HOME
DETAILS

മോദിക്കെതിരെ ആഞ്ഞടിച്ച കോൺ​ഗ്രസുകാരനിൽ നിന്ന് നോർത്ത് ഈസ്റ്റിലെ ഹിന്ദുത്വയുടെ പോസ്റ്റർ ബോയ് വരെ; ടാഡ കേസും, അഴിമതി ആരോപണങ്ങളും മുതൽ മുഖ്യമന്ത്രി കസേര വരെയുള്ള ഹിമന്തയുടെ യാത്ര  

  
അഷ്‌റഫ് അഹമ്മദ്
May 12, 2026 | 12:02 PM

from the congress leader who slammed modi to the poster boy of hindutva in the northeast the story of himanta biswa sarma

'ഗുജറാത്തിലെ പൈപ്പുകളിലൂടെ ഒഴുകുന്നത് മുസ്‌ലിങ്ങളുടെ ചോര,' 2014 വരെ ബിജെപിയെ തീവ്രവാദ പാർട്ടിയെന്ന് വിശേഷിപ്പിച്ച ഹിമന്ത ബിശ്വ ശർമ്മയെന്ന അന്നത്തെ കോൺഗ്രസ് നേതാവ് മുൻപ് പറഞ്ഞ വാക്കുകളാണിവ. എന്നാൽ ഇന്ന് അതേ ഹിമന്ത അസാമിന്റെ ബിജെപി മുഖ്യമന്ത്രിയായി രണ്ടാമതും അധികാരത്തിലേറിയിരിക്കുന്നു. പ്രളയ ജിഹാദ്, ഫെർട്ടിലൈസർ ജിഹാദ്, ലാൻഡ് ജിഹാദ് തുടങ്ങി അസമിലെ മുസ് ലിങ്ങളെ ലക്ഷ്യംവെച്ച് നടത്തിയ വിദ്വേഷ പരാമർശങ്ങൾ രാജ്യത്തെ ഹിന്ദുത്വയുടെ മുഖമായി ഇന്ന് ഹിമന്തയെ മാറ്റിയിരിക്കുന്നു. 

കോളജ് പഠനകാലത്ത് രണ്ട് തീവ്രവാദ കേസുകളിലും, ഒരു കൊലപാതക കേസിലും പ്രതിയായി ജയിലിൽ കഴിഞ്ഞ ഹിമന്തയെന്ന ചെറുപ്പക്കാരൻ ആസാമിലെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരനായി മാറിയതെങ്ങനെ? ഒരു അന്വേഷണം. 

''ഹിമന്തയുടെ രാഷ്ട്രീയ ജീവിതത്തെ പ്രധാനമായി മൂന്ന് ഘട്ടങ്ങളായി തിരിക്കാം. കടുത്ത കോൺഗ്രസ് വിരോധം ഉയർത്തിക്കാട്ടിയ അന്നത്തെ അസം സ്റ്റുഡന്റ് യൂണിയനിൽ രാഷട്രീയ പ്രവർത്തനം ആരംഭിക്കുന്നു. ടാഡ കേസിൽ അകത്തായതോടെ അതേ കോൺഗ്രസിൽ ചേരുന്നു. കോൺ​ഗ്രസിന്റെ മുഖമായി അസമിൽ മാറിയ കാലയളവിൽ ശാരദ ചിട്ടിക്കേസിൽ പ്രതിസ്ഥാനത്ത്. ഇതോടെ കോൺഗ്രസ് വിട്ട് ഭരണകക്ഷിയായ ബിജെപിയിലേക്ക്.''

കോളജ് പഠന കാലം

1991 ജനുവരിയിൽ അസമിലെ കോട്ടൻ കോളജ് ഹോസ്റ്റലിൽ പൊലിസ് നടത്തിയ റെയിഡിൽ ഹിമന്ത താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയുടെ അടുക്കളയിൽ നിന്നും ഒരു റിവോൾവറും, പതിനഞ്ചോളം ബുള്ളറ്റുകളും കണ്ടെടുക്കുന്നു. ഹിമന്തക്കെതിരെ കേസെടുത്ത പൊലിസ് അയാൾക്ക് തീവ്രവാദ ​ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുന്നു. ഹിമന്തയ്ക്കെതിരെ ഉയർന്നുവന്ന പ്രധാന ആരോപണമായിരുന്നു ഇത്. 

ഇനി ചരിത്രം കുറച്ച് പിറകിലേക്ക് പോവാം. കോളജ് പഠനകാലത്ത് ആൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ (aasu) ൽ അം​ഗമായിരുന്നു ഹിമന്ത. അസമിലെ കുടിയേറ്റ വിരുദ്ധ സമരങ്ങളിലൂടെ പ്രശസ്തമായ സംഘടനയാണിത്. 1971ൽ ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ ആസു ഒരു വലിയ സമരം പ്രഖ്യാപിക്കുന്നു. സംസ്ഥാനത്തുടനീളം വലിയ രീതിയലുള്ള പ്രതിഷേധം നടക്കുന്നു. ഇതാണ് പിൽക്കാലത്ത് അസം മൂവ്‌മെന്റ് എന്നറിയപ്പെട്ടത്. 1980ൽ അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിര ഗാന്ധി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ ആസുവിന് മേൽ കടുത്ത നടപടികളിലേക്ക് കടക്കുന്നു. ഈ കാലയളവിൽ ആസുവിന് വേണ്ടി പ്രചരണങ്ങളിൽ ഹിമന്ത പങ്കെടുത്ത ഹിമന്ത സംഘടനയുടെ ചീഫും, അസം മൂവ്‌മെന്റിന്റെ മുഖവുമായ പ്രഫുല്ല കുമാർ മഹന്തയും, ബ്രിഗു കുമാർ ഫുകാനുമായും പരിചയത്തിലാവുന്നു. തുടർന്ന് തന്റെ സംഘടന പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുന്നു. 

