വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച
തിരുവനന്തപുരം: പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വന്ദേമാതരവും പാർട്ടി കോട്ടകളിലെ സി.പി.എമ്മിന്റെ വൻപരാജയങ്ങളുമെല്ലാം നിറഞ്ഞുനിന്ന് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച. രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങളും പരിഹാസങ്ങളും ഇരുഭാഗത്തുനിന്നുമുണ്ടായി.
രണ്ടാംദിവസത്തെ ചർച്ച തുടങ്ങിവച്ച കോൺഗ്രസിലെ വി.ടി ബൽറാം സംസ്ഥാനത്തെ ധനസ്ഥിതിയുടെ സത്യാവസ്ഥ ധവളപത്രം പുറത്തുവരുമ്പോൾ എല്ലാവർക്കും മനസിലാകുമെന്ന് പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. മുൻ സർക്കാരിന്റെ ധൂർത്തും പാഴ്‌ചെലവും മൂലം കടക്കെണിയിലായ സംസ്ഥാനത്തിന് പുതുജീവൻ നൽകുകയാണ് പുതിയ സർക്കാരിന്റെ ആദ്യ ലക്ഷ്യമെന്നും ബൽറാം പറഞ്ഞു.
ഖജനാവിലുള്ളത് 5,000 കോടി രൂപ വരെ പ്രസവിക്കാൻ ശേഷിയുള്ള പൂച്ചയാണെന്നായിരുന്നു വി.ടി ബൽറാമിന് മുൻമന്ത്രി കെ. രാജന്റെ പരിഹാസം. സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ നയമാണോ നടപ്പാക്കാൻ പോകുന്നത് എന്ന് മുൻമന്ത്രി പി.എ മുഹമ്മദ് റിയാസ് ചോദിച്ചു. കേന്ദ്രത്തിനെതിരേ വിമർശനമില്ല. സത്യപ്രതിജ്ഞ ചടങ്ങിലെ വന്ദേമാതര ആലാപനം കേരളത്തിലെ യു.ഡി.എഫ് സർക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനും ഇക്കാര്യത്തിൽ ഒരേ നയമാണോ എന്ന് സംശയമുണ്ടാക്കുന്നുവെന്നും റിയാസ് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ ആയുധമാക്കി വോട്ട് തേടിയ യു.ഡി.എഫ് ഇക്കാര്യത്തിൽ ഇപ്പോൾ മൗനം പാലിക്കുകയാണെന്ന് ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ബി.ബി ഗോപകുമാർ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരാണ് സി.പി.എമ്മിനെ തോൽപ്പിച്ചതെന്ന് തളിപ്പറമ്പിലെ പാർട്ടി കോട്ട തകർത്ത ടി.കെ ഗോവിന്ദൻ ഓർമപ്പെടുത്തി. എന്തുകൊണ്ട് തോറ്റു എന്നതിനെക്കുറിച്ച് സി.പി.എമ്മിലെ സഖാക്കൾക്ക് മുൻ സഖാവ് ടി.കെ ഗോവിന്ദന്റെ സ്റ്റഡി ക്ലാസിനെ ഭരണപക്ഷം ഡെസ്‌കിലടിച്ച് പ്രോത്സാഹിപ്പിച്ചു. പള്ളികളിൽ നിന്നുള്ള നിർദേശപ്രകാരം ന്യൂനപക്ഷങ്ങൾ പാർട്ടിക്കെതിരായി വോട്ട് ചെയ്തു എന്ന വിചിത്രവാദമാണ് കണ്ണൂരിലെ പാർട്ടി നേതൃത്വം ഉയർത്തുന്നതെന്നും ടി.കെ ഗോവിന്ദൻ പറഞ്ഞു.
