എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിനായി വീണ വിജയന്‍ ഇ.ഡിക്ക് മുന്നില്‍, ഓഫിസില്‍ കനത്ത സുരക്ഷ
കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിയത്. ശക്തമായ സുരക്ഷയാണ് ഇ.ഡി ഓഫിസിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ 15ന് ഹാജരാകണമെന്ന് കാണിച്ച് വീണയ്ക്ക് ഇ.ഡി സമന്‍സ് അയച്ചിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകുന്നതില്‍ നിന്ന് വീണ ഒഴിവുതേടി. പിന്നീടാണ് ഇന്ന് വീണയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് പുതുക്കി അയച്ചത്. സി.എം.ആര്‍.എലില്‍ നിന്ന് 2.78 കോടി അനധികൃതമായി കൈപ്പറ്റി എന്നാണ് ഇ.ഡി കേസ്. സേവനമൊന്നും നല്‍കാതെയാണ് വീണ ഉടമയായ എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം ലഭ്യമായതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഇന്നലെ സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത, മകനും ജോയിന്റ് എം.ഡിയുമായ ശരണ്‍ എസ്. കര്‍ത്ത എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
നേരത്തെ ഇരുവര്‍ക്കും ഇ.ഡി നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഇന്നലെ ജയ കര്‍ത്തയോട് മാത്രമായിരുന്നു ഹാജരാകാന്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മകന്‍ ശരണും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. സി.എം.ആര്‍.എലിന്റെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇരുവരെയും ചോദ്യം ചെയ്തത്.
ജയ കര്‍ത്ത സി.എം.ആര്‍.എലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടമയാണ്. രണ്ടുതവണയായി ഈ കമ്പനിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് 50 ലക്ഷം വായ്പയായി നല്‍കിയിരുന്നു. ആദ്യം 25 ലക്ഷം വായ്പ നല്‍കി. അതിന്റെ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും 25 ലക്ഷംകൂടി വായ്പ നല്‍കി. ഏത് സാഹചര്യത്തിലാണ് തിരിച്ചടവ് മുടങ്ങിയിട്ടും പിന്നീടും ലോണ്‍ അനുവദിച്ചതെന്ന് ജയ കര്‍ത്തയോട് ചോദിച്ചറിഞ്ഞതായാണ് സൂചന. 2.78 കോടി രൂപ സി.എം.ആര്‍.എലില്‍ നിന്ന് വീണ സേവനം നല്‍കാതെ കൈപ്പറ്റിയതിനെപ്പറ്റി ശരണ്‍ എസ്. കര്‍ത്തയോട് ഇ.ഡി വിശദാംശങ്ങള്‍ ആരാഞ്ഞു. വീണ പണം കൈപ്പറ്റിയത് സംബന്ധിച്ച എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ട്, ഇന്‍കംടാക്‌സ് റിപ്പോര്‍ട്ട് എന്നിവയും ഇ.ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ്. കര്‍ത്തയെ ആറുമണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
In connection with the Exalogic case, Veena Vijayan appeared before the Enforcement Directorate for questioning. Tight security arrangements were put in place at the ED office ahead of her appearance, with officials taking precautionary measures to manage the situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."