പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും എൻജിനീയറിങ് പ്രൊഫസറുമായ കെ.കെ. അബ്ദുൽ ഗഫാർ (89) അന്തരിച്ചു. അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ മുൻ സീനിയർ ഡയറക്ടറായിരുന്നു.
കേരളത്തിലെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ്. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT Calicut), കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ ദീർഘകാലം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.
അധ്യാപനം, സ്ഥാപന നേതൃത്വം, കൺസൾട്ടൻസി എന്നീ മേഖലകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. യുഎഇയിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായ അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ (മുമ്പ് ഗൾഫ് മെഡിക്കൽ കോളേജ്) സീനിയർ ഡയറക്ടറും കമ്മീഷനിംഗ് ലീഡുമായി ദീർഘകാലം പ്രവർത്തിച്ചു. ഈ സ്ഥാപനത്തെ മിഡിൽ ഈസ്റ്റിലെ പ്രമുഖ മെഡിക്കൽ ഹബ്ബാക്കി മാറ്റുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ അമരക്കാരനായിരുന്നു പ്രൊഫ. അബ്ദുൾ ഗഫാർ. മുൻപ് ആർ.ഇ.സി (REC) എന്നറിയപ്പെട്ടിരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കാലിക്കറ്റിൽ പ്രൊഫസറായും ഡിപ്പാർട്ട്മെന്റ് മേധാവിയായും സേവനമനുഷ്ഠിച്ചു. കൊല്ലം ടി.കെ.എം (TKM) കോളേജ് ഓഫ് എഞ്ചിനീയറിംഗിലും അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കർണാടക ഭട്കലിലെ അഞ്ജുമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിന്റെ പ്രിൻസിപ്പലായിരുന്നു.
സഊദി അരാംകോ ടെക്നിക്കൽ സർവീസസ് കമ്പനിയിൽ കൺസൾട്ടന്റ് എഞ്ചിനീയറായും എഞ്ചിനീയറിംഗ് വൈദഗ്ധ്യം തെളിയിച്ചു.
ധോണി പ്രകാശനം ചെയ്ത ആത്മകഥ
അക്കാദമിക് രംഗത്തിന് പുറമെ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. പ്രൊഫ. അബ്ദുൾ ഗഫാർ മലയാളത്തിൽ രചിച്ച 'ഞാൻ സാക്ഷി' എന്ന ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.
ജമീല ഷാംനാദാണ് ഭാര്യ. ഡോ. ഷാജിർ ഗഫാർ, ഡോ. ഫരീദ ഗഫാർ, ഡോ. ജമാലുന്നിസ്സ ഗഫാർ, ഷഹനാസ് ഗഫാർ എന്നിവർ മക്കളാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം കാസർഗോഡ് ചൗക്കിയിലെ കുന്നിൽ റിഫായ് മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."