1985ൽ ആസുവും കോൺഗ്രസും തമ്മിൽ അസം അക്കോർഡ് എന്ന ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഈ കാലയളവിൽ ഗുവാഹട്ടിയിലെ കോട്ടൺ കോളജിൽ പഠിക്കുകയായിരുന്ന ഹിമന്ത തന്റെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു. കോളജ് യൂണിയന്റെ സെക്രട്ടറിയായും ഈ സമയം ഹിമന്ത തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. 

ഇതേ കാലയളവിൽ അസമിൽ യൂനൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ulfa) എന്ന പേരിൽ ഒരു മിലിട്ടന്റ് സംഘടന ശക്തിയാർജിക്കുന്നുണ്ടായിരുന്നു. അസമിന് സ്വന്തമായി പുതിയൊരു രാജ്യം വേണമെന്ന് ആവശ്യം മുൻനിർത്തി സായുധ സമരത്തിലൂടെ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്തുകൊണ്ടിരുന്ന സംഘടനയാണിത്. 1990കളിൽ സംഘം അസമിൽ ശക്തിയാർജിക്കുകയും, കേന്ദ്ര സർക്കാർ ഉൽഫയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ കാലയളവിലാണ് ഉൽഫയുടെ പേരിൽ നഗരത്തിലെ ബിസിനസുകാരെ ഭീഷണിപ്പെടുത്തി ഹിമന്ത ലക്ഷങ്ങൾ വാങ്ങിയെന്ന ആരോപണമുയരുന്നത്. 

സംഭവത്തിൽ അന്വേഷണം നടത്തിയ പൊലിസ് 1991 ജനുവരിയിൽ ഗുവാഹട്ടിയിലെ സ്റ്റേഷനിൽ ഹിമന്തക്കെതിരെ Terrorist and disruptive activities prevention act ടാഡ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹിമന്തയുടെ ഹോസ്റ്റലിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ആംസ് ആക്ട് പ്രകാരവും കേസെടുത്തു. 1991 മാർച്ചിൽ ചാന്ത്മാരി സ്റ്റേഷനിൽ ഹിമന്തക്കെതിരായ രണ്ടാമത്തെ ടാഡ കേസും രജിസ്റ്റർ ചെയ്യപ്പെട്ടു. കേസിൽ അസം പൊലിസ് ഹിമന്തയെ അറസ്റ്റ് ചെയ്ത് 15 ദിവസം കസ്റ്റഡിയിൽ വെക്കുകയും ചെയ്തു. അസം മൂവ്‌മെന്റിന് ശേഷം ആസുവിലെ പല പ്രവർത്തകരും ഉൽഫയിൽ പ്രവർത്തിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 

അറസ്റ്റിൽ തുടർനടപടികൾ ഇല്ലാതായതോടെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഹിമന്ത ജാമ്യത്തിൽ ഇറങ്ങി. ഈ സമയത്ത് അസമിനെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായ മനീബേന്ദർ ശർമയുടെ കൊലപാതകം നടന്നു. കേസിൽ ഹിമന്തക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നു. 

2019ൽ മുൻ സിഎം ആയിരുന്ന പ്രഫല്ല കുമാർ മഹന്ത, ഹിമന്തയ്ക്കും ഉൽഫയ്ക്കും മനിബേന്ദറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെനന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. മനീബേന്ദ​റിന്റെ കൊലപാതകമാണ് ഹിമന്തയെ ആസു സംഘടനയിൽ നിന്ന് പുറത്താക്കാൻ കാരണമെന്നും പ്രഫുല്ല മഹന്ത ആരോപിക്കുന്നു. 

പിൽക്കാലത്ത് ഉൽഫയുടെ ഉപസംഘടനയായ ഉൽഫ I യും ഹിമന്തക്ക് മനിബേന്ദ്രയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നും, സംഘടനയിലെ പ്രവർത്തകരെ പൊളിറ്റിക്കൽ മർഡറുകൾക്കായി ഹിമന്ത ഉപയോ​ഗിച്ചിരുന്നെന്നും ആരോപണം ഉയർത്തി രം​ഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ കേസുകളിലും അന്വേഷണം ഹിമന്തയിലേക്കെത്തിയില്ല. 

കോൺ​ഗ്രസിലേക്ക്

1991ലെ രണ്ട് ടാഡ കേസുകളും, 1 കൊലപാതക്കേസും ഹിമന്തയുടെ പേരിൽ നിലനിൽക്കെയാണ് 1993ൽ ആസു വിട്ട് ​ഹിമന്ത കോൺഗ്രസിൽ ചേരുന്നത്. ആസുവിൻെ പ്രത്യയ ശാസ്ത്ര എതിരാളിയായ കോൺഗ്രസിലേക്കുള്ള ഹിമന്തയുടെ പാലായനം ഏവരെയും അത്ഭുതപ്പെടുത്തി. കോൺഗ്രസിലെത്തിയ ഹിമന്ത അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഹിതേശ്വർ സകിയയെ തന്റെ രാഷ്ട്രീയ ആചാര്യനായി കരുതി പാർലമെന്ററി പാർട്ടി പ്രവർത്തനം ആരംഭിച്ചു. 1996 ആവുമ്പോഴേക്കും, അസമിലെ ചാന്തമാരി, പാൻബസാർ പൊലിസ് സറ്റേഷനുകളിൽ നിന്നായി ഹിമന്തയുടെ പേരിലുള്ള ടാഡ കേസുകളുടെ നിർണായക ഫയലുകൾ കാണാതാവുന്നു. പിന്നാലെ കൊലപാതക കേസിലെ അന്വേഷണവും വഴിമുട്ടി. 

