തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം
കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മിക്കുന്ന മീനാക്ഷിമലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെയും നാട്ടുകാരുടെയും വാദം തള്ളി കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് പ്രതിനിധി. പദ്ധതി പ്രദേശത്ത് സംഭവിച്ചത് പ്രകൃതി ദുരന്തമാണെന്നും ഇതില്‍ കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇത് ആദ്യമായാണ് വിഷയത്തില്‍ കെ.ആര്‍.സി.എല്‍ അധികൃതര്‍ പ്രതികരിക്കുന്നത്.
നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് കൂട്ടിയിട്ടതല്ല ദുരന്തത്തിന് കാരണമെന്ന് ഇവര്‍ വിശദമാക്കുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായത് പദ്ധതി പ്രദേശത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ചതിന്റെ 12 മീറ്റര്‍ മുകള്‍ഭാഗത്തുനിന്നാണ്. ഫോറസ്റ്റിന്റെ ഭൂമിയാണ് അത്. അവിടെ കമ്പനിക്ക് ഒന്നും ചെയ്യാന്‍ അവകാശമില്ലെന്നും പ്രതിനിധി വിശദീകരിച്ചു. എന്നാല്‍, സ്ഥലത്തെ മണ്‍കൂനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയില്ല.
മണ്ണിടിച്ചിലില്‍ കാണാതായ അഞ്ചുപേര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാവിലെ 11:15-ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്ക് പൂര്‍ണമായി പ്രവേശനം നിരോധിച്ചിരിക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.
അപകടസാധ്യത നേരത്തേ ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥസംഘം
കല്‍പ്പറ്റ: മേപ്പാടിയിലെ തുരങ്കപാതാ പദ്ധതി പ്രദേശത്തെ അപകട സാധ്യത ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശങ്ങളും മുഖവിലയ്‌ക്കെടുത്തില്ല. പൊതുമരാമത്ത വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി അദീല അബ്ദുല്ല, അഡിഷനല്‍ സെക്രട്ടറി വിനോദ്, ചീഫ് എന്‍ജിനീയര്‍ അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ 25ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നല്‍കിയ നിര്‍ദേശങ്ങളാണ് അവഗണിക്കപ്പെട്ടത്.
ഇവിടെ കൂട്ടിയിട്ട മണ്ണ് അപകട ഭീഷണിയുയര്‍ത്തുന്നതിനാല്‍ ഇതിന്റെ ഉയരം കുറയ്ക്കാനുള്ള നടപടികള്‍ വിദഗ്ധരുടെ അഭിപ്രായം തേടി സ്വീകരിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശന സമയത്തെ തല്‍സ്ഥിതി തുടരുകയല്ലാതെ മറ്റു നടപടികള്‍ ഉണ്ടായില്ല. കൂട്ടിയിട്ട മണ്ണുകാരണം കനത്ത മഴയില്‍ അപകടമുണ്ടാകാനുള്ള സാധ്യത തടയാനുള്ള എല്ലാ മുന്‍കരുതലുകളും എടുക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല.
പദ്ധതി പ്രദേശത്തെ മണ്ണ് താല്‍ക്കാലികമായി സൂക്ഷിക്കാന്‍ സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥലമോ സ്വകാര്യ ഭൂമിയോ കണ്ടെത്തി നല്‍കാന്‍ വയനാട് ജില്ലാ ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിരുന്നു. സ്ഥലപരിമിതി സംബന്ധിച്ച് കരാര്‍ കമ്പനിയായ കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഏകദേശം ഒരു ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് സൂക്ഷിക്കാനാവശ്യമായ സ്ഥലം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതിലും തുടര്‍നടപടികളുണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പ്രദേശത്ത് ദിവസവും മഴയുടെ അളവ് നിരീക്ഷിക്കാന്‍ കരാര്‍ കമ്പനിക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കില്‍ പദ്ധതി പ്രദേശത്തിന് സമീപത്തെ മീനാക്ഷി പാലത്തിന് അടുത്തായി കഴിയുന്ന കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ നടപടി വേണമെന്ന നിര്‍ദേശവും നടപ്പായിട്ടില്ല. ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ പാലത്തിന് സമീപത്തെ വീടും നിസ്‌കാരപള്ളിയും തകര്‍ന്നിരുന്നു.
krcl stated that the tunnel landslide was caused by a natural disaster and said the company could not have prevented the incident, denying allegations of negligence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."