കര്‍ണാടകത്തിന് താത്കാലിക ആശ്വാസം; തമിഴ്നാടിന് നല്‍കേണ്ട വെള്ളത്തിന്റെ അളവ് കുറച്ചു
ന്യൂഡല്‍ഹി: കാവേരി നദിജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് താത്ക്കാലിക ആശ്വാസം. തമിഴ്നാടിന് പ്രതിദിനം നല്‍കേണ്ട വെള്ളത്തിന്റെ അളവ് കുറച്ച മുന്‍ ഉത്തരവ് സുപ്രിംകോടതി ഭാഗികമായി ഭേദഗതി ചെയ്തു. സെപ്തംബര്‍ 20 വരെ 12000 ക്യുസെക്സ് വെള്ളം വിട്ടു നല്കിയാല് മതിയെന്ന് കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ പ്രതിദിനം 15000 ക്യുസെക്സ് വെള്ളം വിട്ടു നല്‍കണമെന്നായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്. തമിഴ്നാടിന് വെള്ളം വിട്ടു നല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക നല്കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.
മഴ കുറവും ജലദൗര്‍ലഭ്യവും കണക്കിലെടുത്ത് 15000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നല്കാന് കഴിയില്ലെന്നാണ് കര്‍ണാടകത്തിന്റെ നിലപാട്. സംസ്ഥാനത്തിന്റെ ഹരജി അടിയന്തിര പ്രാധാന്യം നല്കി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച്ച രാത്രിയാണ് സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കര്‍ണാടകം ഹരജി നല്‍കിയത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് കാവേരി പ്രശ്നത്തില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് കൈമാറിയിരുന്നു. തമിഴ്നാടുമായി വെള്ളം പങ്കിടണമെന്ന ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."