വസ്ത്രമാലിന്യം കുറയ്ക്കാന്‍ ദേശീയ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; യുഎഇയില്‍ 14 പുതിയ പങ്കാളിത്തങ്ങള്‍
അബുദബി: വസ്ത്രമാലിന്യം കുറയ്ക്കുകയും പുനരുപയോഗം, പുനഃസംസ്‌കരണം എന്നിവ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിടുന്ന യുഎഇയുടെ ദേശീയ ടെക്‌സ്‌റ്റൈല്‍ സര്‍ക്കുലാരിറ്റി പദ്ധതിയായ നസീജ്, ലുലു ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള 14 പ്രമുഖ സ്ഥാപനങ്ങളുമായി തന്ത്രപ്രധാനമായ സഹകരണ കരാറുകളില്‍ ഒപ്പുവച്ചു. രാജ്യത്ത് സര്‍ക്കുലര്‍ ഇക്കോണമി ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ പങ്കാളിത്തങ്ങള്‍.
അബുദബിയിലെ എമിറേറ്റ്‌സ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സാമ്പത്തികടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുടെ സാന്നിധ്യത്തിലായിരുന്നു കരാറുകള്‍ ഒപ്പുവെച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, സാമൂഹിക സംഘടനകള്‍ എന്നിവയെ ഒരുമിപ്പിച്ച് വസ്ത്രശേഖരണം, പുനരുപയോഗം, പുനഃസംസ്‌കരണം, നവീന സാങ്കേതിക വിദ്യകളുടെ വികസനം എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ജൂണില്‍ യാസ് മാളില്‍ സംഘടിപ്പിച്ച 'ഫാബ്രിക് ഓഫ് പോസിബിലിറ്റി' ബോധവത്കരണ പരിപാടിയുടെ വിജയത്തിന് പിന്നാലെയാണ് പദ്ധതിയുടെ അടുത്തഘട്ട വിപുലീകരണം.
പുതിയ പങ്കാളികളില്‍ എ.ഡി.എന്‍.ഒ.സി ഡിസ്ട്രിബ്യൂഷന്‍, അല്‍ദാര്‍, പ്യൂര്‍ഹെല്‍ത്ത്, എം42, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, ഡെലിവറൂ, തലബത്ത്, റീഅപ്പ്, റീബൗണ്ട്, മിനിവിസ്, ഫാബ്രിക്കെയ്ഡ്, ത്രിഫ്റ്റ് ഫോര്‍ ഗുഡ്, കിസ്വ എന്നിവ ഉള്‍പ്പെടുന്നു. വസ്ത്രശേഖരണവും വീണ്ടെടുപ്പ് സംവിധാനങ്ങളും മെച്ചപ്പെടുത്തുക, ഗവേഷണത്തിനും നവീകരണത്തിനും പിന്തുണ നല്‍കുക, പൊതുജനങ്ങളില്‍ ബോധവത്കരണം വര്‍ധിപ്പിക്കുക, സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സര്‍ക്കുലര്‍ ടെക്‌സ്‌റ്റൈല്‍ മേഖലയെ വളര്‍ത്തുന്ന നയരൂപീകരണത്തിന് പിന്തുണ നല്‍കുക എന്നീ നാല് പ്രധാന മേഖലകളിലായിരിക്കും സഹകരണം.
വിവിധ മേഖലകളുടെ കൂട്ടായ സഹകരണത്തിലൂടെയാണ് ദീര്‍ഘകാല ദേശീയ സംരംഭങ്ങള്‍ വിജയകരമാകുന്നതെന്ന് എമിറേറ്റ്‌സ് ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് താലിബ് അല്‍ ഷംസി പറഞ്ഞു.
ആദ്യഘട്ടത്തില്‍ പരീക്ഷണ പദ്ധതികളിലൂടെയാണ് നസീജ് മുന്നോട്ടുപോകുന്നത്. വിജയകരമാകുന്ന പദ്ധതികള്‍ പിന്നീട് രാജ്യവ്യാപകമായി നടപ്പാക്കും. പഴയ വസ്ത്രങ്ങള്‍ തിരിച്ചുവാങ്ങുന്ന റീട്ടെയില്‍ പദ്ധതികള്‍, സ്‌കൂള്‍ യൂണിഫോം റീസൈക്ലിംഗ്, പാര്‍പ്പിട മേഖലകളില്‍ വസ്ത്രശേഖരണം തുടങ്ങിയവ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, വ്യോമയാനം, ലോജിസ്റ്റിക്‌സ്, ആരോഗ്യരംഗം എന്നിവയിലും പുനരുപയോഗം സാധ്യമാക്കുന്ന യൂണിഫോം സംവിധാനങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
English Summary: The UAE's National Initiative for Textile Circularity, Naseej, has expanded its sustainability efforts by signing strategic partnerships with 14 leading organisations, including LuLu Group. The initiative aims to strengthen textile collection, reuse, recycling, and innovation while promoting a circular economy across the UAE. With these new agreements, Naseej's network has grown to more than 35 public, private, academic, and community partners.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."