പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ 15 വര്‍ഷത്തെ ഭരണകാലത്ത് പലതവണ ഉന്നയിച്ച ആവശ്യമായിരുന്നു ഇത്. ബംഗാളിലെ ജനസംഖ്യ ഒമ്പത് കോടിയിലധികമാണ്. ഭരണസൗകര്യത്തിനായി കൂടുതല്‍ ജില്ലകള്‍ രൂപീകരിക്കുന്നതെന്നാണ് വിശദീകരണം.
മമതയുടെ ഭരണകാലത്ത് അഞ്ച് പുതിയ ജില്ലകള്‍ പശ്ചിമബംഗാളില്‍ രൂപീകരിച്ചിരുന്നു. 2014 ജൂണില്‍ അലിപുര്‍ദുവാറും, 2017 ഏപ്രിലില്‍ കലിംപോങ്, ഝാര്‍ഗ്രാം, പൂര്‍വ ബര്‍ദ്ധമാന്‍, പശ്ചിമ ബര്‍ദ്ധമാന്‍ എന്നിവയും നിലവില്‍ വന്നു. ഇതോടെയാണ് ജില്ലകളുടെ എണ്ണം 23 ആയത്. 2022-ല്‍ ഏഴ് പുതിയ ജില്ലകള്‍ കൂടി മമത പ്രഖ്യാപിച്ചെങ്കിലും അത് രൂപീകരിച്ചിരുന്നില്ല.
ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. നിലവിലുള്ള ചില വലിയ ജില്ലകള്‍ വിഭജിച്ച് പുതിയവ രൂപീകരിക്കുന്ന കാര്യം പുതിയ സര്‍ക്കാര്‍ പരിഗണിക്കുന്നതായി രണ്ട് ഉയര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.
അതേസമയം, ജീവനക്കാരുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും കൃത്യമായി വര്‍ധിപ്പിച്ചാല്‍ മാത്രമേ പുതിയ ജില്ലകള്‍കൊണ്ടുള്ള പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കൂ എന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറും ഓണ്‍ലൈന്‍ സേവനങ്ങളും വ്യാപകമായ ഈ കാലഘട്ടത്തില്‍ ഓഫിസുകള്‍ അത്ര നിര്‍ണായകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ട് പുതിയ ജില്ലകള്‍ ?
പശ്ചിമ ബംഗാളിലെ നിലവിലുള്ള 23 ജില്ലകളില്‍ ഹൂഗ്ലി, പൂര്‍വ മേദിനിപൂര്‍, പശ്ചിമ മേദിനിപൂര്‍, മുര്‍ഷിദാബാദ്, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ് എന്നീ ഏഴ് ജില്ലകളില്‍ ഒരോന്നിലും 50 ലക്ഷത്തിലധികം ജനസംഖ്യയുണ്ടെന്നാണ് 2011-ലെ സെന്‍സസ് കാണിക്കുന്നത്. ഹൗറ, കൊല്‍ക്കത്ത, മാല്‍ഡ തുടങ്ങിയ എട്ട് ജില്ലകളിലാകട്ടെ ജനസംഖ്യ 30 ലക്ഷത്തിനും 48 ലക്ഷത്തിനും ഇടയിലാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഈ സംഖ്യ വീണ്ടും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന ജനസംഖ്യയും വിശാലമായ ഭൂപ്രകൃതിയും ഭരണം ദുഷ്‌കരമാക്കുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതാണ് പുതിയ ജില്ലകളെ കുറിച്ചുള്ള ചര്‍ച്ചക്ക് വീണ്ടും വഴിതുറന്നത്. 4,094 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ജനസംഖ്യ ഏതാണ്ട് ഒരു കോടിയിലധികമാണ്. സൗത്ത് 24 പര്‍ഗാനാസ് ജില്ലക്ക് 9,960 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമാണുള്ളത്. ഇവിടെ 81 ലക്ഷത്തിലധികമാണ് ജനസംഖ്യ. 5,32 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ മുര്‍ഷിദാബാദ് ജില്ലയിലാകട്ടെ 71 ലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്.
