒരു യാത്രക്കാരൻ അദ്ദേഹത്തിന്റെ ഭാവനയിലുള്ള 'മലപ്പുറം' എങ്ങനെ അനുഭവിച്ചുവെന്നാണ്. സഹൃദയനും ധാർമ്മികബോധമുള്ളവനുമെന്ന് സ്വയം കരുതുന്ന ഉപരി വർഗയാത്രക്കാരന്റെ മാനസിക സംഘർഷങ്ങളും ധാർമ്മിക ആകുലതകളുമാണ് പുസ്തകം അവതരിപ്പിക്കുന്നത്. സാഹിത്യം, സംസ്‌കാരം, പ്രതിനിധാനം, സാമൂഹിക ഭാവന എന്നീ തലത്തിൽ വായിക്കുമ്പോൾ, ഈ അനുഭവം വെള്ളക്കാരായ ടൂറിസ്റ്റുകളുടെ ഭാവനകൾ എത്രത്തോളം വിദൂരവും പരിമിതവുമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ രേഖയുടെ പ്രാധാന്യവും അതാണ്. ഒപ്പം മലപ്പുറത്തെക്കുറിച്ചുള്ള ആധിപത്യ പ്രതിനിധാനങ്ങളുടെ വൈപുല്യത്തെയും അത് ഓർമിപ്പിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറുപ്പിനെതിരേ ജനാധിപത്യ പ്രതിരോധം സാധ്യമാണ് | In-depth

National
  •  3 hours ago
No Image

The Unyielding Fortress: Why American Intelligence and Israeli Media Admit Iran Cannot Be Easily Overthrown

International
  •  3 hours ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും

Kerala
  •  3 hours ago
No Image

Anti-Muslim Bias in British Media: When Facts and Figures Reveal the Truth, Why Do Authorities Refuse to Act?

International
  •  3 hours ago
No Image

പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിൽ നടക്കാനിരുന്ന അർജന്റീന-സ്പെയിൻ ഫൈനലിസിമ പോരാട്ടം റദ്ദാക്കി

Football
  •  3 hours ago
No Image

ഇസ്‌റാഈല്‍ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ മകള്‍ മരിച്ച നിലയില്‍; മരിച്ചത് സ്വന്തം കുടുംബത്തിന്റെ ലൈംഗിക വൈകൃതത്തെ തുറന്നുകാട്ടിയ മകള്‍ 

International
  •  3 hours ago
No Image

ഇറാനെ പ്രതിയാക്കാന്‍ 9/11ന് സമാനമായ ഭീകരാക്രമണത്തിന് എപ്സ്റ്റീന്‍ സംഘം ഗൂഢാലോചന നടത്തുന്നു; ഇറാന്‍ സുരക്ഷ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് 

International
  •  4 hours ago
No Image

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കൊല്ലത്ത് 19കാരന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

കളം പിടിക്കാന്‍ ഇടതുപക്ഷം; തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലങ്ങളില്‍ റോഡ് ഷോ

Kerala
  •  4 hours ago
No Image

ഇന്ത്യയെ തോൽപിച്ച ഏക ടീമിനെതിരെ വീണ് കിവികൾ; ലോകകപ്പിന് ശേഷവും തോൽവി

Cricket
  •  5 hours ago