വെടിനിര്‍ത്തല്‍ നീട്ടിയതോടെ ഒമാന്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു; സ്വര്‍ണത്തിനും മുന്നേറ്റം
മസ്‌കത്ത്: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ ഒമാന്‍ ക്രൂഡ് ഓയില്‍ വിലയിലും സ്വര്‍ണവിലയിലും വന്‍ മുന്നേറ്റം. ഏഷ്യന്‍ വിപണിയിലെ ആദ്യ വ്യാപാരത്തില്‍ യു.എസ് ഡോളറും കരുത്തുനിലനിര്‍ത്തി.
ജൂണില്‍ വിതരണം ചെയ്യേണ്ട ഒമാന്‍ ക്രൂഡ് ഓയിലിന്റെ ഔദ്യോഗിക വില ബാരലിന് 99.26 ഡോളറായാണ് ഉയര്‍ന്നത്. ചൊവ്വാഴ്ചത്തെ ക്ലോസിംഗ് വിലയായ 92.01 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ബാരലിന് 7.25 ഡോളറിന്റെ വലിയ വര്‍ധനവാണ് ഒറ്റദിവസം കൊണ്ട് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ വിതരണം ചെയ്ത ഒമാന്‍ ക്രൂഡ് ഓയിലിന്റെ ശരാശരി പ്രതിമാസ വില ബാരലിന് 68.15 ഡോളറായിരുന്നു. മാര്‍ച്ചിലെ വിലയേക്കാള്‍ 5.98 ഡോളറിന്റെ വര്‍ധനവായിരുന്നു ഇത്.
സ്വര്‍ണത്തിനും മറ്റ് ലോഹങ്ങള്‍ക്കും നേട്ടം
എണ്ണവില മൂലമുള്ള പണപ്പെരുപ്പ ആശങ്കകള്‍ക്ക് അയവുവന്നതോടെ വിലയേറിയ ലോഹങ്ങളുടെ വിപണിയിലും നിക്ഷേപകര്‍ക്ക് ഉണര്‍വുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില 0.9 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,755.11 ഡോളറിലെത്തി. ഏപ്രില്‍ പകുതിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് സ്വര്‍ണവില തിരിച്ചു കയറിയത്. ജൂണില്‍ വിതരണം ചെയ്യേണ്ട യു.എസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1 ശതമാനം നേട്ടത്തോടെ 4,772.90 ഡോളറിലുമെത്തി. സ്വര്‍ണത്തിന് പുറമെ മറ്റ് ലോഹങ്ങളായ വെള്ളി (1.5%), പ്ലാറ്റിനം (1.5%), പല്ലേഡിയം (1.8%) എന്നിവയുടെ വിലയിലും മികച്ച വര്‍ധനവുണ്ടായി.
കരുത്തുനേടി ഡോളര്‍
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡോളറിനും ഡിമാന്‍ഡ് വര്‍ധിച്ചു. പ്രധാനപ്പെട്ട ആറ് കറന്‍സികള്‍ക്കെതിരെയുള്ള ഡോളര്‍ ഇന്‍ഡക്‌സ് ഒരാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 98.415 ല്‍ എത്തി. യൂറോ (1.1739 ഡോളര്‍), ഓസ്‌ട്രേലിയന്‍ ഡോളര്‍ (0.7152), ന്യൂസിലന്‍ഡ് ഡോളര്‍ (0.5894) എന്നിങ്ങനെയാണ് വിനിമയ നിരക്ക്. തുടര്‍ച്ചയായ ഏഴാം മാസവും ജപ്പാന്റെ കയറ്റുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയതോടെ ഡോളറിനെതിരെയുള്ള യെന്‍ നിരക്ക് നേരിയ തോതില്‍ കുറഞ്ഞ് 159.26 ആയി. ഇന്ധനവിലയിലുണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചിലെ യു.എസ് റീട്ടെയില്‍ വില്‍പ്പനയില്‍ 1.7 ശതമാനം വര്‍ധനവുണ്ടായതും ഡോളറിന് കരുത്തേകി.
Summary: The official price of Oman crude oil for June delivery settled at $99.26 per barrel, while gold prices rose and the US dollar held steady in early Asian trading on Wednesday after US announced an indefinite extension of the ceasefire with Iran. The official price of Oman crude oil for June delivery settled on Wednesday at $99.26 per barrel. and price of Oman oil recorded an increase of $7.25.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."