സൗമ്യ വധക്കേസിന്റെ ഗതി ജിഷ കേസിനുണ്ടാകില്ലെന്ന് എസ്.പി ഉണ്ണിരാജന്
ആലുവ: പ്രമാദമായ സൗമ്യ വധക്കേസിനുണ്ടായ ഗതി ജിഷ കേസിനുണ്ടാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റൂറല്‍ എസ്.പി പി.എന്‍ ഉണ്ണിരാജന്. ജിഷ വധക്കേസില്‍ എറണാകുളം സെഷന്‍സ് കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ വധക്കേസില്‍ കുറ്റമറ്റ രീതിയിലുള്ള അന്വേഷണമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ശാസ്ത്രീയമായ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതി കുടുങ്ങിയത്. ഏറെ പ്രമാദമായ ഈ കേസില്‍ പ്രചരിപ്പിക്കപ്പെട്ട പലതും കെട്ടുകഥകളും ഊഹാപോഹങ്ങളും മാത്രമായിരുന്നു. കൊല്ലപ്പെട്ട ജിഷയ്ക്ക് പ്രതിയായ അമീറുലുമായി പ്രണയബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. ജിഷ കൊല്ലപ്പെട്ട ദിവസം പ്രതിയോടൊപ്പം പുറത്തുപോയി ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചെന്നതും ശരിയല്ല. ജിഷ കൊല്ലപ്പെട്ട ദിവസം വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രമാണ് കഴിച്ചിട്ടുള്ളത്. കുറ്റകൃത്യത്തിനിടയില്‍ ജിഷ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ പ്രതി മദ്യം ഒഴിച്ചുകൊടുത്തതായി തെളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതിതന്നെ കൊണ്ടുവന്നതാണെന്നും വ്യക്തമായിരുന്നു. പ്രതി ജിഷയെ ബലാത്സംഗം ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് പ്രോസിക്യൂഷനെ ബാധിക്കുന്നതിനാല്‍ വെളിപ്പെടുത്തുന്നില്ല. ജിഷയെ കൊലപ്പെടുത്താന്‍ പ്രതിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ല. ജിഷയുടെ വീടിനുസമീപത്തെ കനാല്‍ബണ്ടില്‍ നിന്ന് ലഭിച്ച ചെരുപ്പാണ് കേസില്‍ ഏറെ നിര്‍ണായകമായതെന്നും എസ്.പി വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."