ഇത് അമേരിക്കയുടെ കൊടും ചതി; അഭയം തേടിയെത്തിയ അഫ്ഗാനികളെ കോംഗോയിലേക്ക് തള്ളാൻ ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ: അഫ്ഗാനിസ്താനിൽ താലിബാനെതിരായ പോരാട്ടത്തിൽ അമേരിക്കൻ സൈന്യത്തെ സഹായിച്ച അഫ്ഗാൻ പൗരന്മാരോട് കടുത്ത അവഗണനയുമായി ഡോണാൾഡ് ട്രംപ് ഭരണകൂടം. നിലവിൽ ഖത്തറിലെ താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്ന അഫ്ഗാനികളെ അമേരിക്കയിൽ പുനരധിവസിപ്പിക്കുന്നതിന് പകരം, ആഭ്യന്തര സംഘർഷം രൂക്ഷമായ ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്ക് അയക്കാൻ നീക്കം നടക്കുന്നു. ന്യൂയോർക്ക് ടൈംസാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
താലിബാൻ്റെ കണ്ണിലെ കരടായ ഇവരോട് ഒന്നുകിൽ കോംഗോയിലേക്ക് പോകുക, അല്ലെങ്കിൽ മരണമുറപ്പായ അഫ്ഗാനിസ്താനിലേക്ക് തിരിച്ചുപോവുക എന്ന കടുത്ത നിബന്ധനയാണ് യുഎസ് മുന്നോട്ടുവെക്കുന്നത്.
വാഗ്ദാനം ലംഘിച്ച് അമേരിക്ക
2021-ൽ താലിബാൻ അധികാരം പിടിച്ചപ്പോൾ യുഎസ് സൈന്യം നേരിട്ട് രക്ഷപ്പെടുത്തിയവരാണ് ഈ അഫ്ഗാനികൾ. അമേരിക്കൻ സൈന്യത്തിന് വേണ്ടി പരിഭാഷകരായും സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളായും പ്രവർത്തിച്ചവരാണിവർ. സുരക്ഷാ പരിശോധനകൾക്ക് ശേഷം അമേരിക്കയിൽ സ്ഥിരതാമസം അനുവദിക്കുമെന്ന വാഗ്ദാനത്തിലാണ് ഇവരെ ഖത്തറിലെ ക്യാമ്പ് അസ് സെയ്‌ലിയയിൽ എത്തിച്ചത്.
എന്നാൽ ട്രംപ് അധികാരമേറ്റതോടെ കുടിയേറ്റ നയങ്ങളിൽ വരുത്തിയ മാറ്റം ഇവരുടെ ജീവിതം വഴിമുട്ടിച്ചു. നിലവിൽ 400 കുട്ടികളടക്കം 1,100-ഓളം അഫ്ഗാനികളാണ് ഖത്തറിൽ ദുരിതജീവിതം നയിക്കുന്നത്. കഴിഞ്ഞ വർഷം വാഷിംഗ്ടണിലുണ്ടായ ഒരു വെടിവെപ്പിനെത്തുടർന്ന് അഫ്ഗാനികൾക്കുള്ള പ്രത്യേക വിസ പദ്ധതി ട്രംപ് മരവിപ്പിക്കുകയായിരുന്നു.
എന്തിനാണ് കോംഗോ?
ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് കോംഗോ. 6 ലക്ഷത്തിലധികം അഭയാർത്ഥികൾ നിലവിൽ അവിടെയുണ്ട്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ ഇവരെ സ്വീകരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് ട്രംപ് ഭരണകൂടം കോംഗോയുമായി ചർച്ച തുടങ്ങിയത്.
നാടുകടത്തപ്പെടുന്ന കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിന് പകരമായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിക്ക് 50 മില്യൺ ഡോളർ നൽകാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്.റുവാണ്ടയുമായുള്ള സംഘർഷം നിലനിൽക്കുന്ന കോംഗോയിൽ തങ്ങൾക്ക് എന്ത് സുരക്ഷ ലഭിക്കുമെന്നാണ് അഫ്ഗാനികളുടെ ചോദ്യം.
'ഇത് കൊടും ചതി'; പ്രതിഷേധം ശക്തം
സന്നദ്ധ സംഘടനകളും മുൻ നയതന്ത്രജ്ഞരും അമേരിക്കയുടെ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്."കൂടെ നിന്നവരെ അമേരിക്ക ഇത്തരത്തിൽ ചതിക്കുകയാണെങ്കിൽ, ഇനി ആര് അമേരിക്കയ്ക്ക് വേണ്ടി പോരാടും?" എന്ന് മുൻ നയതന്ത്രജ്ഞ റീന അമീരി ചോദിക്കുന്നു.
"ലോകത്തിലെ ഒന്നാം നമ്പർ അഭയാർത്ഥി പ്രതിസന്ധിയിൽ നിന്ന് രണ്ടാം നമ്പർ പ്രതിസന്ധിയിലേക്ക് ആരെങ്കിലും പോകുമോ?" എന്നാണ് അഫ്ഗാൻ ഇവാക് പ്രസിഡന്റ് ഷോൺ വാൻഡിവർ ചോദിക്കുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി അമേരിക്കയെ സഹായിച്ചവരെ നരകതുല്യമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."