അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തന്നെ തുടരും; പാർട്ടി മാറുമെന്ന അഭ്യൂഹങ്ങൾക്ക് വിട
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തന്നെ തുടരും. മാധ്യമങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ച വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. അബ്ദുറഹ്മാൻ രണ്ടത്താണി ഇന്നലെ രാത്രി പാണക്കാട്ടെത്തി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച്ച. പിന്നാലെ, മുസ്‌ലിം ലീഗിൽ തുടരുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി അറിയിച്ചു.
മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടം നേടാതെ വന്നതോടെ, പട്ടികയ്‌ക്കെതിരെ അബ്ദുറഹ്മാൻ രണ്ടത്താണി പരസ്യമായി രംഗത്ത് വന്നിരുന്നു. ഈ അവസരം മുതലെടുത്ത് രണ്ടത്താണിയെ എൽഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കം സിപിഎം നടത്തി. സിപിഎം നേതാക്കൾ രണ്ടത്താണിയുമായി ചർച്ച നടത്തുകയും ചെയ്തു. തിരൂരങ്ങാടി മണ്ഡലത്തിൽ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന തരത്തിൽ പിന്നാലെ അഭ്യൂഹങ്ങൾ പരന്നു. മുസ്‌ലിം ലീഗിൽ പൊട്ടിത്തെറി എന്ന നിലയിൽ ഇതോടെ ചില മാധ്യമങ്ങളിൽ വാർത്തകളും വന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങളെയും പ്രചാരണങ്ങളെയും അവസാനിപ്പിച്ചാണ് അബ്ദുറഹ്മാൻ രണ്ടത്താണി ഇന്നലെ പാണക്കാട് എത്തിയത്.
തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാർഥിയാക്കിയതിലായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പ്രതിഷേധം. ഇത് സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. 'എ.കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു.എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്' എന്ന് അബ്ദുറഹ്മാൻ രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പോസ്റ്റോടു കൂടിയാണ് അദ്ദേഹം മുസ്‌ലിം ലീഗ് പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്. അതേസമയം, കെ.എം ഷാജി, അഡ്വ.പി.കെ ഫിറോസ്, അഡ്വ. ഫൈസൽ ബാബു, ടി.പി അഷ്‌റഫലി, പി.കെ. നവാസ് തുടങ്ങിയവരുടെ സ്ഥാനാർഥിത്വത്തെ അബ്ദുറഹ്മാൻ രണ്ടത്താണി പ്രശംസിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."