ദുബൈ ഖുര്‍ആന്‍ അവാര്‍ഡ്; 33 ലക്ഷം ദിര്‍ഹം സമ്മാനം; 29ാം എഡിഷന്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബൈ: വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയവരെ ആദരിക്കുന്നതിനുള്ള ഏറ്റവും വലിയ ആഗോള അവാര്‍ഡായ ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 15 വരെ അപേക്ഷകള്‍ സ്വീകരിക്കും. അവാര്‍ഡിന്റെ 29ാം പതിപ്പാണിത്. വരാനിരിക്കുന്ന റമദാന്‍ മാസത്തില്‍ ദുബൈയില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ വിജയികളെ ആദരിക്കും.
വിജയികള്‍ക്ക് ഇത്തവണ 33 ലക്ഷം ദിര്‍ഹം (ഏകദേശം 7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി നല്‍കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും മനോഹരമായ ഖുര്‍ആന്‍ ശബ്ദങ്ങളെ കണ്ടെത്തി ആദരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.
പുരുഷ, വനിത, ആഗോള ഖുര്‍ആനിക വ്യക്തിത്വം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍. പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 ദിര്‍ഹം വീതവും ലഭിക്കും.
ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും ശ്രദ്ധേയമായ സേവനംചെയ്ത വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന 'ആഗോള ഖുര്‍ആനിക വ്യക്തിത്വ പുരസ്‌കാരത്തിന്' അര്‍ഹരാകുന്നവര്‍ക്കും 10 ലക്ഷം ദിര്‍ഹമാണ് സമ്മാനം. ഖുര്‍ആനിക പഠനപ്രബോധന രംഗത്തെ സംഭാവനകളും സമൂഹത്തിലെ ഗുണപരമായ സ്വാധീനവും വിലയിരുത്തിയാണ് ഈ ബഹുമതി നല്‍കുക.
മത്സരത്തില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ക്ക് 16 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടായിരിക്കണം. എന്നാല്‍ വനിതാ വിഭാഗം മത്സരങ്ങള്‍ 16 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇരുവിഭാഗങ്ങളിലെയും മത്സരാര്‍ഥികള്‍ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കിയവരും 'തജ്വീദ്' (കൃത്യമായ ഉച്ചാരണത്തോടെ നിയമങ്ങള്‍ പാലിച്ചുള്ള പാരായണം) പൂര്‍ണമായി പാലിക്കുന്നവരുമായിരിക്കണം.
മുന്‍വര്‍ഷങ്ങളില്‍ മത്സരത്തിന്റെ അന്തിമഘട്ടത്തിലെത്തിയവര്‍ക്ക് പങ്കെടുക്കാന്‍ അവസരമില്ല. സ്വന്തം രാജ്യത്തിന്റെ ദേശീയ വേഷം ധരിച്ചായിരിക്കണം മത്സരാര്‍ഥികള്‍ പങ്കെടുക്കേണ്ടത്. യു.എ.ഇയിലെ നിയമങ്ങളും പൊതുമര്യാദകളും പാലിക്കണമെന്നും നിബന്ധനയുണ്ട്.
ഇതുവരെ 123 രാജ്യങ്ങളില്‍ നിന്നായി 7,826 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. 24 വ്യക്തികളെയും മൂന്ന് സ്ഥാപനങ്ങളെയും ഗ്ലോബല്‍ ഖുര്‍ആന്‍ വ്യക്തിത്വ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ പതിപ്പില്‍ ലോകത്തെ 105 രാജ്യങ്ങളില്‍ നിന്നായി 5,618 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 30 ശതമാനവും വനിതകളായിരുന്നു. മത്സരത്തിന്റെ പരിഷ്‌കരിച്ച ഘടനയും ഉയര്‍ന്ന സമ്മാനത്തുകയും ആഗോളതലത്തില്‍ വലിയ സ്വീകാര്യതയാണ് ദുബൈ ഖുര്‍ആന്‍ അവാര്‍ഡിനുള്ളത്.
ഈ വര്‍ഷം രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന മികച്ച മത്സരാര്‍ത്ഥികളുടെ ഒരു സംഘത്തെ ദുബൈയിലെ പ്രധാന പള്ളികളില്‍ തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ക്ഷണിക്കും. ംംം.ൂൗൃമി.ഴീ്.മല എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. വിശുദ്ധ ഖുര്‍ആനിലെ ഏതെങ്കിലും ഭാഗത്തില്‍ നിന്നുള്ള ഖുര്‍ആന്‍ പാരായണത്തിന്റെ മൂന്ന് മിനിറ്റില്‍ കൂടാത്ത വീഡിയോയും സമര്‍പ്പിക്കണം.
English Summary: The 29th edition of the Dubai International Holy Quran Award has been announced, with applications now open until August 15, 2026. His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, announced a total prize pool of 3.3 million Dirhams for this year’s competition, aimed at honoring the world’s most beautiful Quranic voices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."