സാധാരണക്കാർക്ക് ഇല്ലാത്ത പരിഗണന മുഖ്യമന്ത്രിക്കോ? പാരഡി ഗാനങ്ങൾ നീക്കം ചെയ്തതിൽ പൊലിസിനെതിരെ എൻ. പ്രശാന്ത് ഐഎഎസ്
April 01, 2026 | 6:37 AM
കോഴിക്കോട്: മുഖ്യമന്ത്രിയെ കളിയാക്കിയ പാരഡി ഗാനങ്ങളും വിമർശനാത്മക പോസ്റ്റുകളും യൂട്യൂബിൽ നിന്ന് പൊലിസ് ഇടപെട്ട് നീക്കം ചെയ്തതിനെതിരെ രൂക്ഷവിമർശനവുമായി എൻ. പ്രശാന്ത് ഐഎഎസ്. ഏന്ത് അടിസ്ഥാനത്തിലാണ് പൊലിസ് പ്രത്യേക ഏക്ഷൻ എടുത്തതെന്നും ഈ സൗകര്യം സാധാരണക്കാരായ പൗരന്മാർക്ക് ലഭ്യമാണോ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
വ്യക്തിപരമായ അധിക്ഷേപങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത്, മാനഹാനി ഉണ്ടായാൽ സ്വീകരിക്കേണ്ട നിയമപരമായ മാർഗങ്ങളെക്കുറിച്ചും ഓർമ്മിപ്പിച്ചു. അപകീർത്തി ഉണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്.
സോഷ്യൽ മീഡിയയിൽ സാധാരണക്കാർക്കെതിരെ വ്യാപകമായി അധിക്ഷേപങ്ങൾ നടക്കാറുണ്ട്. എന്നാൽ, പരാതിയുമായി ചെല്ലുന്നവരോട് കോടതി വഴി മാത്രമേ നടപടിയെടുക്കാൻ കഴിയൂ എന്ന് പറഞ്ഞ് പൊലിസ് മടക്കി അയക്കാറാണ് പതിവ്. പിന്നീട്, അവർ സ്വന്തം നിലയ്ക്ക് വക്കീലിനെ വെച്ച് കേസ് നടത്തണമെന്നിരിക്കെ, ചില പ്രത്യേക പോസ്റ്റുകൾ നീക്കം ചെയ്യാൻ പൊലിസ് കാട്ടുന്ന അമിത താൽപ്പര്യം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കളിയാക്കിയ പാരഡി യൂട്യൂബിൽ നിന്ന് പോലീസ് ഇടപെട്ട് മാറ്റിച്ചതായി വാർത്ത കണ്ടു. വിമർശനാത്മകമായ പലരുടെയും പോസ്റ്റുകളും സമാന രീതിയിൽ വ്യാപകമായി മാറ്റിയതായും അറിയുന്നു. സ്വതന്ത്ര കർഷകരുടെ കൂട്ടായ്മയുടെ പോസ്റ്റുകളും ഇതേ രീതിയിൽ എടുത്ത് മാറ്റിയതായി അറിയുന്നു.
വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. എന്നാൽ അപകീർത്തി ഉണ്ടെങ്കിൽ കോടതിയിൽ കേസ് കൊടുക്കുകയാണല്ലോ ചെയ്യേണ്ടത്. ലോ കോളേജുകളിൽ ഇന്നും പഠിപ്പിക്കുന്നതു മാനഹാനി ഒരു പ്രൈവറ്റ് റോങ് ആണെന്നാണ്. അത് ആ വ്യക്തി പരാതിയായി മജിസ്ട്രേറ്റ് കോടതിയിൽ ബോധിപ്പിക്കേണ്ടതാണ്. സ്വന്തമായി വക്കീലിനെ വെച്ച് കേസ് നടത്തണം.
എത്രയോ സാധാരണക്കാരെ അപമാനിച്ച് പലതരം പോസ്റ്റും കമന്റും സോഷ്യൽ മീഡിയയിൽ വരുന്നു. അവരാരും പരാതിപ്പെട്ടാൽ പൊലീസ് കേസെടുക്കാറില്ലല്ലോ. കോടതി മുഖാന്തരമല്ലാതെ മാനഹാനിക്ക് കേസെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞ് അവരെ പൊലീസ് മടക്കി അയക്കാറാണല്ലോ പതിവ്.
പൊലീസ് എന്തടിസ്ഥാനത്തിലാണ് പ്രത്യേക ഏക്ഷൻ എടുത്തത്? ഈ സൗകര്യം മറ്റ് പൗരന്മാർക്ക് ലഭ്യമാണോ? പ്രത്യേക ഏക്ഷൻ സാധാരണക്കാരുടെ കാര്യത്തിലും വേണം.
നമുക്ക് മാനഹാനി ഉണ്ടാക്കിയവരുടെ വിവരങ്ങളും പോസ്റ്റും ടാഗ് ചെയ്ത് അധികൃതരെ അറിയിക്കാം.
IAS officer N. Prashanth has strongly criticised the police for intervening to remove parody songs and critical posts about the Chief Minister from YouTube. Through a Facebook post, he questioned the basis of the action and asked whether such special intervention is equally accessible to ordinary citizens.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."