വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം
മലപ്പുറം: യു.ഡി.എഫ് സർക്കാറിന്റെ പുതിയ ബജറ്റും കഴിഞ്ഞ വർഷം പൂർത്തിയാകാത്ത സ്പിൽ ഓവർ പദ്ധതികളും ചേർത്ത് 2026-27 വാർഷിക പദ്ധതി വീണ്ടും പരിഷ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം. നേരത്തെ തയാറാക്കി സമർപ്പിച്ച പദ്ധതികളിലാണ് പുതിയവ കൂടി കൂട്ടിച്ചേർത്ത് ഈമാസം 31നകം ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്.
2026-27 പുതുക്കിയ ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ വിഹിതവും കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തീകരിക്കാത്ത സ്പിൽ ഓവർ പദ്ധതികളും ഉൾപ്പെടുത്തി പദ്ധതി പരിഷ്‌കരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ 15ാം ധനകാര്യ കമ്മിഷൻ ഗ്രാൻഡിൽ കഴിഞ്ഞ തവണ ചെലവഴിക്കാത്ത തുക ഉൾപ്പെടുത്തി പുതിയ പദ്ധതി തയാറാക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഹെൽത്ത് ഗ്രാൻഡ്, നഗര സഞ്ചയ ഗ്രാൻഡ് തുടങ്ങിയവയിൽ ചെലവഴിക്കാതെ കിടക്കുന്ന തുക പ്രയോജനപ്പെടുത്താനാണ് നിർദേശം.
ധനകാര്യ കമ്മിഷൻ ഗ്രാൻഡിന്റെ അടിസ്ഥാന വിഹിതത്തിൽ നിന്ന് 20 ശതമാനത്തിൽ കൂടുതൽ തുക റോഡുനിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും വിനിയോഗിക്കാൻ പാടില്ല. ശുചിത്വം, ഖരമാലിന്യ സംസ്‌കരണം, ജലവിഭവ പരിപാലനം തുടങ്ങിയവയ്ക്ക് ചെലവിഴിക്കാനാണ് നിർദേശം. ഇവ സമയബന്ധിതമായി സ്വരാജ് പോർട്ടലിൽ ഉൾപ്പെടുത്തണം.
റീ ബിൽഡ് കേരളയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നടപ്പാക്കുന്ന പ്രോഗ്രാം ഫോർ റിസർട്ട്‌സിൽ പങ്കാളികളായ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും പെർഫോമൻസ് ഇൻസന്റീവ് ഗ്രാൻഡ് നേരത്തെ അനുവദിച്ചിരുന്നു. ഇതിൽ ശേഷിക്കുന്ന തുകയ്ക്കും പുതിയ പദ്ധതികൾ നടപ്പിലാക്കാം.
ഏപ്രിൽ ആരംഭിച്ച തനത് സാമ്പത്തിക വർഷം നാലു മാസമായിട്ടും തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി പ്രവൃത്തികളൊന്നും ഇതുവരെ നടപ്പിലാക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."