1996ൽ കോൺഗ്രസ് ടിക്കറ്റിൽ ജലുക്ബാരി മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയ ഹിമന്ത പക്ഷെ പരാജയത്തിന്റെ കയ്പ്പുനീരറിഞ്ഞു. തന്റെ പഴയകാല സഹചാരിയായിരുന്ന അസം മൂവ്‌മെന്റ് നേതാവ് ബ്രിഗു കുമാർ ഫൂക്കൻ ആയിരുന്നു ഈ തിരഞ്ഞെടുപ്പിൽ ഹിമന്തയുടെ എതിരാളി. തിര‍ഞ്ഞെടുപ്പിൽ അടിതെറ്റിയ കോൺ​ഗ്രസിന് ഭരണം നഷ്ടമായി.  AGP പാർട്ടി അധികാരത്തിലെത്തി. പ്രഫുല്ല കുമാർ മെഹന്ത അസമിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. (ഇതേ പ്രഫുല്ല കുമാറാണ് ഹിമന്തയ്ക്ക് മാനേബീന്ദർ ശർമയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് രം​ഗത്തെത്തിയത്). 

വിജയം, പാർലമന്ററി രാഷ്ട്രീയം, കോൺ​ഗ്രസിന്റെ അനിഷേധ്യനായ നേതാവ്

അഞ്ചുവർഷങ്ങൾക്ക് ശേഷം 2001ൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നു. ഇത്തവണ പക്ഷെ ജാലുക്ബാരി സീറ്റിൽ നിന്നുതന്നെ ഹിമന്ത പതിനായിരം വോട്ടുകൾക്ക് ജയിച്ചു. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. തരുൺ ഗൊഗോയ് മുഖ്യമന്ത്രിയായി. 2002ൽ തരുൺ ഗൊഗോയ് മന്ത്രി സഭയിൽ ഹിമന്തയെത്തി. ഈ കാലയളവിൽ ഹിമന്ത തന്റെ രാഷ്ട്രീയ പ്രവർത്തനം വ്യാപിപ്പിക്കുന്നു. 2006ലെ  തിരഞ്ഞെടുപ്പിലും കോൺഗ്രസ് അധികാരം നിലനിർത്തി. ധനകാര്യം, ആരോഗ്യം എന്നിങ്ങനെ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്ത്  രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ തുടക്കം മുതൽ പരിശ്രമിച്ചിരുന്ന ഹിമന്ത അസം രാഷ്ട്രീയത്തിൽ നിർണായക പദവിയിലേക്ക് ഉയരുന്നു. ഭരണ കക്ഷിയായ കോൺ​ഗ്രസിന്റെ പിന്തുണ ഹിമന്തയ്ക്ക് വേണ്ടുവോളം കിട്ടിയിരുന്നു.

അഴിമതി ആരോപണങ്ങൾ

ഭരണത്തിലിരിക്കെ നിരവധി അഴിമതി ആരോപണങ്ങൾ ഹിമന്തയ്ക്കെതിരെ ഉണ്ടായിട്ടുണ്ട്. 2026ലെ തെര‍ഞ്ഞെടുപ്പ് റാലിയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഹിമന്തയെ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരൻ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇതേ കോൺ​ഗ്രസ് പാർട്ടിയുടെ ഭാ​ഗമായിരുന്നപ്പോഴാണ് ഹിമന്തക്കെതിരെ ആദ്യ അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നത്. 

  • ടെറർ ഫണ്ടിങ് സ്കാം

2009ൽ നോർത്ത് കച്ചർ ഹിൽസ് ഓട്ടോണമസ് കൗൺസിലുമായി ബന്ധപ്പെട്ടുണ്ടായ ടെറർ ഫണ്ടിങ് സ്‌കാമിൽ ഹിമന്തയുടെ പേരുവന്നു. രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, മിലിട്ടൻസും ചേർന്നുള്ള നെക്‌സസ് സർക്കാർ ഫണ്ടുകളിൽ തിരിമറി നടത്തി ഹവാല ഇടപാടിലൂടെ അസമിലെ തീവ്രവാദ ഗ്രൂപ്പായ Dima Halam Daogah (DHD(j) ന് പണം കൈമാറിയെന്നാണ് ആരോപണം. 2006നും 2009നും ഇടയിൽ സ്‌കൂൾ കുട്ടികൾക്കും, ഭിന്നശേഷിക്കാർക്കുമായി വകയിരുത്തിയ ഫണ്ടുകൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഈ പണം തീവ്രവാദപ്രവർത്തനത്തിന് ഉപയോഗിക്കുകയും, രാജ്യത്തിനെതിരെ ഉപയോഗിച്ചെന്നുമാണ് അന്വേഷണ റിപ്പോർട്ട്. 

ആരോഗ്യ വകുപ്പിന് കീഴിലാണ് ഈ തിരിമറികൾ അത്രയും നടന്നത്. ഈ സമയം ആരോ​ഗ്യവകുപ്പിന്റെ തലവനായിരുന്നു ഹിമന്ത. എന്നാൽ കേസുകളിൽ സർക്കാർ ഏജൻസികൾ ഹിമന്തയെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്. ആരോപണങ്ങൾ ഒരു വശത്ത് ശക്തിയാർജിച്ചപ്പോഴും, ഹിമന്ത അസം കോൺഗ്രസിൽ ശക്തമായ സാന്നിധ്യമായി വളരുകയായിരുന്നു. 

