പേയിളകി മൂന്ന് പശുക്കള്‍ ചത്തു
തളിപ്പറമ്പ്: കുറുമാത്തൂര്‍ ചവനപ്പുഴയില്‍ മൂന്ന് പശുക്കള്‍ പേവിഷബാധയേറ്റു ചത്തു. കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക എല്‍. പി സ്‌കൂളിനു സമീപത്തെ അരോളി ബാലന്റെ രണ്ടു പശുക്കളും, കണിച്ചാമലിലെ പി.പി അശോകന്റെ ഒരു പശുവുമാണ് ചത്തത്. പേയിളകിയ ലക്ഷണങ്ങളോടെ അശോകന്റെ പശു രണ്ടാഴ്ച മുമ്പാണ് ചത്തത്. ദിവസങ്ങള്‍ക്കു ശേഷമാണ് ഇതിനു സമീപത്തുള്ള അരോളി ബാലന്റെ ഒന്നര വയസുള്ള പശുക്കിടാവ് സമാന ലക്ഷണങ്ങള്‍ കാണിച്ച് ചികിത്സക്കിടെയും അവശേഷിച്ച അഞ്ച് വയസുള്ള എട്ടുമാസം ഗര്‍ഭിണിയായ പശു കഴിഞ്ഞ ദിവസവും പേയിളകി ചത്തത്. ആഴ്ചകള്‍ക്കു മുമ്പ് പ്രദേശത്ത് അലഞ്ഞു തിരിയുന്ന പേയിളകിയ ഒരു തെരുവുനായയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ കടിയേറ്റാണ് പശുക്കള്‍ക്ക് പേയിളകിയതെന്ന് സംശയിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം പശുവിനെ പരിചരിച്ചവര്‍ക്കെല്ലാം പേവിഷബാധക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. പശു വളര്‍ത്തല്‍ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും പ്രദേശത്തെ പശുക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിനും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍കൈയെടുക്കുമെന്ന് വാര്‍ഡ് മെമ്പര്‍ പി ലക്ഷ്മണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."