സ്ഥാനാര്‍ഥിത്വവുമില്ല, ചുമതലയുമില്ല കാഴ്ചക്കാരിയായി മുന്‍ മേയര്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിത്വമില്ലാതെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന്‍. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും റോളില്ലാതെ കഴിഞ്ഞദിവസം പൂജപ്പുരയില്‍ നടന്ന എം.എ ബേബി പങ്കെടുത്ത പൊതുയോഗത്തില്‍ കാഴ്ചക്കാരുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ആര്യ രാജേന്ദ്രനെ പാര്‍ട്ടി തഴഞ്ഞത് സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ സജീവ ചര്‍ച്ചയായത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നപ്പോള്‍ നിയമസഭയിലേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി ഭരണം പിടിച്ചതോടെ ആര്യയെ പാര്‍ട്ടി പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. ഭരണത്തിലെ പിഴവാണ് കോര്‍പറേഷന്‍ ഭരണം നഷ്ടമാകാന്‍ കാരണമെന്ന വിലയിരുത്തല്‍ ശക്തമാക്കുന്നതാണ് സി.പി.എം നിലപാട്. ബാലുശ്ശേരിയില്‍ ഭര്‍ത്താവ് സച്ചിന്‍ദേവ് വീണ്ടും ജനവിധി തേടുന്നുണ്ടെങ്കിലും അവിടേയും ആര്യ പ്രചാരണത്തില്‍ സജീവമായിട്ടില്ല.
തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ സജീവ രാഷ്ട്രീയത്തിലെ പുതുമുഖക്കാര്‍ക്ക് ഒരു പാഠമാണെന്നും അത്തരം ഭരണ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ എങ്ങനെ ആകരുത് എന്നതിന്റെ പാഠമാണ് ആര്യയെന്നും ചൂണ്ടികാട്ടി ടൂറിസം വകുപ്പ് മുന്‍ ഡപ്യൂട്ടി ഡയരക്ടര്‍ പ്രശാന്ത് വാസുദേവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.
പൊതുജനങ്ങളോടുള്ള പെരുമാറ്റ രീതിയും പാര്‍ട്ടിയുടെ വിധേയത്വം എന്നത് സമ്പൂർണ അടിമത്തമായതുമാണ് ആര്യയ്ക്ക് വിനയായതെന്നും പ്രശാന്ത് വാസുദേവ് വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."