ഇന്തോനേഷ്യയില്‍ ടൂറിസ്റ്റ് ബോട്ടില്‍ സ്‌ഫോടനം; രണ്ടു മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബാലിയില്‍ ടൂറിസ്റ്റ് ബോട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവര്‍ വിദേശികളാണ്.
വിനോദസഞ്ചാര കേന്ദ്രമായ ബാലിയില്‍ സ്പീഡ് ബോട്ടിലാണ് സ്‌ഫോടനം നടന്നത്. ഒരു ജര്‍മന്‍ യുവതിയും മറ്റൊരു ആസ്‌ത്രേലിയക്കാരിയുമാണ് കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പരുക്കേറ്റവരില്‍ കൂടുതല്‍ പേരും ജര്‍മനി, പോര്‍ച്ചുഗല്‍, ആസ്‌ത്രേലിയ, ദക്ഷിണ കൊറിയ, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, സ്‌പെയിന്‍ സ്വദേശികളാണ്. ബോട്ടില്‍ സ്‌ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദ ആക്രമണമാകാമെന്ന നിഗമനത്തിലാണ് പൊലിസ്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. യാത്ര തുടങ്ങി ഉടന്‍ ബോട്ടില്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. തുടര്‍ന്നു ബോട്ടില്‍നിന്ന് പുക ഉയര്‍ന്നു. ബോട്ടിന്റെ ഇന്ധന ടാങ്കിനും തീപിടിച്ചു. ഇതില്‍ പലരും പുറത്തേക്കു തെറിച്ചുവീണതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായായിരുന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബോട്ടിലെ ക്യാപ്റ്റനെയും മറ്റും പൊലിസ് ചോദ്യംചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."