സൗദിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനാനുമതി: ചില സ്ഥാപനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി
റിയാദ്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേക അനുമതി (24-Hour Operating Permit) ലഭ്യമാക്കാന്‍ ഈടാക്കുന്ന ഫീസില്‍ നിന്ന് വിവിധ വ്യാപാരസേവന സ്ഥാപനങ്ങളെ ഒഴിവാക്കി സൗദി മുനിസിപ്പാലിറ്റികളും ഭവന മന്ത്രാലയവും.
നഗരപരിധിക്ക് പുറത്തുള്ള ഇന്ധന വിതരണ കേന്ദ്രങ്ങള്‍, സര്‍വീസ് സെന്ററുകള്‍, ഹോട്ടലുകള്‍, ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, റിസോര്‍ട്ടുകള്‍, സമാന താമസസൗകര്യങ്ങള്‍ എന്നിവയ്ക്ക് ഫീസ് ഇളവ് ലഭിക്കും. ഫാര്‍മസികള്‍, ആരോഗ്യ സേവന സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവാഹ ഹാളുകള്‍, വിനോദ വിശ്രമകേന്ദ്രങ്ങള്‍ എന്നിവയും ഫീസ് ഒഴിവാക്കിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.
മുനിസിപ്പല്‍ ലൈസന്‍സിംഗ് നടപടിക്രമ വ്യവസ്ഥയും അതിന്റെ ചട്ടങ്ങളും അനുസരിച്ചുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തനാനുമതി സംബന്ധിച്ച പുതിയ നിയമാവലിയാണ് മന്ത്രാലയം അടുത്തിടെ അംഗീകരിച്ചത്. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ 5 മണി വരെയുള്ള പ്രവര്‍ത്തനത്തിനാണ് ഈ അനുമതി ബാധകമാകുക. എന്നാല്‍ റമദാന്‍ മാസത്തിലും ഈദ് അവധി ദിവസങ്ങളിലും ഈ സമയപരിധി ബാധകമല്ല.
24 മണിക്കൂര്‍ പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിന് ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെയും സുരക്ഷാ വിഭാഗങ്ങളുടെയും അനുമതി നിര്‍ബന്ധമാണ്. അനുവദിച്ച സമയങ്ങളിലെ ജീവനക്കാരുടെ ഷിഫ്റ്റ് ക്രമീകരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കും. താമസമേഖലകളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവുന്ന റോഡുകളും പ്രദേശങ്ങളും അതത് മുനിസിപ്പാലിറ്റികള്‍ നിശ്ചയിക്കും. തൊഴില്‍ നിയമങ്ങളും വനിതാ തൊഴിലാളികള്‍ സംബന്ധിച്ച നിലവിലെ ചട്ടങ്ങളും അനുസരിച്ചായിരിക്കും പ്രവര്‍ത്തനസമയം ക്രമീകരിക്കുക.
English Summary: The Ministry of Municipalities and Housing has exempted several business activities from paying the fee required to obtain a 24-hour operating permit, Okaz newspaper reported. The exemptions include fuel stations and service centers located outside urban areas, as well as hotels, hotel apartments, resorts and similar accommodation facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."