കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍
കൊല്ലം: കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ദഹനവ്യവസ്ഥയെ ബാധിക്കുന്ന ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ലോസിസ് അഥവാ ഷിഗെല്ല രോഗം. ഷിഗെല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് രോഗത്തിന് കാരണമാകുന്നത്. സാധാരണയായി ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം മൂന്നു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
പനി, വയറുവേദന, ഛർദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുമ്പോൾ വയറിളക്കത്തോടൊപ്പം രക്തം, കഫം, പഴുപ്പ് എന്നിവയും കാണപ്പെടാം. കുടലിൽ പ്രവേശിക്കുന്ന ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന വിഷപദാർത്ഥങ്ങളാണ് ദഹനവ്യവസ്ഥയെ ബാധിച്ച് രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നത്.
അശുദ്ധമായ വെള്ളവും ഭക്ഷണവും വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ ശുദ്ധജലം ഉപയോഗിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുൻപും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."