'മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം'; കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ പ്രതിവര്‍ഷം ചിലവഴിക്കുന്നത് 26,100 കോടിയോളമെന്ന് സന്നദ്ധ സംഘടന
തിരുവനന്തപുരം: കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ തങ്ങളുടെ വരുമാനത്തിന്റെ വളരെ ചെറിയൊരു പങ്ക് മാത്രമാണ് ഇവിടെ ചിലവഴിക്കുന്നതെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ നിയമസഭയിലെ പ്രസ്താവനയ്‌ക്കെതിരെ സന്നദ്ധ സംഘടന രംഗത്ത്. കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം കുറഞ്ഞത് 26,100 കോടി രൂപയെങ്കിലും കേരളത്തിന്റെ ആഭ്യന്തര വിപണിയില്‍ ചിലവഴിക്കുന്നുണ്ടെന്ന് തൊഴിലാളി ക്ഷേമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ്
ഡെവലപ്‌മെന്റ്' (CMID) വ്യക്തമാക്കുന്നു. തൊഴിലാളികള്‍ പ്രധാനമായും ഗോതമ്പ് മാവ്, പലചരക്ക് സാധനങ്ങള്‍, മദ്യം എന്നിവയ്ക്കായി മാത്രമേ പണം ചിലവഴിക്കുന്നുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം. എന്നാല്‍ താമസം, യാത്ര, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി തൊഴിലാളികള്‍ ഭീമമായ തുക ഇവിടെത്തന്നെ ചിലവഴിക്കുന്നുണ്ടെന്ന് CMID എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിനോയ് പീറ്റര്‍ ചൂണ്ടിക്കാട്ടി.
കൃത്യമായ ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും പഠനങ്ങള്‍ പ്രകാരം ഇവര്‍ തങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും കേരളത്തില്‍ തന്നെയാണ് ചിലവഴിക്കുന്നത്. മുഖ്യമന്ത്രിയെപ്പോലെ ഒരു പ്രധാന വ്യക്തി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെയുള്ള വിദ്വേഷം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികളുടെ പണത്തെ ആശ്രയിച്ചു ജീവിക്കുന്ന കേരളത്തിന്, ഇവിടെ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് പണമയക്കുന്നതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ബിനോയ് ഓര്‍മ്മിപ്പിച്ചു.
അതേസമയം, 'അതിഥി തൊഴിലാളികള്‍' എന്നതിന് പകരം 'കുടിയേറ്റ തൊഴിലാളികള്‍' എന്ന ശരിയായ പദം മുഖ്യമന്ത്രി ഉപയോഗിച്ചതിനെയും ഇവരുടെ പണമയക്കലിനെക്കുറിച്ച് പഠനം നടത്തുമെന്ന പ്രഖ്യാപനത്തെയും സംഘടന സ്വാഗതം ചെയ്തു. ആസൂത്രണ ബോര്‍ഡിന്റെ റിപോര്‍ട്ട് പ്രകാരം കേരളത്തിലെ കുടിയേറ്റ ജനസംഖ്യ 45 ലക്ഷത്തിലധികമാണ്. ഇവരില്‍ പകുതിയോളം പേര്‍ക്കും താമസസൗകര്യം സ്വന്തം ചെലവിലാണ് കണ്ടെത്തേണ്ടി വരുന്നത്.
പൊതുഗതാഗതം, വസ്ത്രം, വാടക തുടങ്ങിയ മേഖലകളിലെല്ലാം ഇവരുടെ സാന്നിധ്യം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകുന്നുണ്ട്. കുടിയേറ്റക്കാരായ കുട്ടികള്‍ ഉള്ളതു കൊണ്ട് മാത്രം പൂട്ടാതെ പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലുമുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളും സാക്ഷ്യപ്പെടുത്തുന്നു.
An NGO working for migrant welfare has countered Chief Minister VD Satheesan's assembly remarks, stating that migrant workers contribute significantly to the local economy by spending over ₹26,100 crore annually in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."