ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം
എറണാകുളം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും, കണ്ടക്ടര്‍ക്കും നേരെ യുവാക്കളുടെ ആക്രമണം. ബൈക്കിന് തടസമുണ്ടാക്കിയെന്ന് ആരോപിച്ചാണ് യുവാക്കള്‍ കെഎസ്എആര്‍ടിസി ജീവനക്കാരെ വണ്ടി തടഞ്ഞ് മര്‍ദ്ദിച്ചത്. എറണാകുളം ആലുവയിലാണ് സംഭവം. ഡ്രൈവറെയും, കണ്ടക്ടറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2.15ഓടെ ആലുവയില്‍ നിന്ന് അടൂരിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനിടെയാണ് സംഭവം. കുട്ടമശ്ശേരിയില്‍ വെച്ച് ബസ് കാറിനെ മറികടക്കുമ്പോള്‍ എതിരെ വന്ന ബൈക്കിന് തടസമുണ്ടായെന്ന് ആരോപിച്ചാണ് ബൈക്കിലെത്തിയ യുവാക്കള്‍ അക്രമം അഴിച്ചുവിട്ടത്.
മഹിളാലയം കവല പിന്നിട്ടപ്പോള്‍ ബസ് ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ എതിരെ ബൈക്ക് കയറി വന്നതിനാല്‍ ബസ് ബ്രേക്ക് ചെയ്ത് നിര്‍ത്തി, യാത്ര തുടര്‍ന്നു. ഇതില്‍ പ്രകോപിതപരായ ബൈക്ക് യാത്രക്കാര്‍ ബസിനെ പിന്തുടരുകയും ഡ്രൈവര്‍ക്ക് നേരെ ഹെല്‍മെറ്റ് എറിയുകയും ചെയ്തു. എന്നാല്‍ ഹെല്‍മെറ്റ് ബസിന്റെ വശത്തെ കമ്പിയില്‍ തട്ടി തെറിച്ചതിനാല്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റില്ല. തുടര്‍ന്നും യുവാക്കള്‍ ബസിനെ പിന്തുടരുകയും, ബൈക്ക് റോഡിന് കുറുകെ നിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദ്ദിക്കുകയായിരുന്നു.
ആക്രമണത്തില്‍ അടൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കായംകുളം സ്വദേശി ശ്യാംകുമാര്‍, കണ്ടക്ടര്‍ ശാസ്താംകോട്ട സ്വദേശി പ്രവീണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ടക്ടറുടെ മുഖത്തും കണ്ണിനും പരിക്കുണ്ട്. ഇവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. സംഭവശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."