2011 തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമായി കോൺ​ഗ്രസ് ഹിമന്തയെ ഉയർത്തിക്കാട്ടി. 126ൽ 78 സീറ്റ് നേടി ശക്തമായി കോൺഗ്രസ് ഭരണത്തിലേറി. തരുൺ ഗൊഗോയി മുഖ്യമന്ത്രിയായി. മന്ത്രിസഭയിലെ രണ്ടാമനായി ഹിമന്തയും. ഇവിടം മുതലാണ് കോൺ​ഗ്രസും, ഹിമന്തയും തമ്മിൽ ഇടയുന്നത്. പാർട്ടിയിലെ ഹിമന്തയുടെ വളർച്ച കണ്ട തരുൺ ​ഗൊ​ഗോയ്, മകൻ ​ഗൗരവ് ​ഗൊ​ഗോയിയെ തന്റെ പിൻ​ഗാമിയായി വാഴിക്കാൻ ശ്രമം നടത്തിയെന്നാണ് രാഷ്ട്രീയ മേഖലയിലെ ​ആരോപണങ്ങൾ. ഇതിനെ എതിർത്ത ഹിമന്ത അസം കോൺഗ്രസിൽ നടന്ന പുനസംഘടന തെരഞ്ഞെടുപ്പിൽ തരുൺ ഗൊഗോയ് നിർത്തിയ സ്ഥാനാർഥികളെ തോൽപ്പിച്ചു. ഹിമന്തയുടെ നോമിനികൾ വിജയിക്കുക കൂടി ചെയ്തതോടെ കോൺ​ഗ്രസിലെ പടലപ്പിണക്കം മറനീക്കി പുറത്തേക്ക് വന്നുതുടങ്ങി.  

ഹെെക്കമാൻഡുമായി നിരന്തരം ചർച്ചക്കെത്തിയ ഹിമന്ത തരുൺ ഗൊഗോയിയെ സിഎം സ്ഥാനത്തുനിന്ന് മാറ്റാൻ പലപ്രാവശ്യം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഹൈക്കമാൻഡ് ആവശ്യം തള്ളുകയും,  കോൺഗ്രസും, ഹിമന്തയും തമ്മിലുള്ള വിടവ് വർധിക്കുകയും ചെയ്തു. 

  • ശാരദ ചിട്ടി ഫണ്ട് സ്‌കാം

2013ൽ ശാരദ ഗ്രൂപ്പ് ചെയർമാൻ സൂദിപ്ത സെൻ നേരിട്ട് ഹിമന്തക്കെതിരെ ആരോപണവുമായി രംഗത്തെത്തി. തന്നെ ചതിച്ച് 3 കോടി രൂപ തട്ടിയെടുത്തെന്നാണ് സുദിപ്‌തോ പറഞ്ഞത്. ഇക്കണോമിക്‌സ് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അസമിൽ ബിസിനസ് നടത്തുന്നതിന് സുദീപ്‌തോയുടെ കൈയ്യിൽ നിന്ന് 20 ലക്ഷം രൂപ പ്രതിമാസം ഹിമന്ത കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടുന്നു. ഹിമന്ത വീണ്ടും ആരോപണങ്ങൾ നിഷേധിച്ച് രം​ഗത്തെത്തി. എങ്കിലും കോൺ​ഗ്രസുമായുണ്ടായ അകൽച്ച പാർട്ടിയിൽ നിന്നും പഴയതുപോലെ പിന്തുണ കിട്ടാനുള്ള സാധ്യത ഇല്ലാതായി. 

മോദിയുടെ വിജയം, ഹിമന്തയുടെ കാത്തിരിപ്പ് 

ഈ കാലയളവിലാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ്​ ​ഗോദയിലേക്കിറങ്ങുന്നത്. പ്രാദേശിക തലത്തിൽ പാർട്ടിയുമായി ഭിന്നതയുണ്ടെങ്കിലും ബിജെപിക്കെതിരെ ഹിമന്ത തെര‍ഞ്ഞെടുപ്പ് റാലികളിൽ ഘോരഘോരം പ്രസം​ഗിച്ചു. മോദിയെ നേരിട്ട് കടന്നാക്രമിച്ച ഹിമന്ത ഗുജറാത്തിലെ പൈപ്പുകളിലൂടെ ഒഴുകുന്നത് മുസ് ലിങ്ങളുടെ രക്തമാണെന്ന് തുറന്നടിച്ചു. പ്രസ്താവന രാജ്യം ഏറ്റെടുത്തു. അനുകൂലിച്ചും, പ്രതികൂലിച്ചും വാദങ്ങളുണ്ടായി. വിവാദം കനത്തതോടെ താനൊരു കടുത്ത കോൺ​ഗ്രസുകാരനാണെന്നും, നിങ്ങൾ എന്തുവേണമെങ്കിലും വിചാരിച്ചോളൂ എന്നും ഹിമന്ത തുറന്നെഴുതി. എൻആർസിയെയും, ഹിന്ദു-മുസ് ലിം വർഗീയ ധ്രൂവീകരണത്തെയും എതിർക്കുന്ന രാഷ്ട്രീയമാണ് താൻ മുന്നോട്ട് വെക്കുന്നതെന്നും ഹിമന്ത പറയുന്ന വീഡിയോ യൂട്യൂബിൽ കാണാൻ സാധിക്കും. 

എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപി ജയിക്കുകയും, എൻഡിഎ സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. യുപിഎ സർക്കാര‍ിന് കനത്ത തിരിച്ചടി നേരിട്ടു. 

ബിജെപിയുടെ പ്രതികാരം

അധികാരത്തിലേറിയ ഉടൻ ബിജെപി സർക്കാർ ഹിമന്തക്കെതിരെ സിബി ഐ അന്വേഷണം പ്രഖ്യാപിച്ചു. ഹിമന്തയുടെ പത്‌നിയുടെ ന്യൂസ് ചാനൽ ഒാഫീസിൽ അന്വേഷണ ഉദ്യോ​ഗസ്ഥരെത്തി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ ഹിമന്തയെ പ്രതിരോധത്തിലാക്കി. കേസുകളിൽ കുറ്റവിമുക്തനാക്കുന്നത് വരെ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഹിമന്ത പ്രഖ്യാപിച്ചു.

മുൻപ് തനിക്കെതിരായ ടാഡ കേസുകളിൽ രക്ഷപ്പെടാൻ ഉപയോ​ഗിച്ച അതേ തന്ത്രം പയറ്റാൻ ഹിമന്ത വീണ്ടും തീരുമാനിച്ചു. ഇതിനായി ആർഎസ്എസിന്റെ പ്രാദേശിക നേതൃത്വവുമായി നിരന്തരം ബന്ധപ്പെടാൻ ഹിമന്ത ശ്രമിച്ചു. 2015ൽ ഒൗദ്യോ​ഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ  ഹിമന്ത ബിജെപിയിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചെന്ന് ചുരുക്കം. 