മറ്റു വലിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ബംഗാളിലെ പ്രതിസന്ധി വ്യക്തമാകുക. പശ്ചിമ ബംഗാളില്‍ ഒരു ജില്ലയിലെ ശരാശരി ജനസംഖ്യ എന്ന് പറയുന്നത് ഏകദേശം 39.7 ലക്ഷമാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത് 26.6 ലക്ഷവും, ബിഹാറില്‍ 27 ലക്ഷവും, മധ്യപ്രദേശില്‍ വെറും 13 ലക്ഷവുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഭരണം സുഗമമാക്കാനും തെരഞ്ഞെടുപ്പുകളും മറ്റും കൈകാര്യം ചെയ്യാനും ഒരു ജില്ലയില്‍ 20-25 ലക്ഷം ജനസംഖ്യയുള്ളതാണ് ഏറ്റവും അനുയോജ്യമെന്ന് മുന്‍ ചീഫ് സെക്രട്ടറി ബസുദേബ് ബാനര്‍ജി പറയുന്നു. പ്രകൃതിദുരന്തങ്ങളോ മറ്റോ വന്നാലും ജനസംഖ്യാനുപാതം കുറയുന്നത് പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കുന്നു.
ഭൂമിശാസ്ത്രപരമായ ഈ വലിയ വ്യാപ്തി കൈകാര്യം ചെയ്യാനായി നേരത്തെ ബംഗാള്‍'പൊലിസ് ജില്ലകള്‍' എന്ന സംവിധാനം കൊണ്ടുവന്നിരുന്നു. ഒരു റവന്യൂ ജില്ലയില്‍ ഒരു ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് പുറമേ ക്രമസമാധാന പാലനത്തിനായി രണ്ട് അല്ലെങ്കില്‍ മൂന്ന് പൊലിസ് സൂപ്രണ്ടുമാര്‍ക്ക് കീഴില്‍ പ്രത്യേക പൊലിസ് ജില്ലകള്‍ രൂപീകരിക്കുന്നതായിരുന്നു സംവിധാനം. ഇത്തരത്തില്‍ സൗത്ത് 24 പര്‍ഗാനാസില്‍ നിലവില്‍ മൂന്ന് പൊലിസ് ജില്ലകളുണ്ട്.
വെല്ലുവിളികള്‍ ഏറെ
പുതിയ ജില്ലകള്‍ പ്രഖ്യാപിക്കുന്നത് എളുപ്പമാണെങ്കിലും ഏറെ വെല്ലുവിളികളുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അത് നടപ്പിലാക്കാന്‍ വന്‍ സാമ്പത്തികചെലവുകളുമുണ്ടാവും. പുതിയ കലക്ടറേറ്റുകള്‍, കോടതികള്‍, പൊലിസ് ആസ്ഥാനങ്ങള്‍ എന്നിവയും നിര്‍മിക്കേണ്ടതുണ്ട്. 2022 ആഗസ്റ്റില്‍ സുന്ദര്‍ബന്‍, ഇച്ഛാമതി, രണഘട്ട്, ബിഷ്ണുപൂര്‍, ജംഗിപൂര്‍, ബെര്‍ഹാംപൂര്‍, ബസിര്‍ഹട്ട് എന്നീ ഏഴ് ജില്ലകള്‍ മമത പ്രഖ്യാപിച്ചിട്ടും നടപ്പാക്കാതിരുന്നതിന് പ്രധാന കാരണം ഈ സാമ്പത്തിക ബാധ്യതയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
നീതിന്യായ സംവിധാനം ഉറപ്പുവരുത്തണം
ഒരു റവന്യൂ ജില്ല നിലവില്‍ വരണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതിയോടെ ജില്ലാ ജഡ്ജി അടക്കമുള്ള നീതിന്യായ സംവിധാനവും ഒരുക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുനല്‍കിയാല്‍ മാത്രമേ ഇതിനുള്ള അനുമതി നല്‍കാറുള്ളൂ.
ഉദ്യോഗസ്ഥരുടെ കുറവ്
ഉദ്യോഗസ്ഥരുടെ കുറവാണ് നേരിടാനിടയുള്ള മറ്റൊരു പ്രതിസന്ധി. നിലവില്‍ പശ്ചിമ ബംഗാളില്‍ നിലവില്‍ 75 ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവുണ്ട്. മാത്രമല്ല താഴെത്തട്ടിലുള്ള ക്ലര്‍ക്കുമാരുടെയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും കുറവും സംസ്ഥാനം വലിയ തോതില്‍ നേരിടുന്നുണ്ട്.
the west bengal government is considering the formation of new districts to improve administrative efficiency in one of india’s most populous states amid growing population and governance challenges.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."