പ്ലസ് വൺ പാഠപുസ്തകം വൈകും; അധ്യാപക പരിശീലനം ഓഫ്‌ലൈനില്‍ തന്നെ
കോഴിക്കോട്: ഈ വർഷം മാറുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പാഠപുസ്തകങ്ങൾ വൈകിയേക്കും. ജൂലൈ രണ്ടിനാണ് ക്ലാസ് ആരംഭിക്കുന്നത്. മാറുന്ന പാഠപുസ്‌കവുമായി ബന്ധപ്പെട്ട അധ്യാപക പരിശീലനം ഓൺലൈനിൽ നൽകാനുള്ള തീരുമാനവും തിരുത്തി. ജൂൺ, ജൂലൈ മാസങ്ങളിലായി നേരിട്ട് പരിശീലനം നൽകും.
പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കഴിഞ്ഞ വർഷത്തോടെ പുറത്തിറങ്ങിയതാണ്. പ്ലസ് വൺ ക്ലാസിലേക്കുള്ള പുസ്തകങ്ങൾ തയാറായെങ്കിലും അച്ചടിക്ക് വിടാൻ വൈകി. ഏപ്രിൽ, മെയ് മാസങ്ങളിലായി അച്ചടി പൂർത്തിയാക്കിയിരുന്നെങ്കിലേ ജൂണിൽ വിതരണം നടത്താനാവുകയുള്ളൂ. പാഠപുസ്തകം തയാറാക്കുന്ന ജോലികൾ തീർത്തെങ്കിലും തെരഞ്ഞെടുപ്പിനിടയിൽ അച്ചടി വൈകിയെന്ന് എസ്.സി.ഇ.ആർ.ടി.യുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചു. ഏകജാലക പ്രവേശനത്തിന്റെ പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് ജൂലൈ രണ്ടിനാണ് പ്ലസ് വൺ ക്ലാസ് ആരംഭിക്കേണ്ടത്. മാറിയ പുസ്തകവുമായി ബന്ധപ്പെട്ട് അധ്യാപക പരിശീലനത്തിനുള്ള പദ്ധതി പുതിയ സർക്കാർ വരും വരെ തയാറായിരുന്നില്ല. പെട്ടെന്ന് തന്നെ പരിശീലനം നൽകണമെന്ന സ്ഥിതി വന്നപ്പോൾ ഓൺലൈൻ ആകാമെന്ന് തീരുമാനിക്കുകയും അതിനായി സംസ്ഥാനതല ആർ.പി.മാരുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ ഓൺലൈൻ പരിശീലനം സംബന്ധിച്ച് പരാതി ഉയരുകയും നേരിട്ട് തന്നെ പരിശീലനം നൽകണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് ജൂൺ 15 മുതൽ രണ്ടോ മൂന്നോ ഘട്ടങ്ങളായി പരിശീലനം ജില്ലാ തലത്തിൽ നടത്താനാണ് തീരുമാനം. കൂടുതൽ അധ്യാപകരുള്ള നാലു വിഷയങ്ങളിൽ സംസ്ഥാനതല പരിശീലകർ ചേർന്ന് പരിശീലനമൊഡ്യൂളിന് രൂപം നൽകി വരികയാണ്.
പ്ലസ് വണ്ണിന് 41 വിഷയങ്ങളിലാണ് എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ തയാറാക്കിയത്. മറ്റു വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ അതേപടി ഉപയോഗിക്കുകയാണ്. പത്തു വർഷം മുമ്പുള്ള യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തയാറാക്കിയ പാഠപുസ്തകങ്ങളാണ് ഹയർ സെക്കൻഡറിയിൽ ഇപ്പോഴും പഠിപ്പിക്കുന്നത്.
ഹയർ സെക്കൻഡറി രണ്ടാം വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും ഒന്നാം വർഷ പുസ്തകത്തിനുള്ള അധ്യാപക സഹായിയും ഈ വർഷം തയാറാക്കേണ്ടതുണ്ട്. പഴയ പുസ്തകമായിട്ടും രണ്ടാം വർഷത്തെ പാഠപുസ്തകങ്ങൾ ജില്ലാ കേന്ദ്രങ്ങളിലേ എത്തിയിട്ടുള്ളൂ. ഇനിയും പല സ്‌കൂളുകളിലും എത്തിച്ചിട്ടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."