ഹിമന്തയുടെ ബിജെപി പ്രവേശനം ഏകദേശം യാഥാർഥ്യമാകാനിരിക്കെ മറ്റൊരു കാര്യം സംഭവിച്ചു. അസമിലെ ബിജെപി നേതൃത്വം തന്നെ ഹിമന്തക്കെതിരെ രം​ഗത്തെത്തി. പാർട്ടി നേതാക്കളായ സർവാനന്ദ് സോനോവാൾ, കിരിൺ റിജിജു എന്നിവർ ചേർന്ന് ഹിമന്തക്കെതിരെ പുതിയ അഴിമതി ആരോപണം ഉന്നയിച്ചു. പ്രമാദമായ ലൂയിസ് ബെർജർ സ്‌കാമിൽ ഹിമന്തക്ക് പങ്കുണ്ടെന്ന് ഇരുവരും വാർത്താസമ്മേളനം നടത്തി ആരോപിച്ചു. 2010ൽ ഗോവയിലും അസമിലും തങ്ങളുടെ കമ്പനികൾ ആരംഭിക്കുന്നതിനായി രാഷ്ട്രീയക്കാരെ സ്വാധീനിച്ചെന്നും, കോടികൾ കൈക്കൂലി നൽകിയെന്നുമാണ് കമ്പനിക്കെതിരായ കേസ്. ആ സമയം മന്ത്രിയായിരുന്ന ഹിമന്ത ഗുവാഹത്തി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് തലവനായിരുന്നു. ബിജെപി പുറത്തുവിട്ട റിപ്പോർട്ടിൽ ലൂയിസ് ബർജർ കേസിലെ മുഖ്യ പ്രതിയായി ഹിമന്തയെ ചൂണ്ടിക്കാട്ടുന്നു. 

ഈ ആരോപണം വന്നതിന് തൊട്ടടുത്ത മാസം ഹിമന്ത ബിജെപിയിൽ അം​ഗത്വമെടുത്തു. ഹിമന്തയുടെ ബിജെപി പ്രവേശനത്തിൽ ആർഎസ്എസിന് നിർണായക പങ്കുണ്ടെന്നാണ് നി​ഗമനം. ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ ലൂയി ബർജർ കേസിലെ സിബി ഐ അന്വേഷണം ഇഴയാൻ തുടങ്ങി. കേസുമായി ബന്ധപ്പെട്ട് ഏഴോളം നിർണായക ഫയലുകൾ ജിഎംഡിഎ ഓഫീസിൽ നിന്ന് കാണാതായി.  മുൻപ് ടാഡ കേസ് ഫയലുകൾ കാണാതായ പോലെ. പതിയെ ശാരദ ചിട്ടി ഫണ്ട് കേസും ഇല്ലാതാവാൻ തു‍ടങ്ങി. ഇന്നും ബിജെപിയുടെ വാഷിങ് മെഷീൻ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമായി പ്രതിപക്ഷ കക്ഷികൾ ഹിമന്തയെ ചൂണ്ടിക്കാണിക്കാറുണ്ട്. അസമിലെ ബിജെപി നേതൃത്വം ഹിമന്തയുടെ പാർട്ടി പ്രവേശനത്തിൽ തൃപ്തരല്ലെന്ന് അന്ന് ആരോപണമുയർന്നിരുന്നു. പക്ഷെ ആർഎസ്എസിന്റെ ശക്തമായ പിന്തുണ ഹിമന്തയ്ക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 

ഹിന്ദുത്വയിലേക്കുള്ള പ്രയാണം

ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഹിമന്തയുടെ രാഷ്ട്രീയം സ്വിച്ചിട്ട പോലെ മാറുന്നു. ഒരുകാലത്ത് മതസൗഹാർദത്തിന് വേണ്ടി നിലകൊണ്ട ഹിമന്ത മുസ് ലിങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രസംഗങ്ങളിലൂടെ ഹിന്ദുത്വയ്ക്ക് പ്രിയപ്പെട്ടവനാവുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. അസമിലെ മുസ് ലിം ജനസംഖ്യ വർധിച്ചെന്നും, ഇത് തടയണമെന്നും ഹിമന്ത പരസ്യമായി ആഹ്വാനം ചെയ്തു. ഈ പ്രസ്താവനകൾ ആർഎസ്എസിൽ നിന്ന് പിന്തുണ ലഭിക്കാൻ ഹിമന്തയെ സഹായിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ സംസ്ഥാന ബിജെപിയിൽ നിന്നുള്ള പ്രതിസന്ധികൾ ഹിമന്ത അതിജീവിച്ചെന്ന് പറയപ്പെടുന്നു. 

ഹിമന്തയെ മുൻനിർത്തി വടക്കുകിഴക്കൻ മേഖലയെ മൊത്തത്തിൽ അടർത്തിയെടുക്കാനുള്ള പദ്ധതിക്കാണ് പിന്നീട് ബിജെപി കരുക്കൾ നീക്കിയത്. അരുണാചൽ പ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കളെ ബിജെപിയിൽ എത്തിച്ചതിന് പിന്നിൽ ഹിമന്തയാണെന്ന് പറയപ്പെടുന്നു. 

  • പിപിഇ കിറ്റ് സ്കാം 

തുടർന്ന് 2016ൽ അസമിൽ അധികാരത്തിലെത്തിയ ബിജെപി സർക്കാർ സർബാനന്ദ് സോനോവാളിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. മന്ത്രിസഭയിൽ ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ മന്ത്രിയായി ഹിമന്തയെത്തി. ഈ കാലയളവിൽ 2020ൽ കോവിഡ് മഹാമാരി പടർന്നുപിടിച്ചു. ഇതിനിടയിൽ അടുത്ത അഴിമതി ആരോപണവും ഹിമന്തക്കെതിരെ എത്തി. 

