'അത് സിപിഎം നേതാവിന്റെ ശബ്ദം'; പേരാമ്പ്രയിൽ തെളിവുകളുമായി യുഡിഎഫ്, മൈക്ക് പെർമിഷൻ രേഖകൾ പുറത്ത്!
കോഴിക്കോട്: പേരാമ്പ്ര നിയമാനുസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം പുതിയ വിവാദങ്ങളിലേക്ക്. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതപരമായ ചുവയുള്ള വിവാദ അനൗൺസ്‌മെന്റ് നടത്തിയതിന് പിന്നിൽ സിപിഎം നേതാവാണെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. അനൗൺസ്‌മെന്റ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ സഹിതം മൈക്ക് പെർമിഷൻ എടുത്തതിന്റെ രേഖകൾ യുഡിഎഫ് തെളിവായി പുറത്തുവിട്ടു.
തെളിവുകൾ നിരത്തി യുഡിഎഫ്
വിവാദ അനൗൺസ്‌മെന്റ് നടത്തിയ വാഹനം എൽഡിഎഫിന്റേതല്ലെന്ന് പറഞ്ഞ് സിപിഎം കൈയ്യൊഴിയുമ്പോഴും, ഇതിനെതിരെ പരാതി നൽകാൻ ഇടത് മുന്നണി തയ്യാറാവാത്തത് ദുരൂഹമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.വാഹനത്തിന്റെ നമ്പറും മൈക്ക് സെറ്റിന് അനുമതി വാങ്ങിയ അപേക്ഷയുടെ വിവരങ്ങളും പുറത്തുവന്നു.വിവാദ സന്ദേശം റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ ഒരു സ്റ്റുഡിയോയിൽ വെച്ചാണെന്നും ഇതിന്റെ കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി.ഇത്രയും വലിയ വിവാദമായിട്ടും സംഭവത്തിൽ കേസെടുക്കാത്ത പൊലിസിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് യുഡിഎഫ് നേതൃത്വം കുറ്റപ്പെടുത്തി.
പേരാമ്പ്രയിൽ പോരാട്ടം കടുക്കുന്നു
1980 മുതൽ ഇടതുമുന്നണിയുടെ ഉറച്ച കോട്ടയാണ് പേരാമ്പ്ര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 22,592 വോട്ടുകൾക്ക് ടി.പി. രാമകൃഷ്ണൻ വിജയിച്ച മണ്ഡലമാണിത്. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ സിപിഎമ്മിന് ആശങ്കയുണ്ടാക്കുന്നു.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ മണ്ഡലത്തിൽ നേടിയ 19,085 വോട്ടിന്റെ ഭൂരിപക്ഷം ഇടതുക്യാമ്പിനെ ഞെട്ടിച്ചിരുന്നു.
മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ആറെണ്ണത്തിലും നിലവിൽ യുഡിഎഫാണ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം എണ്ണായിരത്തിലേറെ വോട്ടിന്റെ മുൻതൂക്കം യുഡിഎഫിനുണ്ട്.
"മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന വ്യാജപ്രചാരണം നടത്തി വർഗീയത ഇളക്കിവിടാനാണ് സിപിഎം ശ്രമിക്കുന്നത്. തോൽവി ഭയന്നാണ് ഇത്തരത്തിലുള്ള തരംതാഴ്ന്ന നീക്കങ്ങൾ." നടത്തുന്നതെന്നും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."