ബുള്‍ഡോസര്‍ രാജിന് സ്റ്റേ; പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിലെ ബധിയാതുല ഗ്രാമത്തില്‍ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിരുന്ന 38 വീടുകള്‍ക്ക് ഹൈക്കോടതിയുടെ സംരക്ഷണം. ഈ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കാനുള്ള നീക്കത്തിനെതിരേ പൗരാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് (എ.പി.സി.ആര്‍) നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയം കൂടുതല്‍ നിയമവശങ്ങള്‍ പരിശോധിക്കുന്നതിനായി കോടതി മാറ്റിവച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാകും വരെ വീടുകള്‍ പൊളിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഖാണ്ഡവ ജില്ലയിലെ എത്വ തഹസീലിന് കീഴിലുള്ള ഗ്രാമത്തില്‍ മൃഗത്തെ അറുത്തതുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പരാതിയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്നാണ് അധികൃതര്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങിയത്. ഒമ്പത് പേര്‍ക്കെതിരെ കേസെടുക്കുകയും മുഖ്യ പ്രതിക്കെതിരെ കടുത്ത വകുപ്പുകളുള്ള ദേശസുരക്ഷാ നിയമം ചുമത്തുകയും ചെയ്തിരുന്നു. ഈ മാസം 20ന് ഹിന്ദുത്വ സംഘടനകള്‍ റോഡ് ഉപരോധിക്കുകയും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭരണകൂടം അനധികൃതമെന്ന് ആരോപിച്ച് ചില വീടുകള്‍ പൊളിക്കുകയും ഒട്ടേറെ ഗ്രാമീണര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തത്.ഭരണകൂടത്തിന്റെ നടപടി ഗ്രാമത്തില്‍ വലിയ ഭീതി പരത്തിയ സാഹചര്യത്തിലാണ് എ.പി.സി.ആര്‍ കോടതിയെ സമീപിച്ചത്. ആദ്യം നാല് വീടുകള്‍ക്ക് സംരക്ഷണം ലഭിച്ചെങ്കിലും പിന്നീട് 47 കുടുംബങ്ങള്‍ക്ക് കൂടി നോട്ടീസ് ലഭിച്ചു. തുടര്‍ന്ന് എ.പി.സി.ആര്‍ വീണ്ടും കോടതിയെ സമീപിക്കുകയും കൂടുതല്‍ കുടുംബങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയുമായിരുന്നു.
ബി.ജെ.പി നേതാവിനെ ആക്രമിച്ച കേസിലെ പ്രതിയുടെ വീട് തകര്‍ത്തു
റായ്പൂര്‍: ഛത്തിസ്ഗഡില്‍ ബി.ജെ.പി മുന്‍ മണ്ഡലം പ്രസിഡന്റിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ ജനപദ് ഉപാധ്യക്ഷനുമായ കൊര്‍ബ സ്വദേശി റസാഖ് അലിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. ബി.ജെ.പി നേതാവ് ശിവ് ബാലക് തോമറിനെ ആക്രമിച്ചെന്ന കേസില്‍ റസാഖ് അലിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. അനധികൃതമായി നിര്‍മിച്ചതെന്ന് ആരോപിച്ചാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്.ഡി.എം), തഹസില്‍ദാര്‍, നഗരസഭ, പൊലിസ് എന്നിവരുടെ സംയുക്തസംഘം ബുള്‍ഡോസറുമായെത്തി പൊളിച്ചത്. സംഭവത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തുവന്നു.
madhya pradesh high court stayed the demolition of 38 homes in khandwa after a petition by apcr. the court ordered that no houses be demolished until legal proceedings are completed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."