2020ൽ ആരോഗ്യ മന്ത്രിയായിരിക്കെ കോവിഡ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് ​ഹിമന്തയുടെ  ഭാര്യയുടെ പേരിലുള്ള ജെസിബി ഇൻഡസ്ട്രീസിന് അധിക വിലയിൽ 5000 പിപിഇ കിറ്റുകൾ വിതരണം ചെയ്യാനുള്ള സർക്കാർ ഓർഡർ ലഭിച്ചു. 600 രൂപയുള്ള കിറ്റ് 900 രൂപയ്ക്കാണ് കമ്പനി നിർമിച്ചത്. ഈ കമ്പനിക്ക് പിപിഇ കിറ്റി നിർമിക്കാനുള്ള മുൻപരിചയം ഉണ്ടായിരുന്നില്ല. എന്നിട്ടും കമ്പനിക്ക് ഓർഡർ ലഭിക്കുന്നു. ഇതോടെ ഹിമന്തക്കെതിരെ പിപിഇ കിറ്റ് അഴിമതി ആരോപണവും ഉയർന്നുവന്നു. സർക്കാർ സംവിധാനങ്ങൾ അനങ്ങിയില്ല. മറ്റൊരു അഴിമതി ആരോപണം കൂടെ ഇല്ലാതായി. 

2021ൽ അസം തിരഞ്ഞെടുപ്പിൽ 60 സീറ്റുമായി ബിജെപി വീണ്ടും അധികാരത്തിലെത്തി. ഇത്തവണ മുഖ്യമന്ത്രി പദത്തിലേക്ക് ഹിമന്ത എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അധികാരമേറ്റയുടൻ മുസ് ലിങ്ങളെയും, ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള വർ​ഗീയ പരാമർശങ്ങൾക്ക് ഹിമന്ത ആക്കം കൂട്ടി. ഇതിനിടയിലെല്ലാം ഹിമന്തക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയരുന്നത് നിർലോഭം തുടർന്നുകൊണ്ടിരുന്നു. 

ദി വയറിന്റെ കണ്ടെത്തലുകൾ

2021 ഡിസംബറിൽ ദി വയർ പുറത്തുവിട്ട റിപ്പോർട്ടിൽ, ഹിമന്തയുടെ ഭാര്യ റിനുകി ശർമയുടെ ഉടമസ്ഥതയിലുള്ള റിയൽ എസ്‌റ്റേറ്റ് കമ്പനി 18 ഏക്കറോളം സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നു. ഇതിൽ 6 ഏക്കറോളം ഭൂമി തലസ്ഥാന ന​ഗരിയായ ഗുവാഹട്ടിയോട് ചേർന്നുള്ള അന്താരാഷ്ട്ര എയർപോർട്ടിന് അടുത്താണെന്ന് കണ്ടെത്തി. ഇതിന് മാർക്കറ്റിൽ കോടികളാണ് വില. പതിവുപോലെ ആരോപണം ഹിമന്ത തള്ളി.  

2023 ഏപ്രിലിൽ ദി വയർ അടുത്ത വെളിപ്പെടുത്തലുമായി രം​ഗത്തെത്തി. ഗുവാഹത്തിയിലെ ഫ്‌ളൈ ഓവറിന്റെ ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം അതേ പരിപാടിയുടെ പേരിൽ സർക്കാർ വീണ്ടും ടെൻഡർ ഇഷ്യൂ ചെയ്തു എന്ന് വയർ കണ്ടെത്തി. ഈ ടെൻഡർ ലഭിച്ചതാകട്ടെ ഹിമന്തയുടെ കുടുംബ സുഹൃത്തിനും. 2021 നവംബർ 4നാണ് ഫ്‌ളൈ ഓവർ ഉദ്ഘാടനം നടന്നത്. എന്നാൽ 2022 മെയിൽ അടുത്ത ബന്ധുവായ ഭാസ്‌കർ ശർമയുടെ കമ്പനിക്ക് ഉദ്ഘാടനത്തിന്റെ ടെൻഡർ വീണ്ടും അനുവദിച്ചെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി കമ്പനിക്ക് 45 ലക്ഷം രൂപ അനുവദിച്ച് പിഡബ്ല്യൂഡി ഡിപ്പാർട്ട്മെന്റ് ഉത്തരവിറക്കിയെന്നാണ് കണ്ടെത്തൽ. പിഡബ്ല്യൂഡി വകുപ്പിന്റെ തലവൻ ഹിമന്ത തന്നെ. 

2023 സെപ്റ്റംബറിൽ റിനുകിയുടെ മീഡിയ കമ്പനിയായ പ്രൈഡ് ഈസ്റ്റ് എന്റർടൈൻമെന്റിന് ഫുഡ് പ്രൊസസിങ് പ്ലാന്റ് തുടങ്ങാൻ പത്ത് കോടിയുടെ സർക്കാര‍് സബ്സിഡി അനുവദിച്ചെന്ന ആരോപണവും ഇക്കാലയളവിൽ പുറത്തുവന്നു. 

