നെഞ്ചകം തകര്‍ന്ന് രാമന്തളി
വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
പയ്യന്നൂര്‍: അഞ്ചു ജീവനുകള്‍ ഒരുമിച്ചു പൊലിഞ്ഞതിന്റെ നടുക്കം കുന്നരുവിലെ ജനങ്ങള്‍ക്ക് വിട്ടൊഴിഞ്ഞിട്ടില്ല. കടവരാന്തകളും ബസ് സ്റ്റോപ്പും റോഡരികും മൂകമായിരുന്നു. കാരന്താട് ജങ്ഷനില്‍ ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച് മരണപ്പെട്ട ദമ്പതികളും മകളുമടക്കം അഞ്ചു പേര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണ് കുന്നരുവിലെയും സമീപദേശത്തെയും ജനത നല്‍കിയത്. ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പുഞ്ചക്കാട് സെന്റ് മേരീസ് യു.പി സ്‌കൂളിലും രാമന്തളി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹങ്ങള്‍ ഒരുനോക്കു കാണാന്‍ ആയിരങ്ങളെത്തി. ശ്രീജിത്തിന്റെ മകള്‍ ആരാധ്യയുടെ മൃതദേഹമാണ് പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ് ആദ്യമെത്തിയത്. തുടര്‍ന്ന് രാമന്തളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനു മുമ്പായി ആരാധ്യയുടെ അമ്മ ആശയുടെ ഏറ്റുകുടുക്കയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനു ശേഷമാണ് ഓട്ടോഡ്രൈവര്‍ ഗണേഷിന്റെയും ഭാര്യ ലളിതയുടെയും മകള്‍ ലിഷ്ണയുടെയും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. ലിഷ്ണ പഠിച്ചിരുന്ന പുഞ്ചക്കാട് സെന്റ് മേരീസ് യു.പി സ്‌കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശത്തിനു വച്ചു. പ്രിയ സ്‌നേഹിതയുടെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ വിതുമ്പി നിന്ന കൂട്ടുകാരികളുടെ സങ്കട കാഴ്ച നൊമ്പരമായിരുന്നു. തുടര്‍ന്നു അഞ്ചു മൃതദേഹങ്ങളും കാരന്താട്ടെ അപകടം നടന്ന സ്ഥലത്തിനു സമീപത്തുള്ള ഷേണായി മന്ദിരത്തില്‍ ഒന്നിച്ചു പൊതുദര്‍ശനത്തിനു വയ്ക്കുകയായിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. എം.എല്‍.എമാരായ സി കൃഷ്ണന്‍, എ.എന്‍ ഷംസീര്‍, ടി.വി രാജേഷ്, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി സഹദുല്ല, ഐ.എന്‍.എല്‍ സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം അംഗം എം.വി ഗോവിന്ദന്‍, അഡ്വ. പി സന്തോഷ് കുമാര്‍, കെ.കെ ജയപ്രകാശ്, അഡ്വ.കെ ബ്രിജേഷ്, ഇഖ്ബാല്‍ പോപ്പുലര്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍, ടി.ഐ മധുസൂദനന്‍, അഡ്വ. ഡി.കെ ഗോപിനാഥ്, കെ ജയരാജ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഷേണായി മന്ദിരം മുതല്‍ കാരന്താട് ജങ്ഷന്‍ വരെ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ മൃതദേഹങ്ങള്‍ അവസാനമായി ഒരുനോക്കു കാണാന്‍ മണിക്കൂറുകളോളം നിരയില്‍ നിന്നു. രണ്ടോടെ ദേവകിയുടെ മൃതദേഹം കാരന്താട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. ബാക്കി നാലു മൃതദേഹങ്ങള്‍ വടക്കുമ്പാട് മാപ്പിള യു.പി സ്‌കൂളിലേക്ക് കൊണ്ടുപോയി. വടക്കുമ്പാട് യു.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹങ്ങള്‍ കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തി. ഇതിനുശേഷം ആരാധ്യയുടേതൊഴികെ മറ്റു മൂന്നു പേരുടെയും മൃതദേഹങ്ങള്‍ മരിച്ച ലളിതയുടെ സഹോദരന്റെ വീട്ടില്‍ എത്തിച്ചു. വൈകുന്നേരം നാലോടു കൂടി പുന്നാക്കടവിന് സമീപം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ദേവകിയുടെ മൃതദേഹം കാരന്താട് പൊതുശ്മശാനത്തിലും ആരാധ്യയുടെത് കൊവ്വപ്പുറം ശ്മശാനത്തിലും സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."