'ജെൻസി'ക്ക് ഉപരിപഠനം കൂളാക്കി സുപ്രഭാതം; കരിയർ ക്ലിനിക് ഇന്ന് പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ
കൽപ്പറ്റ: ഡിജിറ്റൽ യുഗത്തിലെ കുട്ടികളായ 'ജെൻസി'ക്ക് ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്കകൾ അകറ്റി അത്മവിശ്വാസം സമ്മാനിച്ച് സുപ്രഭാതം കരിയർ ക്ലിനിക്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർ നേരിടുന്ന, 'ഇനിയെന്ത്' എന്ന ചോദ്യത്തിനാണ് സുപ്രഭാതം കരിയർ ക്ലിനിക് കൃത്യമായ വഴികാട്ടിയായത്. കോഴ്‌സുകളെ കുറിച്ചും അതിലൂടെയുള്ള ജോലി സാധ്യതകളിലും ആശങ്കയിലായിരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം പകർന്നാണ് ഇന്നലെ വയനാട്ടിൽ നിന്ന് സുപ്രഭാതം കരിയർ ക്ലിനിക് ചുരമിറങ്ങിയത്. പരിപാടിയിൽ പങ്കെടുത്തവരെല്ലാം മടങ്ങിയതും പുതിയ ആത്മവിശ്വാസത്തോടെ.
വെങ്ങപ്പള്ളിയിൽ നടന്ന കരിയർ ക്ലിനികിൽ പങ്കെടുത്ത 300ലധികം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള പുതിയ കാഴ്ച്ചപ്പാടുകളാണ് ക്ലിനിക് പകർന്നുനൽകിയത്. വിവിധ പഠന, തൊഴിൽ മേഖലകളെ കുറിച്ചുള്ള സമഗ്രമായ മാർഗനിർദേശം ക്ലിനിക്കിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭിച്ചു. നീറ്റ്, ജെ.ഇ.ഇ കോച്ചിങ് സെന്ററുകൾ, പ്രൊഫഷനൽ കോഴ്‌സുകൾ, മാനേജ്‌മെന്റ് പഠനം, സി.എ, സി.എം.എ, എച്ച്.ആർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരാണ് ക്ലിനിക്കിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദുരീകരിക്കാൻ സജ്ജമായിരുന്നത്. വിദഗ്ധരോട് നേരിട്ട് സംവദിക്കാൻ സാധിച്ചതോടെ ഭാവി എങ്ങിനെ കെട്ടിപ്പടുക്കാമെന്ന ചിത്രവും കുട്ടികൾക്ക് ലഭിച്ചു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാല അഡ്മിഷൻ, സ്‌കോളർഷിപ്പ് സാധ്യതകൾ, മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ്, ആർട്‌സ് ആൻഡ് സയൻസ്, യു.ജി, പി.ജി കോഴ്‌സുകൾ, ഡിപ്ലോമ, ലോ, ഏവിയേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഓഫിസ് ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങി വിവിധ പഠന-തൊഴിൽ മേഖലകളെ കുറിച്ചുള്ള സമഗ്ര മാർഗനിർദേശവും സുപ്രഭാതം കരിയർ ക്ലിനിക്ക് കുട്ടികൾക്ക് പകർന്നുനൽകി.
തങ്ങളുടെ കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് ഇനി കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം പങ്കെടുത്ത രക്ഷിതാക്കളിലും പ്രകടമായിരുന്നു. കരിയർ വിദഗ്ധരുടെ ക്ലാസുകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗുണപ്രദമായി. ക്ലിനികിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സുപ്രഭാതത്തിന്റെ സ്‌നേഹോപഹാരവും വിതരണം ചെയ്തു. വെങ്ങപ്പള്ളി റയിൻബോ ഓഡിറ്റോറിയത്തിൽ നടന്ന കരിയർ ക്ലിനിക് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലയിൽ ഇന്ന് സമാപനം
കോഴിക്കോട്: ഇന്ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ സുപ്രഭാതം കരിയർ ക്ലിനിക്കുകൾ നടക്കും. കരിയർ ക്ലിനക്കിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പ്രോഗ്രാമുകളും ഇന്ന് സമാപിക്കും. കോട്ടക്കൽ, തിരൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ വാരം കരിയർ ക്ലിനിക്കുകൾ സംഘടിപ്പിച്ചിരുന്നു. വിദ്യാർഥികൾക്ക് കരിയർ ക്ലിനിക്കുകളിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."