2024ലെ റിപ്പോർട്ടിൽ ഹിമന്ത സർക്കാർ ഫണ്ട് ഉപയോഗിച്ച് റാലികൾക്കും, ബിജെപി മീറ്റുങ്ങൾക്കും പൊതുഖജനാവിലെ പണം ധൂർത്തടിക്കുന്നതായി ദി വയ‍ർ വെളിപ്പെടുത്തി. ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ച് ബന്ധുക്കളുടെ കല്യാണത്തിനടക്കം പോവുകയാണെന്നും ഇതിനായി സർക്കാർ ഖജനാവിലെ പണം ധൂർത്തടിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇതിനെതുടർന്ന് സംസ്ഥാനത്തിന്റെ പൊതുകടം 1,26,281 കോടിയായി ഉയർന്നെന്നും, മുൻപ് കോൺഗ്രസ് ഭരണകാലത്ത് ഇത് 41963 കോടി മാത്രമായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 

രാജാവിനേക്കാൾ വലിയ രാജഭക്തി

രാജാവിനേക്കാൾ വലിയ രാജഭക്തിയെന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്നതാണ് ഹിമന്തയുടെ പിൽക്കാല ജീവിതം. ആർഎസ്എസുമായി ഹിമന്തക്ക് മുൻകാല ബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ ലഭ്യമല്ല. എന്നിട്ടും ഇന്ന് ഹിന്ദുത്വ വർ​ഗീയ വാദികളേക്കാൾ വിഷം തുപ്പുന്ന പരാമർശങ്ങൾ ഹിമന്ത നടത്തുന്നു. ഇത് ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 

കോൺഗ്രസിലായിരുന്ന കാലത്ത് മതേതര ഇന്ത്യക്കായി വാദിച്ച ഹിമന്ത, ബിജെപിയിൽ ചേർന്നതിന് ശേഷം ആർഎസ്എസിനേക്കാൾ വലിയ മുസ് ലിം വിരോധിയായി മാറി. ഭരണകൂടത്തിന്റെ പിടിപ്പുകേടുകൾ അടക്കം മുസ് ലിം വിഭാ​ഗത്തിന്റെ പിടലിയിൽ ചാർത്തിക്കെട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഹിമന്ത സർക്കാർ ശ്രമിച്ചത്. ലാൻഡ് ജിഹാദ്, ഫെർട്ടിലൈസർ ജിഹാദ്, ഫ്‌ളഡ് ജിഹാദ് ആരോപണങ്ങൾ ഇവയിൽ ചിലതാണ്. 

ഹിമന്തയും, ജിഹാദ് ആരോപണങ്ങളും

2023 ജൂലൈയിൽ പച്ചക്കറികളുടെ വില വർധിച്ച സാഹചര്യത്തിലാണ് ഇതിന് പിന്നിൽ മിയ മുസ് ലിങ്ങളാണെന്ന് ഹിമന്ത പ്രഖ്യാപിച്ചത്. മുസ് ലിങ്ങൾ ഗ്രാമത്തിൽ നിന്നും കുറഞ്ഞ വിലക്ക് പച്ചക്കറികൾ വാങ്ങി ഗുവാഹത്തിയിൽ കൂടിയ വിലക്ക് വിൽക്കുകയാണെന്ന് ഹിമന്ത ആരോപിച്ചു. ജൂൺ 2023ൽ മുസ് ലിങ്ങൾ കൂടുതൽ ഫെർട്ടിലൈസർ ഉപയോഗിച്ച് കൃഷി ചെയ്യുകയാണെന്നും, ഇത് കിഡ്‌നി രോഗത്തിന് കാരണമാകുമെന്നും ഹിമന്ത പറഞ്ഞു. ഇതിനെ ഫെർട്ടിലൈസർ ജിഹാദാണെന്ന് ഹിമന്ത വിശേഷിപ്പിച്ചു. 

2024 ആഗസ്റ്റിൽ ഗുവാഹത്തിയിൽ പ്രളയമുണ്ടായപ്പോൾ, മേഘാലയയിലെ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് & ടെക്‌നോളജിയെ ആണ് ഹിമന്ത കുറ്റക്കാരായി കണ്ടെത്തിയത്. മുസ് ലിം ഭൂരിപക്ഷമുള്ള വിദ്യാഭ്യാസ സ്ഥാപനമാണിത്. യുഎസ്ടിഎം യൂണിവേഴ്‌സിറ്റി മേഘാലയിൽ കാടുകൾ വെട്ടി നശിപ്പിക്കുകയാണെന്നും, ഇത് അസാമിലെ പ്രളയത്തിന് കാരണമായെന്നും ഹിമന്ത പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലൂടെ മുസ് ലിങ്ങൾ എജ്യുക്കേഷൻ സിസ്റ്റം തകർക്കുകയാണെന്നും ഹിമന്ത ആരോപിച്ചു.

പിന്നാലെ ലാൻഡ് ജിഹാദെത്തി. മുസ് ലിങ്ങൾ ഭൂമി കയ്യേറി ജിഹാദ് നടത്തുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് തടയാനായി ഹിന്ദു-മുസ് ലിങ്ങൾക്കിടയിലുള്ള ഭൂമി കൈമാറ്റത്തിന് സർക്കാരിന്റെ അനുമതി വേണമെന്ന് പ്രഖ്യാപിച്ചു. ലവ് ജിഹാദ് തടയാൻ നിയമം ഉണ്ടാക്കുമെന്നും, പിടികൂടുന്നവരെ ജയിലിൽ അടയ്ക്കുമെന്നും പ്രഖ്യാപിച്ചു. ഈ കാലയളവിൽ‍ 1200ഓളം മദ്രസകൾ അസമിൽ സർക്കാർ ഇടപെട്ട് പൂട്ടിച്ചിട്ടുണ്ട്. മാത്രമല്ല  അസം അസംബ്ലിയിൽ വെള്ളിയാഴ്ച്ച ദിവസം നൽകുന്ന 3 മണിക്കൂർ ജുമുഅ ബ്രേക്കും ഹിമന്ത നിർത്തലാക്കി. 

