കോടികളുടെ ഉപകരണങ്ങൾ നശിക്കുന്നു; ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകളിൽ അന്വേഷണം
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടത്തിയ പർച്ചേസുകളിൽ സമഗ്രമായ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. മുരളീധരൻ. വിവിധ ആശുപത്രികളിൽ കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കാതെ ഇട്ടിരിക്കുന്നത് സംബന്ധിച്ച പരാതികളുടെയും, നേരിൽകണ്ട് മനസിലാക്കിയ സാഹചര്യത്തിലുമാണ് അന്വേഷണമെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിൽ മതിയായ ജീവനക്കാരെ നിയോഗിക്കാനും മരുന്നുകൾ വാങ്ങാനും സാമ്പത്തിക പ്രതിസന്ധി നേരിടുന്നകാലത്ത് ഇത്രയധികം ഉപകരണങ്ങൾ എന്തിന് വാങ്ങിക്കൂട്ടിയെന്നത് കണ്ടെത്തേണ്ടതുണ്ട്. കമ്മിഷൻ ലക്ഷ്യമിട്ടുള്ള പർച്ചേസുകളാണ് നടന്നതെന്നുള്ള ആക്ഷേപങ്ങളിൽ വ്യക്തവരുത്തേണ്ടതുണ്ട്. തകർന്ന സിസ്റ്റത്തെ ശരിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി. മൊബൈൽ മോർച്ചറികൾ, ഓട്ടോ ക്ലേവ് മെഷിൻ, ഓക്സിജൻ കോൺസൻട്രേറ്റർ മെഷിൻ തുടങ്ങിയ കോടികൾ വിലയുള്ള നിരവധി ഉപകരണങ്ങൾ ഉപയോഗ്യ ശൂന്യമായി കിടക്കുന്നതായി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ പർച്ചേസുകളും അന്വേഷിക്കും. കൂടാതെ കേന്ദ്രപദ്ധതിയായ പി.എം.എസ്.എസ്.വൈ ഫണ്ട് ഉപയോഗിച്ചുള്ള പർച്ചേസുകളും കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ വിതരണം ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ കൂട്ടിയിട്ടിരിക്കുന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.
വയനാട് മെഡിക്കൽ കോളജിൽ മൊബൈൽ മോർച്ചറികൾ ഉൾപ്പെടെ കോടികൾ വിലയുള്ള ഉപകരണങ്ങൾ ഗോഡൗണിൽ തള്ളിയിരിക്കുകയാണ്. കാലപ്പഴക്കം ചെന്നതിനാൽ പല ഉപകരണങ്ങളും ഇനി ഉപയോഗിക്കാൻ കഴിയുമോയന്ന് സംശയമാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന് ഈ ബാധ്യത വരുത്തിയവരെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്‍പെഷാലിറ്റി ബ്ലോക്കിന് മുന്നിൽ ഓട്ടോ ക്ലേവ് മെഷിൻ മഴയും വെയിലുമേറ്റ് നശിക്കുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊവിഡ് കാലത്ത് ലഭിച്ച രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ മെഷിൻ പ്രവർത്തനസജ്ജമല്ലാതെ കിടക്കുന്നു.
പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 100 കെ.വി സോളാർ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ഗ്രിഡിൽ ഘടിപ്പിച്ചില്ല. ഇത് കൂടാതെ ഇവിടെ ജനറേറ്റർ വാങ്ങിവച്ചിട്ടുണ്ടെങ്കിലും അത് പ്രവർത്തന സജ്ജമാക്കാതെ കാലങ്ങളായി ഇരിക്കുന്നതും പരാതികളിൽ ചിലത് മാത്രമാണ്. വകുപ്പുതല അന്വേഷണത്തിലൂടെ 14 ജില്ലകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ കണ്ടെത്തേണ്ടതുണ്ട്. വകുപ്പുതല അന്വേഷണത്തിന് ശേഷം സാമ്പത്തിക കാര്യങ്ങളെ കുറിച്ച് സംസ്ഥാന ധനകാര്യവകുപ്പും പരിശോധിക്കും. ക്രമക്കേടുകൾ കണ്ടെത്തിയാൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."