ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ
ഇംഫാൽ: മണിപ്പൂരിൽ ജൂൺ 12ന് നാഗാ വിഭാഗക്കാർ നടപ്പിലാക്കായ ഉപരോധം കുക്കി മേഖലകളെ പട്ടിണിയിലാക്കി. കുക്കികളുടെ ഭരണ സിരാകേന്ദ്രമായ കാങ്‍കോക്പി ഉൾപ്പടെയുള്ള പ്രദേശങ്ങളെ ഉപരോധം വലിയതോതിലാണ് ബാധിച്ചിട്ടുള്ളത്. കുക്കി മേഖലകളിലേക്ക് ആവശ്യസാധനങ്ങൾ വരുന്നത് നാഗാ പ്രദേശങ്ങൾ വഴിയാണ്. ഇങ്ങോട്ടുള്ള പ്രധാന വഴിയായ ദേശീയ പാത നാഗാ വിഭാഗക്കാരുടെ ഉപരോധം മൂലം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. നിരവധി ട്രക്കുകൾ ആവശ്യസാധനങ്ങളുമായി ഇവിടെ തമ്പടിച്ച് കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമാകാൻ പോകുകയാണ്. ആവശ്യസാധനങ്ങളുടെ അഭാവം കാരണം ആശുപത്രികളുടെ പ്രവർത്തനം പോലും നിലച്ചുകഴിഞ്ഞു.
കാങ്‍കോക്പിയിൽ ഒരു ഗ്യാസ് കുറ്റിയുടെ വില 5000 മുതൽ 6000 രൂപ വരെയാണ്. കരിഞ്ചന്തയിൽ ലഭിക്കുന്ന പെട്രോളിന്റെ വില 300 രൂപയാണ്. നിത്യോപയോഗ സാധനങ്ങൾ കരിഞ്ചന്തയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് കുക്കി വിഭാഗക്കാർ. ചില ഗ്രാമങ്ങളിൽ കടുത്ത പട്ടിണിയിലേക്ക് പോയിക്കഴിഞ്ഞതായി കുക്കി സംഘടനകൾ പറയുന്നു.
ഉപരോധം പിൻവലിക്കണമെങ്കിൽ തങ്ങളുടെ ആറുപേരെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതികളെ പിടികൂടണമെന്ന ആവശ്യമാണ് നാഗാ വിഭാഗം ഉയർത്തുന്നത്. മെയ് 13ന് കുക്കികൾ തട്ടിക്കൊണ്ടുപോയ ആറ് നാഗാ വിഭാഗക്കാരെ ജൂൺ 11ന് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവം സംഘർഷം രൂക്ഷമാകാൻ കാരണമായിരുന്നു. സ്വതന്ത്ര സഞ്ചാരം സാധ്യമാക്കുമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മണിപ്പൂരികളോട് ഇടക്കിടെ പറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് സ്വതന്ത്ര സഞ്ചാരം പോലും നടക്കാത്ത നിലയാണുള്ളത്. നാഗാ ഉപരോധം ഇനിയും നീണ്ടു പോയാൽ കുക്കി മേഖലകളിൽ പട്ടിണി മരണങ്ങൾ വ്യാപകമാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."