കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാംസ്കാരിക, ശാസ്ത്ര, വയോജന ക്ഷേമ മേഖലകൾക്ക് വൻ കുതിപ്പേകുന്ന പ്രഖ്യാപനങ്ങളുമായി 2026-ലെ കേരള ബജറ്റ്. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സിനിമ, സംഗീതം, ഗവേഷണം, വയോജന ക്ഷേമം എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്.
മലയാള സിനിമയ്ക്കും സാംസ്കാരിക ലോകത്തിനും വലിയ ആവേശം പകരുന്ന ഒട്ടനവധി പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിന്റെ പ്രധാന സവിശേഷതയായി മാറി.
കോഴിക്കോട്ട് 'എം.ടി. കൾച്ചറൽ പാർക്ക്'; ജോൺസൺ മാസ്റ്റർക്ക് ആദരം
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരോടുള്ള ആദരസൂചകമായി കോഴിക്കോട്ട് എം.ടി. കൾച്ചറൽ പാർക്ക് സ്ഥാപിക്കും. 50 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. മുതിർന്നവർക്കൊപ്പം കുട്ടികൾക്കും (ജെൻസി കുട്ടികൾ അടക്കം) തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള പ്രത്യേക വേദികളും അവസരങ്ങളും ഈ പാർക്കിൽ ഒരുക്കും.
അതോടൊപ്പം, അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മകളെ നിലനിർത്തുന്നതിനായി തൃശൂരിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
സിനിമയ്ക്ക് നൂറു കോടി; കൊച്ചിയിൽ അന്താരാഷ്ട്ര ഫിലിം സിറ്റി
മലയാള ചലച്ചിത്ര മേഖലയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി കൊച്ചിയിൽ അത്യാധുനിക ഫിലിം സിറ്റി സ്ഥാപിക്കും. ഇതിനുപുറമേ, മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം 'ചിത്രനഗരം' എന്ന പ്രത്യേക പദ്ധതിയും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പദ്ധതിക്കായി ബജറ്റിൽ 100 കോടി രൂപയാണ് വകയിരുത്തിയത്.
ഐ.ഐ.ടി മാതൃകയിൽ റിസർച്ച് പാർക്ക്; ലൈഫ് സയൻസ് സിറ്റി
ഗവേഷണ-ശാസ്ത്ര മേഖലകളിൽ വൻ വികസനം ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
ന്യൂ റിസർച്ച് പാർക്ക് എന്ന പേരിൽ ചെന്നൈ ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്കിന്റെ മാതൃകയിൽ കേരളത്തിലും പുതിയ റിസർച്ച് പാർക്ക് ആരംഭിക്കും. ഇതിനായി 60 കോടി രൂപ വകയിരുത്തി.
ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി എന്ന പേരിൽ ആരോഗ്യ-ശാസ്ത്ര രംഗത്തെ വികസനം മുൻനിർത്തി 'കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി' സ്ഥാപിക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചു.
വയോജന ക്ഷേമത്തിന് പുതിയ വകുപ്പും 'കെയർ ഗിവർ' പദ്ധതിയും
കേരളത്തിലെ വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യയെ പരിഗണിച്ചുകൊണ്ട്, പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. പ്രായമായവരെ ശാസ്ത്രീയമായി പരിചരിക്കുന്നതിനായി 'കെയർ ഗിവർ പദ്ധതി' ആവിഷ്കരിക്കും. ഇതിന്റെ ഭാഗമായി ആറ് മാസം കാലാവധിയുള്ള സർക്കാർ അംഗീകൃത കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുമെന്നും, ഇതിലൂടെ വയോധികർക്ക് മികച്ച രോഗ പരിപാലനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
To honor the legendary writer M.T. Vasudevan Nair, a dedicated cultural park will be established in Kozhikode with an investment of 50 crore, creating a creative space for young artists. Additionally, the government has earmarked 100 crore to construct a state-of-the-art "J.C. Daniel Film City" in Kochi. This mega project aims to establish a world-class filmmaking and media ecosystem within the state, significantly reducing Malayalam cinema's reliance on production facilities outside Kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."