'ട്രംപ് പോത്തി'നെ ബക്രീദിന് ബലി നല്‍കും; 'കമാൻഡർ-ഇൻ-ബീഫ്' ആരാധകര്‍ നിരാശയില്‍
ധാക്ക: ബംഗ്ലാദേശിലെ നാരായൺഗഞ്ചിൽ 38കാരനായ സിയാവുദ്ദീൻ മൃദ്ധയുടെ ഉടമസ്ഥതയിലുള്ള കന്നുകാലി ഫാമിലേക്ക് 'ഡൊണൾഡ് ട്രംപി'നെ കാണാൻ നിരവധി പേരാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്. ഒറിജിനലിനെ അല്ല, അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഹെയർസ്റ്റൈലുള്ള പോത്തിനെ കാണാനാണ് ആരാധകരുടെ ഈ തിരക്ക് എന്നുമാത്രം. 'ഡൊണൾഡ് ട്രംപ്' എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ വെള്ള പോത്തിനൊപ്പം സെൽഫി എടുക്കാനും മുടി ചീകാനും നിരവധി പേർ എത്തുന്നതിനാൽ ഫാമിൽ ഇതിനു ഒരു വിളിപ്പേര് കൂടി വീണു- 'കമാൻഡർ-ഇൻ-ബീഫ്'.
ബംഗ്ലാദേശിലെ ഈദ് താരമാണ് ഈ ആൽബിനോ ബഫലോ. പക്ഷേ, ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു കാര്യം കൂടി ഉണ്ട്. ഈ ബക്രീദിന് ബലി നൽകാനായി 'ട്രംപ് പോത്തി'നെ വിറ്റെന്ന് ഉടമസ്ഥൻ വെളിപ്പെടുത്തിയിരിക്കുകയാണ്. "ഇതിനെ വിട്ടുനൽകുന്നതിൽ വളരെ സങ്കടമുണ്ട്. പക്ഷേ, ത്യാഗമാണല്ലോ ബലി പെരുന്നാളിന്റെ സന്ദേശം" - സിയാവുദ്ദീൻ പറയുന്നു. 10 മാസം മുമ്പ് രാജ്ഷാഹിയിലെ ഒരു കന്നുകാലി ചന്തയിൽനിന്നാണ് സിയാവുദ്ദീൻ ഈ പോത്തിനെ വാങ്ങിയത്. തലയിലെ നീണ്ട രോമം കണ്ടപ്പോൾ കൗതുകത്തിന് ട്രംപിന്റേതുപോലെ ചീകിയൊതുക്കുകയായിരുന്നു. അപ്പോൾ സിയാവുദ്ദീന്റെ സഹോദരൻ തമാശക്ക് ഇതിനു ഡൊണാൾഡ് ട്രംപ് എന്ന് പേരിട്ടു. പോത്തിന്റെ ചിത്രങ്ങളും ഈ പേരും സോഷ്യൽ മീഡിയയിൽ പെട്ടന്ന് തരംഗമാകുകയും ചെയ്തു.
700 കിലോഗ്രാമാണ് നാല് വയസ്സുള്ള ഈ ആൽബിനോ പോത്തിന്റെ തൂക്കം. 'ട്രംപ് പോത്തി'ന്റെ ആരോഗ്യം നിലനിർത്താനായി ദിവസവും നാല് തവണ കുളിപ്പിക്കുകയും കൃത്യമായ ഇടവേളകളിൽ ഭക്ഷണം നൽകുകയും ചെയ്തിരുന്നു. എന്നാൽ, സന്ദർശകരുടെ അമിതമായ തിരക്ക് കാരണം പോത്ത് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയതിനാൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിണ്ടി വരെ വന്നു.
അത്യപൂർവമായ ജനിതക പ്രത്യേകത കാരണം കറുപ്പുനിറം നൽകുന്ന മെലാനിൻ കുറയുന്നതാണ് ഇത്തരം പോത്തുകളുടെ വെള്ളനിറത്തിനു കാരണം. ബംഗ്ലാദേശിൽ ഇത്തരം പോത്തുകൾ അപൂർവവുമാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പേരും ബ്രസീൽ ഫുട്ബാൾ താരം നെയ്മറിന്റെ പേരുമുള്ള ആൽബിനോ പോത്തുകളും ഈ ഫാമിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."