ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’
തിരുവനന്തപുരം: വെറുതെ കൊഴിഞ്ഞുപോകേണ്ട ഒന്നല്ല നമ്മുടെ ചക്കയെന്ന് ഭരണാധികാരികളെ ബോധ്യപ്പെടുത്താൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ രംഗത്ത്. ചക്കയുടെ ഔഷധഗുണങ്ങളെയും ആരോഗ്യമേന്മകളെയും കുറിച്ച് മന്ത്രിമാർക്കും എംഎൽഎമാർക്കും ബോധവൽക്കരണം നൽകുന്നതിനായി വരും ദിവസം നിയമസഭാ കന്റീനിൽ പ്രത്യേക ചക്ക സൽക്കാരം ഒരുക്കും. ബജറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 വരെയാണ് ജനപ്രതിനിധികൾക്കായി ചക്കപ്പുഴുക്കും ചക്കക്കറിയും ചുക്കുകാപ്പിയും വിളമ്പുന്നത്.
പച്ചച്ചക്ക പ്രമേഹത്തിനും കൊളസ്ട്രോളിനും മരുന്ന്: മെഡിക്കൽ കോളേജ് പഠനം
പച്ചച്ചക്കയ്ക്ക് പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, കരളിലെ അമിത കൊഴുപ്പ് (ഫാറ്റി ലിവർ) എന്നിവയ്ക്ക് പുറമെ കീമോതെറപ്പിയുടെ പാർശ്വഫലങ്ങൾ വരെ ഗണ്യമായി നിയന്ത്രിക്കാൻ കഴിയുമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഡോ. ബി. പത്മകുമാറിന്റെ നേതൃത്വത്തിൽ പച്ചച്ചക്കയുടെ പ്രത്യേകമായി തയ്യാറാക്കിയ പൊടി രോഗികളിൽ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ നിർണായക കണ്ടെത്തൽ.
'പച്ചച്ചക്ക ഔഷധക്കലവറ' സെമിനാർ
പഠന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ചക്കയ്ക്ക് സംസ്ഥാനതലത്തിൽ വിപുലമായ പ്രചാരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഒരു സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. ‘പച്ചച്ചക്ക ഔഷധക്കലവറ’ എന്ന പേരിൽ തിരുവനന്തപുരം പെരുന്താന്നി മിത്രനികേതൻ സിറ്റി സെന്ററിലാണ് സെമിനാർ നടക്കുക. രാവിലത്തെ സെമിനാറിന് ശേഷം ഉച്ചകഴിഞ്ഞാകും നിയമസഭയിലെ ചക്ക വിതരണം. രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ തിരുവനന്തപുരം പെരുന്താന്നിയിലെ മിത്രനികേതൻ സിറ്റി സെന്ററിലാണ് സെമിനാർ നടക്കുന്നത്. ഡോ. ബി. പത്മകുമാർ, ജയിംസ് ജോസഫ്, ഡോ. തോമസ് വർഗീസ്, ജിസി ജോർജ് എന്നിവർ ചടങ്ങിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് ബജറ്റിൽ അർഹമായ ഇടം നേടിയെടുക്കാനും, കാർഷിക-ആരോഗ്യ മേഖലകളിൽ ചക്കയുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കാനും ഈ നീക്കം വഴിതുറക്കുമെന്നാണ് കൗൺസിലിന്റെ പ്രതീക്ഷ.
the jackfruit promotion council is organizing a special 'jackfruit feast' for members of the legislative assembly (mlas) to highlight the nutritional value, versatility, and economic potential of kerala's official state fruit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."