ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും അദ്ദേഹം രാജിവെച്ചു. തന്റെ തീരുമാനം ചാള്‍സ് മൂന്നാമനെ അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും സ്റ്റാമര്‍ വ്യക്തമാക്കി.
മാസങ്ങളായ് സ്റ്റാര്‍മറുടെ സ്ഥാനത്തിന് ഭീഷണിയുണ്ടായിരുന്നു.ലേബര്‍ പാര്‍ട്ടിയിലെ നൂറിലധികം എം.പിമാര്‍ സ്റ്റാര്‍മര്‍ രാജിവെക്കുകയോ അല്ലെങ്കില്‍ സ്ഥാനമൊഴിയുന്നതിനുള്ള സമയക്രമം പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പ്രധാന രാഷ്ട്രീയ എതിരാളിയായ ആന്‍ഡി ബേണ്‍ഹാം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സ്റ്റാര്‍മറുടെ നേതൃത്വത്തിന് നേരെ ഉയര്‍ന്നിരുന്ന ഭീഷണി കൂടുതല്‍ ശക്തമായി. സ്റ്റാര്‍മറുടെ നേതൃത്വത്തെ ഔദ്യോഗികമായി ചോദ്യം ചെയ്യാനുള്ള വഴി പാര്‍ലമെന്റ് അംഗമായതോടെ ബേണ്‍ഹാമിന് മുന്നില്‍ തുറന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.എന്നാല്‍, നേതൃത്വത്തിനെതിരെയുള്ള ഏത് വെല്ലുവിളിയെയും നേരിടുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റാര്‍മര്‍ വ്യക്തമാക്കിയിരുന്നു.
മധ്യ ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിയെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ നേതാവാണ് കീര്‍ സ്റ്റാര്‍മര്‍.2024ലാണ് അദ്ദേഹം അധികാരമേല്‍ക്കുന്നത്. എന്നാല്‍, ചില വിവാദങ്ങളും നയപരമായ പിന്മാറ്റങ്ങളുമാണ് അദ്ദേഹത്തിന്റെ ജനപ്രീതി വന്‍തോതില്‍ ഇടിയാനിടയാക്കിയത്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന വികാരവും വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമാണ്.
ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങളില്‍ നാലിലൊന്ന് വരുന്ന നൂറിലധികം ജനപ്രതിനിധികള്‍ സ്റ്റാര്‍മര്‍ പദവി ഒഴിയണമെന്നോ അല്ലെങ്കില്‍ രാജിവെക്കുന്ന തീയതി പ്രഖ്യാപിക്കണമെന്നോ ഇതിനോടകം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാബിനറ്റ് മന്ത്രിമാര്‍, ഉപദേശകര്‍, പാര്‍ട്ടി ഫണ്ട് നല്‍കുന്നവര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തന്റെ സ്ഥാനം ഇനി നിലനിര്‍ത്താനാകില്ലെന്ന നിഗമനത്തിലേക്ക് സ്റ്റാര്‍മര്‍ എത്തിയതെന്ന് ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
56 കാരനായ ആന്‍ഡി ബേണ്‍ഹാമിനാണ് ലേബര്‍ പാര്‍ട്ടിയില്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മേയര്‍ എന്ന നിലയില്‍ പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ നൈജല്‍ ഫരാഷിന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് പാര്‍ലമെന്റിലേക്ക് എത്തിയത്.
Reports indicate that Keir Starmer has resigned as the Prime Minister of the United Kingdom, marking a significant development in British politics. The resignation is expected to trigger political discussions over leadership succession, the future direction of the government, and the impact on the ruling Labour Party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."