ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയരക്ടർ (ഡി.എച്ച്.എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ വിവാദ ഉത്തരവിൽ തിരുത്തൽ വരുത്തി ആരോഗ്യവകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കിയാണ് തിരുത്തിയത്. പുതിയ ഡി.എച്ച്.എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാൽ മാറ്റമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. 15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന ഉത്തരവിനെതിരേ നേരത്തെ റീന ഉൾപ്പെടെ വിമർശനം ഉയർത്തിയിരുന്നു. ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചെന്നായിരുന്നു ഡോ. റീനയുടെ പ്രതികരണം. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന വ്യക്തമാക്കിയിരുന്നു.
എന്നാൽ ഡോ. റീനക്കെതിരായ നടപടി തുരപ്പൻ പണി കാണിച്ചതിനെ തുടർന്നായിരുന്നു എന്നാണ് മന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിപ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ഡി.എച്ച്.എസ് തന്നെ അത് മുൻകൂട്ടി അറിയിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. താൻ അന്ന് വൈകിട്ട് 5.30 ന് വാർത്താസമ്മേളനം നടത്തുമ്പോൾ ഫലം ലഭിച്ചിരുന്നില്ല. ഫലം ലഭ്യമാകാതെ മന്ത്രിക്ക് എങ്ങനെ സംസാരിക്കാൻ കഴിയുമെന്നും മന്ത്രി ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."