എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വിദേശ ഫണ്ട് സ്വീകരിക്കുന്ന സർക്കാരിതര സന്നദ്ധ സംഘടനകൾ (എൻ.ജി.ഒ)ക്ക് കൂടുതൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2011ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം. ഇതനുസരിച്ച് വിദേശത്തുനിന്ന് പണം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ സർക്കാരിന് കൈമാറണം. സന്നദ്ധ സംഘടനകൾ ഏതൊക്കെ മേഖലകളിലാണ് പ്രവർത്തിക്കുന്നതെന്നും ഏതെല്ലാം സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലാണ് പ്രവർത്തന മേഖലകളെന്നും അറിയിക്കണം. വിവരങ്ങൾ വെളിപ്പെടുത്താൻ ഒരു വർഷത്തെ സമയമാണ് അനുവദിച്ചത്.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം സന്നദ്ധസംഘടനകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ തുടർച്ചയാണ് നടപടി. ഫണ്ടുകൾ ശേഖരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിനു പുറമെ, അവരുടെ രാഷ്ട്രീയ ഇടപെടലുകളെ ലക്ഷ്യംവച്ചാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. വിദേശ ഫണ്ട് സ്വീകരിക്കാൻ രജിസ്ട്രേഷനായി അപേക്ഷിക്കുമ്പോൾ തന്നെ സംഘടനകൾ പ്രവർത്തന ലക്ഷ്യങ്ങളും സംസ്ഥാനങ്ങളും വ്യക്തമാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
വിദേശ ഭാരവാഹികൾക്ക് വിലക്ക്
ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരന്മാർ സംഘടനയുടെ പ്രധാന ഭാരവാഹികളായാൽ അത്തരം സംഘടനകൾക്ക് വിദേശപണം സ്വീകരിക്കാനുള്ള രജിസ്ട്രേഷനോ മുൻകൂർ അനുമതിയോ നൽകില്ല. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് ഇളവ് അനുവദിക്കാം.
ഡോണർ അഡൈ്വസ്ഡ് ഫണ്ട് പോലുള്ള ഇടനില സംവിധാനങ്ങളിലൂടെ പണം ലഭിച്ചാലും യഥാർഥ ദാതാവിന്റെ വിവരങ്ങൾ വെളിപ്പെടുത്തണം. വാർഷിക സാമ്പത്തിക റിപ്പോർട്ടിനൊപ്പം വിശദമായ പ്രവർത്തന റിപ്പോർട്ടും സമർപ്പിക്കണം.
ഫീൽഡ് പരിശോധന
നിഷ്‌ക്രിയമായ സന്നദ്ധ സംഘടനകൾ ലൈസൻസുകൾ രജിസ്ട്രേഷൻ പുതുക്കാനോ റദ്ദാക്കൽ ഒഴിവാക്കാനോ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ തെരഞ്ഞെടുത്ത പ്രവർത്തനങ്ങൾക്ക് കുറഞ്ഞത് 10 ലക്ഷം രൂപ വിദേശ ഫണ്ട് ചെലവഴിക്കണം. മുൻകൂർ അനുമതി പ്രകാരം ഫണ്ട് സ്വീകരിക്കുന്ന സംഘടനകൾക്ക് ആദ്യ ഗഡുവിന്റെ 75 ശതമാനം ചെലവഴിച്ചതിനു ശേഷമേ അടുത്ത ഗഡു ലഭിക്കൂ. വിനിയോഗം പരിശോധിക്കാൻ സർക്കാർ ഫീൽഡ് അന്വേഷണം നടത്തും.
ചട്ടങ്ങൾ ലംഘിച്ചാൽ കനത്ത പിഴ
ഭരണപരമായ ചെലവുകൾ: ലഭിച്ച വിദേശ സംഭാവനയുടെ 20 ശതമാനത്തിൽ കൂടുതൽ തുക ഭരണപരമായ കാര്യങ്ങൾക്കായി ചെലവഴിച്ചാൽ കനത്ത പിഴയൊടുക്കേണ്ടി വരും. ഒരു ലക്ഷം രൂപയോ അല്ലെങ്കിൽ നിശ്ചിത പരിധിക്കു മുകളിൽ ചെലവഴിച്ച തുകയുടെ 5 ശതമാനമോ (ഇവയിൽ ഏതാണോ കൂടുതൽ അത്രയും തുക) പിഴയായി ഈടാക്കും.
ഊഹക്കച്ചവട നിക്ഷേപങ്ങൾ: വിദേശ ഫണ്ട് ഊഹക്കച്ചവട നിക്ഷേപങ്ങളിലേക്ക് വകമാറ്റിയാൽ ഒരു ലക്ഷം രൂപയോ നിക്ഷേപിച്ച തുകയുടെ 30 ശതമാനമോ പിഴ ഈടാക്കും. നിക്ഷേപത്തിൽനിന്ന് ലഭിച്ച മുഴുവൻ വരുമാനവും സർക്കാർ കണ്ടുകെട്ടും.
ലക്ഷ്യംതെറ്റിച്ച് വിനിയോഗം: വിദേശ ഫണ്ട് പ്രഖ്യാപിത ലക്ഷ്യത്തിനല്ലാതെ വകമാറ്റി ഉപയോഗിച്ചാലും രജിസ്‌ട്രേഷൻ അനുവദിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ വിനിയോഗിച്ചാലും 30 ശതമാനം തുകയോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയോ (ഏതാണോ കൂടുതൽ) പിഴ ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."