മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; ജയിൽ മോചിതനായ ശേഷം സർക്കാരിനെതിരെ വിമർശനം
തൃശൂർ: നീണ്ട 11 വർഷത്തെ ജയിൽവാസത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. വൈകീട്ട് അഞ്ച് മണിയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി രൂപേഷ് ജയിൽ മോചിതനായത്. വിയ്യൂർ ജയിൽ കവാടത്തിൽ ഭാര്യ ഷൈനയും സഹപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ചേർന്ന് രൂപേഷിനെ സ്വീകരിച്ചു.
കൊച്ചി എൻഐഎ കോടതി 'വെള്ളമുണ്ട കേസിൽ' ശിക്ഷിച്ച രൂപേഷിന് സുപ്രിം കോടതി ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്. രണ്ട് കേസുകളിൽ നേരത്തെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും ജയിൽ മോചനം സാധ്യമാവുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എൻഐഎ ഓഫീസിൽ ഹാജരാകണം തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2015-ൽ കോയമ്പത്തൂരിലെ കറുമത്താപ്പേട്ടിയിൽ നിന്നാണ് രൂപേഷിനെയും ഭാര്യ ഷൈനയെയും ഉൾപ്പെടെ അഞ്ച് പേരെ പൊലിസ് പിടികൂടുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 42-ഓളം കേസുകളാണ് രൂപേഷിനെതിരെ ചുമത്തിയിരുന്നത്. ഇതിൽ ഭൂരിഭാഗവും യുഎപിഎ (UAPA) നിയമപ്രകാരമുള്ളവയായിരുന്നു. നിലവിൽ 16 കേസുകൾ വിചാരണ ഘട്ടത്തിലാണ്. അതിൽ 15 കേസുകളിലെ നടപടിക്രമങ്ങൾ പൂർത്തിയായി.
ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സംസ്ഥാന സർക്കാരിനെതിരെ രൂപേഷ് രൂക്ഷവിമർശനം ഉന്നയിച്ചു. ജയിലിൽ വെച്ച് താൻ എഴുതിയ 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ അനുവദിക്കാത്ത ജയിൽ വകുപ്പിന്റെ നടപടി ഇടത് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നിലപാടാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പുസ്തകവുമായി ബന്ധപ്പെട്ട് നേരത്തെ വലിയ വിവാദങ്ങളും മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധങ്ങളും നടന്നിരുന്നു. 2015-ൽ അറസ്റ്റിലായ ഷൈന ഉൾപ്പെടെയുള്ളവർ നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നെങ്കിലും വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രൂപേഷിന്റെ മോചനം വൈകുകയായിരുന്നു.
2014 ഏപ്രിൽ 24-ന് രാത്രി 10:30-ഓടെയാണ് വയനാട് വെള്ളമുണ്ടയിൽ കേസിനാസ്പദമായ സംഭവം നടന്നത്. വയനാട് ജില്ലയിലെ തൊണ്ടർനാട് മട്ടിലയത്തുള്ള പൊലിസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ എകെ-47 ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം ഉദ്യോഗസ്ഥനെയും കുടുംബത്തെയും തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നാരോപിച്ച് ജോലി രാജിവെക്കാൻ ഉദ്യോഗസ്ഥനോട് സംഘം ആവശ്യപ്പെട്ടു.
വീടിന്റെ ഭിത്തിയിൽ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ ഒട്ടിക്കുകയും സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ ലഘുലേഖകൾ അവിടെ ഉപേക്ഷിക്കുകയും ചെയ്തു. നിരോധിത ഭീകര സംഘടനയിൽ അംഗമായതിനും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചതിനും യുഎപിഎ പ്രകാരമുള്ള ഗുരുതര കുറ്റങ്ങളാണ് അന്ന് പ്രതികൾക്കെതിരെ ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയായ അജിത 2019 ഒക്ടോബറിൽ അഗളിയിലെ മഞ്ചക്കണ്ടി വനമേഖലയിൽ വെച്ച് പൊലിസുമായുള്ള വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.
ആറാം പ്രതിയായിരുന്ന തിക്കോടി സ്വദേശി രാജേഷ് എ.വി.യെ കോടതി മാപ്പുസാക്ഷിയായി മാറ്റിയിരുന്നു. മാവോയിസ്റ്റ് സംഘത്തിന് ഭക്ഷണവും മറ്റ് സാധനങ്ങളും എത്തിച്ചിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ഇയാൾ. കേസിൽ പ്രതിയായ കർണാടക സ്വദേശിയായ കന്യാകുമാരി 2017-ൽ കർണാടക എൻഐഎയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
Maoist leader Roopesh was released from Viyyur Central Jail on Tuesday after the Supreme Court granted him bail in the 2014 Vellamunda case. He had been in custody since his arrest in Coimbatore in 2015. While several cases under the UAPA were registered against him, his release became possible following the apex court's intervention and the completion of trials in most cases.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."