സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷിഗെല്ല; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ഷിഗെല്ല കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ ഇതുവരെ 180 പേർക്കാണ് രോഗബാധയേറ്റത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 256 ആയി ഉയർന്നു.
അതേസമയം നിപയിൽ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഒരാളെ ഇന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ട ഒരാളെയാണ് ഇന്ന് ക്വാറന്റൈനിൽ നിന്നു ഒഴിവാക്കിയിരിക്കുന്നത്. രോഗബാധിതന്റെ സഹപ്രവർത്തകനായിരുന്നു ഇദ്ദേഹം. രോഗബാധിതൻ വെന്റിലേറ്ററിൽ തുടരുകയാണ്.
അതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം പ്രതിസന്ധിയായി തുടരുകയാണ്. ഇന്ന് മാത്രം 95 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിവിധ പകർച്ചവ്യാധികൾ ബാധിച്ച് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമീബിക് മസ്തിഷ്‌കജ്വരം, ഇൻഫഌവൻസ, എലിപ്പനി എന്നിവ ബാധിച്ചാണ് മരണം. ഈ മാസം മാത്രം 1802 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.
നിലവിൽ സംസ്ഥാനത്തെ ആകെ പനി ബാധിതരുടെ എണ്ണം 9817 ആണ്. ഡെങ്കിപ്പനിക്ക് പുറമേ എലിപ്പനിയും മഞ്ഞപ്പിത്തവും വൻതോതിൽ പടരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ 11 പേർക്ക് എലിപ്പനിയും 19 പേർക്ക് മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ്) ബാധിച്ചിട്ടുണ്ട്.
കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കാനും അധികൃതർ ആവശ്യപ്പെട്ടു. പനി ബാധിച്ചാൽ സ്വയംചികിത്സ ഒഴിവാക്കി തൊട്ടടുത്തുള്ള ആശുപത്രികളിൽ അടിയന്തരമായി ചികിത്സ തേടണമെന്നാണ് നിർദ്ദേശം.
eight people tested positive for shigella in the state today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."