തുവ്വൂരില്‍ റെയില്‍വേ സംരക്ഷണ ഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞുവീണു; മെമു ട്രെയിന്‍ മടക്കി അയച്ചു, ഗതാഗതം തടസ്സപ്പെട്ടു
തുവ്വൂര്‍: നിലമ്പൂര്‍ - ഷൊര്‍ണൂര്‍ റെയില്‍വേ പാതയില്‍ തുവ്വൂരില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ തുവ്വൂര്‍ കമാനം മേല്‍പ്പാലത്തിന് സമീപമാണ് സംഭവം. മെമു ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ് ഭിത്തി ട്രാക്കിലേക്ക് പതിച്ചത്. സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ഉടനെയായതിനാല്‍ ട്രെയിനിന് വേഗത കുറവായിരുന്നത് വന്‍ അപകടം ഒഴിവാക്കി.
അശാസ്ത്രീയ നിര്‍മ്മാണമെന്ന് പരാതി
മാസങ്ങള്‍ക്ക് മുമ്പ് പാത നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. ഇതിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലം നേരത്തെ തന്നെ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴയെത്തുടര്‍ന്ന് വിള്ളല്‍ വര്‍ധിച്ചതാകാം തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
റെയില്‍വേ ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവില്‍ ട്രാക്കിലെ മണ്ണ് നീക്കം ചെയ്തു. പുലര്‍ച്ചെ അഞ്ചേകാലിന് എത്തേണ്ട തിരുവനന്തപുരം -നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് രണ്ടു മണിക്കൂറിലേറെ വൈകി 7.45നാണ് യാത്ര തുടര്‍ന്നത്. ട്രാക്കിലെ തടസ്സം കാരണം മെമു ട്രെയിന്‍ ഒന്നര മണിക്കൂറിന് ശേഷം നിലമ്പൂരിലേക്ക് തന്നെ തിരിച്ചുവിട്ടു.
A newly built railway retaining wall collapsed onto the tracks at Thuvvur, leading to the diversion of a MEMU train and delaying other services like Rajya Rani Express.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."