തീയതിയില്ലെങ്കിൽ തടയും; മുട്ടകളിൽ എക്സ്പയറി ഡേറ്റ് നിർബന്ധമാക്കി യുപി സർക്കാർ
ലക്നൗ: ഭക്ഷണസാധനങ്ങളിലെ മായം തടയാനും ഗുണനിലവാരം ഉറപ്പാക്കാനുമായി ഉത്തർപ്രദേശ് സർക്കാർ പുതിയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നു. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന ഓരോ മുട്ടയിലും എക്സ്പിയറി ഡേറ്റ് (കാലാവധി തീരുന്ന തീയതി) രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.
പുതിയ നിയമത്തിലെ പ്രധാന നിർദ്ദേശങ്ങൾ:
പാക്കറ്റുകളിൽ മാത്രമല്ല, വിൽക്കുന്ന ഓരോ മുട്ടയുടെ പുറത്തും തീയതി രേഖപ്പെടുത്തണം.
കോഴി മുട്ടയിട്ട തീയതിയും, അതിന് ശേഷം 28 ദിവസം കഴിഞ്ഞുള്ള കാലാവധി തീരുന്ന തീയതിയും മുട്ടയിൽ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം.
മുട്ടയിട്ട് 28 ദിവസം വരെ മാത്രമേ അവ ഉപയോഗിക്കാൻ സുരക്ഷിതമായിരിക്കൂ എന്നാണ് യുപി ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് കോഴി മുട്ടയിട്ട തീയതി കൃത്യമായി അടയാളപ്പെടുത്താൻ നിർദേശം നൽകിയത്.
ഏപ്രിൽ 1-ന് ശേഷം തീയതി രേഖപ്പെടുത്താത്ത മുട്ടകൾ വിൽക്കുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കനത്ത പിഴ ചുമത്തും.
എന്തുകൊണ്ട് ഈ മാറ്റം?
അടുത്തിടെ ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡുകളിൽ 150 ടണ്ണോളം പഴകിയ ഭക്ഷണസാധനങ്ങളും മായം ചേർത്ത പനീറും പിടിച്ചെടുത്തിരുന്നു. വിപണിയിൽ നിലവിൽ മുട്ടയുടെ ഗുണനിലവാരം പരിശോധിക്കാൻ വ്യക്തമായ മാനദണ്ഡങ്ങളില്ലാത്തത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്രോട്ടീന്റെ പ്രധാന സ്രോതസ്സായ മുട്ട എത്രത്തോളം പഴക്കമുള്ളതാണെന്ന് തിരിച്ചറിയാൻ ഉപഭോക്താവിനെ സഹായിക്കുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
ഫാമുകൾ, മൊത്തക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ എന്നിങ്ങനെ മുട്ട വിപണന ശൃംഖലയിലുടനീളം ഈ നിയമം ബാധകമായിരിക്കും. പായ്ക്ക് ചെയ്ത മുട്ടകൾക്കും ചില്ലറയായി വിൽക്കുന്ന മുട്ടകൾക്കും ഈ നിബന്ധനകൾ ഒരുപോലെ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
The Uttar Pradesh government has introduced a new food safety rule effective from April 1 to curb food adulteration and ensure quality. Under this regulation, every single egg sold in the state must have its lay date and expiry date (28 days from laying) printed directly on the shell, not just on the packaging.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."