മെയ് 2021 മുതൽ ആഗസ്റ്റ് 2022 അഗസ്റ്റ് വരെ 171 എൻകൗണ്ടറുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ മരണപ്പെട്ടവരിൽ അധികവും മുസ് ലിങ്ങളായിരുന്നു. മിക്ക കേസുകളിലും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലിസ് വെടിവെക്കുന്ന തിരക്കഥയാണ് കൊലപാതകത്തിന് ആധാരം. പൊലിസ് കൊലപാതകങ്ങളിൽ സുപ്രീം കോടതി ഇടപെടുകയും, പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 

മെയ് 2022 നും ഒക്ടോബർ 2024നുമിടയിൽ 5824 കുടുംബങ്ങളാണ് അനധികൃത കടിയേറ്റം ആരോപിച്ച് ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയത്.  2024 ജൂണിൽ മോറിഗാം ജില്ലയിൽ റെയിൽവേ ഭൂമിയെന്ന് ആരോപിച്ച് മുസ് ലിം വീടുകളും, മദ്രസകളും, പള്ളികളും ഇടിച്ചുനിരത്തിയിരുന്നു. അതേസമയം മറ്റു സമുദായങ്ങളുടെ കെട്ടിടങ്ങൾ പൊളിക്കാതിരിക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 

ഹിമന്തയുടെ രാഷ്ട്രീയ തന്ത്രങ്ങൾ 

ന്യൂനപക്ഷങ്ങളെ കുറ്റവാളികളാക്കി ചിത്രീകരിച്ച് ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തുന്ന വിഭജന രാഷ്ട്രീയമാണ് ഹിമന്തയുടെയും ആയുധം. അസമിലെ 35 ശതമാനത്തോളമാണ് മുസ് ലിം ജനസംഖ്യ. സംസ്ഥാനത്തെ പ്രശ്നങ്ങൾക്ക് കാരണം മുസ് ലിങ്ങളാണെന്ന് വിളിച്ചുപറയുന്നതിലൂടെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ കയ്യിലെടുക്കാൻ സർക്കാരിനാവുന്നു.  ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ഇത്തരം വിദ്വേഷ പ്രസംഗങ്ങളിലൂടെ ബിജെപി നേട്ടം കൊയ്തെന്നാണ് കണ്ടെത്തൽ. 

മറ്റൊന്ന് സംസ്ഥാനത്തെ മീഡിയ കമ്പനികളിൽ ഹിമന്തയ്ക്കുള്ള സ്വാധീനമാണ്. ഭാര്യ റിനുകിയുടെ ന്യൂസ് കമ്പനി മുഖേന അസമിലുടനീളം ജനങ്ങളിലേക്ക് എത്താൻ ബിജെപിക്കാവുന്നുണ്ട്. കമ്പനിക്ക് കീഴിലുള്ള ന്യൂസ് ലൈവ് എന്ന ചാനലാണ് അസമിലെ ഏറ്റവും പ്രധാനപ്പെട്ട ന്യൂസ് പോർട്ടൽ. അസമിലെ ന്യൂസ് മേഖല അടക്കി വാഴുന്നത് ഭാര്യ റിനുകിയാണെന്ന് പറയേണ്ടിവരും. കാരണം സർക്കാരിനെതിരായ വാർത്തകൾ പിൻവലിക്കപ്പെടുകയോ, സെൻസർ ചെയ്യപ്പെടുകയോ ചെയ്യുന്നു. ഇതിലൂടെ തനിക്കെതിരായ ആരോപണങ്ങൾ പൊതുജനങ്ങളിലേക്കെത്തുന്നത് തടയാൻ ഹിമന്തയ്ക്ക് സാധിക്കുന്നുണ്ട്. റിനുകിക്കെതിരെ വന്ന ഭൂമികയ്യേറ്റ കേസ് അസമിലെ പ്രധാന ചാനലുകൾ റിപ്പോർട്ട് ചെയ്തില്ലെന്നതാണ് വസ്തുത. 

from the congress leader who slammed modi to the poster boy of hindutva in the northeast the story of himanta biswa sarma 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനി ആ നീല ജേഴ്‌സിയെക്കുറിച്ച് ചിന്തിക്കുന്നില്ല'; തിരിച്ചുവരവ് വാർത്തകൾ തള്ളി ഭുവനേശ്വർ കുമാർ

Cricket
  •  2 hours ago
No Image

ഇടിമിന്നൽ ജാഗ്രത: ചെയ്യേണ്ടതും ചെയ്യരുതാത്തതും; സുരക്ഷിതരായിരിക്കാൻ പാലിക്കാം ഈ കാര്യങ്ങൾ

Kerala
  •  3 hours ago
No Image

മലപ്പുറം പൂക്കോട്ടൂരിൽ തോട്ടിൽ വീണ് നാലും ഏഴും വയസ്സുള്ള കുട്ടികൾ മരിച്ചു

Kerala
  •  3 hours ago
No Image

റാസൽഖൈമയിൽ അണക്കെട്ടിൽ വീണ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

uae
  •  3 hours ago
No Image

നാണക്കേടിന്റെ റെക്കോർഡുമായി പാക് പട; ചരിത്രം തിരുത്തി ബംഗ്ലാദേശ്, സ്വന്തം മണ്ണിൽ ആദ്യ ടെസ്റ്റ് വിജയം

Cricket
  •  3 hours ago
No Image

മരണമുഖത്ത് നിന്നും കാർ ഡ്രൈവർക്ക് രക്ഷകരായി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ്

uae
  •  4 hours ago
No Image

വിശ്വാസവോട്ടെടുപ്പിന് മുൻപ് വിജയിക്ക് പിന്തുണ പ്രഖ്യാപിച്ച് 24 എഐഎഡിഎംകെ എംഎൽഎമാർ; പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആയി.

latest
  •  4 hours ago
No Image

ആക്രമണം തുടര്‍ന്നാല്‍ ആണവായുധം നിർമ്മിക്കാൻ മടിക്കില്ല; അമേരിക്കയ്ക്കും ഇസ്റാഈലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

International
  •  4 hours ago
No Image

മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാലുമരണം; പരിക്കേറ്റ നാലുപേര്‍ ചികിത്സയില്‍ 

Kerala
  •  4 hours ago
No Image

അഭിഷേകിനെ പിന്നിലാക്കി പ്രിയാൻഷ്; തോൽവിയിലും പുതിയ ചരിത്രമെഴുതി പഞ്ചാബിന്റെ 'സിക്സർ കിങ്'

Cricket
  •  4 hours ago