മരിച്ചിട്ടില്ല, പക്ഷെ മരണാനന്തര ചടങ്ങിന് പിരിവ്! ജീവിച്ചിരിക്കുന്ന യുവാവിന്റെ പേരിൽ വൻ തട്ടിപ്പ്; മൂന്ന് പേർ കസ്റ്റഡിയിൽ
കൊല്ലം: മാരകമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടുവെന്ന് വ്യാജപ്രചരണം നടത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം. ഇരവിപുരം കയ്യാലക്കൽ സ്വദേശിയായ സജീവ് എന്ന യുവാവ് മരിച്ചുവെന്ന് കാണിച്ച് നാട്ടുകാരനായ വ്യക്തിയാണ് വ്യാപകമായി പണപ്പിരിവ് നടത്തിയത്. സംഭവത്തിൽ സജീവിന്റെയും ഭാര്യ സമിതയുടെയും പരാതിയിൽ ഇരവിപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സജീവ് അന്തരിച്ചുവെന്നും, ഭൗതികശരീരം സംസ്കരിക്കുന്നതിനും മറ്റ് അനുബന്ധ ചടങ്ങുകൾക്കുമായി സാമ്പത്തിക സഹായം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ പലരെയും ഫോണിൽ ബന്ധപ്പെട്ടത്. ഗൂഗിൾ പേ വഴി ഏകദേശം 19,000 രൂപയോളം ഇവർ ഇതിനകം തട്ടിയെടുക്കുകയും ചെയ്തു.
പ്രതികൾ പലരെയും ഫോൺ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സന്ദേശം അവിചാരിതമായി സജീവിന്റെ ഭാര്യ സമിതയ്ക്ക് ലഭിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. സംഭവം അറിഞ്ഞ് ഞെട്ടിയ ദമ്പതികൾ ഉടൻ തന്നെ ഇരവിപുരം പൊലിസിനെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് പ്രാഥമിക അന്വേഷണം നടത്തി. പിന്നാലെ പ്രതികളിലൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള മൂന്ന് പേരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും, നിലവിൽ താക്കീത് നൽകി വിട്ടയച്ചിരിക്കുകയാണ്. ഇവർക്കെതിരെ കൃത്യമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അന്വേഷണം ഊർജ്ജിതമായി മുന്നോട്ട് പോവുകയാണെന്നും ഇരവിപുരം പൊലിസ് അറിയിച്ചു.
three people have been taken into custody in kerala for executing a bizarre fraud where they collected money for the funeral expenses of a young man who is actually alive and well.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."