ജനസംഘം മുതൽ ബി.ജെ.പി വരെ സംഘപരിവാർ രാഷ്ട്രീയവുമായി ഇടതുപക്ഷത്തിന് ദീർഘകാല ബന്ധമുണ്ടെന്ന ആര്യാടൻ ഷൗക്കത്തിന്റെ പരാമർശം പ്രതിപക്ഷത്തിന്റെ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പാർട്ടി സെക്രട്ടറിയായിരുന്ന ബി.സി ജോഷിയുടെ നേതൃത്വത്തിൽ ബ്രിട്ടിഷുകാരോടൊപ്പം ചേർന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളതെന്ന് ഷൗക്കത്ത് ആരോപിച്ചു. ക്വിറ്റിന്ത്യാ സമരകാലത്ത് കോൺഗ്രസുകാരുടെ ഒളിത്താവളം ബ്രിട്ടിഷുകാർക്ക് കാട്ടിക്കൊടുത്തത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. ബി.സി ജോഷി ബ്രിട്ടിഷ് ജനറലിന് അയച്ച കത്തിന്റെ കോപ്പിയും അദ്ദേഹം ഉയർത്തിക്കാട്ടി.
എന്നാൽ ഇത് ശങ്കരാടിയുടെ കൈയിലെ രേഖ പോലെയാണെന്ന് സി.പി.എമ്മിലെ പി. മമ്മിക്കുട്ടി പരിഹസിച്ചു. ഇത് ചരിത്ര വസ്തുതയാണെന്ന വാദമുയർത്തി ടി. സിദ്ദിഖ് ആര്യാടന് പ്രതിരോധം തീർത്തു. യു.ഡി.എഫ് വന്നാൽ മാറാട് ആവർത്തിക്കുമെന്നും ആഭ്യന്തര വകുപ്പ് ലീഗിനായിരിക്കുമെന്നുള്ള തരത്തിലെ വർഗീയ പ്രചാരണം പ്രോത്സാഹിപ്പിച്ച സി.പി.എമ്മിന് ശക്തമായ തിരിച്ചടിയാണ് ജനങ്ങൾ നൽകിയതെന്ന് ലീഗിലെ ടി.പി അഷ്റഫലി പറഞ്ഞു.
ജനങ്ങളുടെ സ്‌നേഹനിധിയായ പൂക്കി മുഖ്യമന്ത്രിയാണ് വി.ഡി സതീശനെന്ന് കോൺഗ്രസിലെ അബിൻ വർക്കി അഭിപ്രായപ്പെട്ടു. അവകാശസമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച മുൻ സർക്കാരിലെ ഗൺമാൻ അടക്കമുള്ള രക്ഷാ പ്രവർത്തകർ ഒളിവിലും അടികൊണ്ട എ.ഡി തോമസ് ഇപ്പോൾ നിയമസഭയിലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശാവർക്കർമാർ ഉൾപ്പെടെയുള്ള അടിസ്ഥാനവർഗ തൊഴിലാളികളെ അവഗണിച്ചതാണ് ഇടതുപക്ഷത്തിന് ഇത്രയേറെ തിരിച്ചടിയുണ്ടാക്കിയതെന്ന് എം. റഹ്മത്തുല്ല പറഞ്ഞു.
പൂക്കി സർക്കാർ പുകഞ്ഞ് പോകാതിരിക്കട്ടെ എന്ന് സി.പി.എമ്മിലെ എം.എസ് അരുൺകുമാർ പരിഹസിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ വരുമ്പോൾ കോൺഗ്രസുകാർ ബി.ജെ.പിക്കാരാകുമെന്നും അദ്ദേഹം പരിഹസിച്ചു. അതിദരിദ്രരില്ലാത്ത കേരളമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്നും കുട്ടനാട്ടിൽ വന്നാൽ നൂറുകണക്കിന് അതിദരിദ്രരെ കാണിച്ചുതരാമെന്നും കേരള കോൺഗ്രസിലെ റെജി ചെറിയാൻ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ ജയിച്ച മലപ്പുറം, കാസർകോട് മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേര് നോക്കിയാലറിയാമെന്ന് പറഞ്ഞ മുൻമന്ത്രി സജി ചെറിയാന്റെ പ്രസ്താവന ലീഗിലെ കുറുക്കോളി മൊയ്തീൻ ഓർമിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."