മുസ്ലിം സമുദായം മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരാണെന്ന് അധിക്ഷേപിച്ച ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ
കോഴിക്കോട്: മുസ്ലിം സമുദായത്തെ മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരും അതൊക്കെ വ്യാപിപ്പിക്കുന്നവരുമായി അധിക്ഷേപിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകളിട്ട ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബുവിനെതിരെ സർക്കാർ കേസ് എടുക്കണമെന്ന് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ആവശ്യപ്പെട്ടു. ഒരു സമുദായത്തെയാകെ അധിക്ഷേപിക്കുകയും സമൂഹത്തിൽ വെറുപ്പും സ്പർധയും പരത്തുകയും ചെയ്യുന്ന വർഗീയ ക്രിമിനൽ നടപടികളെ ശക്തമായി തന്നെ നേരിടണമെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
സർക്കാറിന്റെ മയക്കുമരുന്നിനെതിരായ 'ഓപ്പറേഷൻ തൂഫാൻ' പരിപാടിക്ക് പിന്തുണ തേടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ച നടപടിയെ പരിഹസിച്ചുള്ള പോസ്റ്റിലാണ് ആർ.വി. ബാബു അത്യന്തം അപലനീയമായ രീതിയിൽ മുസ്ലിം സമുദായത്തെയാകെ മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും മൊത്തകച്ചവടക്കാരായി അധിക്ഷേപിച്ചിരിക്കുന്നത്.
മുസ്ലിംകളെ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരായി അധിക്ഷേപിക്കുന്ന ആർ.വി. ബാബു മനസ്സിലാക്കേണ്ടത് ഇന്ത്യയിലെ ഡ്രഗ് ട്രാഫിക്കിങ്ങിന്റെ പ്രധാന തുറമുഖങ്ങളെല്ലാം ഗുജറാത്തിലാണെന്നും നമ്മുടെ രാജ്യത്ത് ചാർജ് ചെയ്യപ്പെട്ട കേസുകളിൽ
പ്രതികളായി വന്നിട്ടുള്ളത് ആരാണെന്നുമാണെന്ന് കുഞ്ഞിക്കണ്ണൻ ഓർമിപ്പിച്ചു. കൊച്ചിയിലേക്ക് മയക്കുമരുന്ന് ട്രാഫിക്കിങ് നടത്തിയതിലെടുത്ത കേസിലെ മുഖ്യപ്രതി ഗുജറാത്തിലെ ഒരു ബി.ജെ.പി എം.എൽ.എ ആയിരുന്നുവെന്നും ഓർക്കണം.
മയക്കുമരുന്നും തീവ്രവാദവുമൊക്കെ ഏതെങ്കിലും മത സമുദായത്തിന്റെ പ്രശ്നമല്ലെന്നും നമ്മുടെ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെയും സമാധാനപരമായ മനുഷ്യ ജീവിതത്തെ അസ്ഥിരീകരിക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ആസൂത്രണത്തിൽ സൃഷ്ടിക്കപ്പെടുന്നതാണെന്നും ആർ.വി. ബാബു മനസിലാക്കണമെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."