എല്‍.പി.എസ്.ടി: 15 മാസമായിട്ടും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല, പ്രതിഷേധം
തിരുവനന്തപുരം: മത്സരപ്പരീക്ഷയെഴുതി പാസായി കുരുന്നുകള്‍ക്കു വിദ്യപകരാന്‍ നിയമനം കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് നീളുന്നു. 15 മാസം പിന്നിട്ടിട്ടും അഞ്ച് ജില്ലകളില്‍ റാങ്ക് ലിസ്റ്റില്‍ നിന്നും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമായില്ല. 2025 മാര്‍ച്ചില്‍ പുറത്തിറങ്ങിയ എല്‍.പി.എസ്.ടി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കാണ് ഈ ദുരവസ്ഥ. ഇതോടെ ഓള്‍ കേരള എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി.
കഴിഞ്ഞ വര്‍ഷം മേയ് 31നാണ് 14 ജില്ലകളിലെയും എല്‍.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റുകള്‍ നിലവില്‍വന്നത്. മെയിന്‍ ലിസ്റ്റിലെ 6,414 പേര്‍ ഉള്‍പ്പെടെ 11,893 പേരെയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ഒഴിവുകളുള്ളതിനാൽ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ 150ലധികം പേരെ കൂടുതലായി ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ നിയമനം മാത്രമുണ്ടായില്ല.
പാലക്കാട്, വയനാട്, കാസർകോട്, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഒരാള്‍ക്ക് പോലും നിയമനമായില്ല. കോട്ടയവും തൃശൂരും തിരുവനന്തപുരവും ഒഴിച്ചാല്‍ മറ്റു ജില്ലകളില്‍ നാമമാത്ര നിയമന ശുപാര്‍ശയാണ് നടന്നിട്ടുള്ളത്. ശുപാര്‍ശ ലഭിച്ചവര്‍ക്ക് തന്നെ ചില ജില്ലകളില്‍ ഇതുവരെ നിയമനം നല്‍കിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
തസ്തിക നിര്‍ണയം, പുനര്‍വിന്യാസം തുടങ്ങിയ സ്ഥിരം പ്രക്രിയകളില്‍ തട്ടിയാണ് എല്‍.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ നിയമനം വൈകുന്നത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.
ഇന്നലെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കല്ലുപ്പിന് മുകളില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. സംസ്ഥാന എല്‍.പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എസ്. വളര്‍മതി, വൈസ് പ്രസിഡന്റ് ബല്‍ക്കീസ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."